മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാളയത്തിൽ നീക്കം; മന്ത്രിസഭയിലെ തർക്കങ്ങൾക്കുപിന്നിൽ ആസൂത്രിത നീക്കമോ?
text_fieldsതിരുവനന്തപുരം: മന്ത്രിസഭ യോഗത്തിലെ അസാധാരണ തർക്കങ്ങൾ നിയമനങ്ങളെച്ചൊല്ലിയുള്ള ഭിന്നതകൾക്കപ്പുറം മുഖ്യമന്ത്രിയെ ഉന്നമിട്ട് സ്വന്തം പാളയത്തിലെ ആസൂത്രിത നീക്കങ്ങളിലേക്ക് കൂടി വിരൽചൂണ്ടുന്നു. ഒക്ടോബറിൽ പുകഞ്ഞുതുടങ്ങിയ അതൃപ്തി, പിന്നാലെ വൈദ്യുതി കരാറുകളുടെ പേരിൽ കത്തിത്തുടങ്ങുകയും നവംബർ പകുതിയോടെ കലഹരൂപത്തിലേക്ക് വഴിമാറുകയുമായിരുന്നു.
മുഖ്യമന്ത്രി ആരുമായും കൂടിയാലോചിക്കുന്നില്ലെന്ന പ്രതീതി സൃഷ്ടിക്കാനുള്ള കെ.സി പക്ഷത്തിന്‍റെ ശ്രമങ്ങളാണ് ഇതിനുപിന്നിലെന്നാണ് സംശയം ഉയരുന്നത്. പറഞ്ഞവസാനിപ്പിച്ച കാര്യങ്ങളിൽ പോലും മന്ത്രിമാർ അതൃപ്തി പരസ്യപ്പെടുത്തുംവിധം പരാമർശങ്ങൾ ആവർത്തിക്കുന്നതും മന്ത്രിസഭയിലെ ചർച്ചകൾ അതേപടി ചോരുന്നതുമടക്കം ബോധപൂർവമാണെന്നതിനും തെളിവുകളും നിരവധി.
മന്ത്രിസഭ ആറുമാസം തികയുന്ന ഘട്ടത്തിലെ നിർണായക യോഗത്തിലാണ് ഇതെല്ലാമുണ്ടായത്. ‘‘വേറെ കുറെ പേർ പ്രതിപക്ഷ നേതാവിന്റെ പണി ചെയ്യുന്നതുകൊണ്ട് ഒറിജിനൽ പ്രതിപക്ഷ നേതാവിനെ ആരും മൈൻഡ് ചെയ്യുന്നില്ല’’ എന്ന് കെ. മുരളീധരൻ തുറന്നടിച്ചത് പാർട്ടിയിൽ മുഖ്യമന്ത്രിക്കെതിതായ നീക്കങ്ങളെ ഉന്നമിട്ടാണെന്നതും ശ്രദ്ധേയം.
മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ മന്ത്രിസഭയിൽ പൊട്ടിത്തെറി എന്ന പ്രതീതി സൃഷ്ടിക്കാനുള്ള ഒരുവിഭാഗത്തിന്റെ ശ്രമങ്ങളാകട്ടെ, അതേ നാണയത്തിൽ തിരിച്ചടി നേരിട്ടതാണ് സംഭവബഹുലമായ മന്ത്രിസഭാ യോഗത്തിന്റെ രണ്ടാം ദിവസം കണ്ടത്. ‘‘ചിലരോടു മാത്രം സംസാരിച്ച് തീരുമാനമെടുക്കുന്ന രീതി ശരിയല്ല’’ എന്ന് എ.പി. അനിൽകുമാർ മന്ത്രിസഭ യോഗത്തിൽ നടത്തിയ പരാമർശം, മുസ്‌ലിം ലീഗിനെ മുന്നിൽ നിർത്തി മുഖ്യമന്ത്രി സ്വന്തം അധികാരം ഉറപ്പിക്കുന്നുവെന്ന കെ.സി പക്ഷ ആക്ഷേപത്തിന്റെ പ്രതിഫലനമായിരുന്നു. ഇതിൽ അതൃപ്തി രേഖപ്പെടുത്തി പി.കെ. കുഞ്ഞാലിക്കുട്ടി, ‘‘അത്തരം സംസാരങ്ങളിലേക്ക് പോകേണ്ടെന്നും ലീഗിനോടുള്ള പല സമീപനങ്ങളും എല്ലാവർക്കും ബോധ്യമുള്ളതാണെന്നും’’ തിരിച്ചടിച്ചു. ഇൻഡ്യ സഖ്യ സമരത്തിൽ പോലും ലീഗിനോട് സ്വീകരിച്ച സമീപനം കുഞ്ഞാലിക്കുട്ടി പരോക്ഷമായി ഓർമിപ്പിക്കുകയും അതിനുപിന്നിൽ കെ.സി. വേണുഗോപാലാണെന്ന ധ്വനി നൽകുകയും ചെയ്തു.
ഇതും ഒപ്പം കെ.സി. പക്ഷക്കാരായ മന്ത്രിമാരുടെ സതീശനെതിരായ നിലപാടുകളും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലുകളുമടക്കം 2026 മേയിലെ മുഖ്യമന്ത്രി നിർണയ ചർച്ചകളുടെ നാൾവഴികളിലേക്കാണ് വരവുവെക്കപ്പെടുന്നത്. മറുഭാഗത്ത്, തനിക്കെതിരായ ആരോപണങ്ങളെ ജനാധിപത്യപരമായ തുറന്ന ചർച്ചയായി പുനർനിർവചിക്കാനുള്ള തന്ത്രപരമായ ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി.
മുഖ്യമന്ത്രി കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുക്കുന്നുവെന്ന പരാതികൾ ഇത്ര രൂക്ഷമാകാൻ പ്രധാന കാരണം അധികാരമേറ്റ് ആറുമാസം പിന്നിട്ടിട്ടും മുഴുവൻസമയ കെ.പി.സി.സി അധ്യക്ഷനെ നിശ്ചയിക്കാൻ കഴിയാത്ത കേന്ദ്ര നേതൃത്വത്തിന്റെ അലംഭാവമാണ്. ഇത് പാർട്ടി-ഭരണ ഏകോപന സംവിധാനങ്ങളെ നിർജീവമാക്കുകയും ആ ശൂന്യത മുഖ്യമന്ത്രിക്കെതിരെ പാർട്ടിക്കുള്ളിലെ ആരോപണങ്ങൾക്ക് കരുത്ത് പകരുകയുമാണെന്ന് സതീശൻ പക്ഷം വിലയിരുത്തുന്നു.

