മുഖ്യമന്ത്രി ചർച്ച: പിന്തുണ സതീശനെന്ന സൂചന നൽകി ലീഗ്
text_fieldsമലപ്പുറം: രണ്ടു നാൾക്കപ്പുറം ജനവിധി പുറത്തുവരാനിരിക്കെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയുടെ പിന്തുണ വി.ഡി. സതീശനാണെന്ന സൂചന നൽകി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തേ മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണക്കുമെന്ന കാര്യത്തിൽ ലീഗ് നിലപാട് വെളിപ്പെടുത്തിയിരുന്നില്ല. വോട്ടെടുപ്പിന് പിന്നാലെ കോൺഗ്രസിൽ മുഖ‍്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങളിലും വടംവലികളിലും ലീഗ് അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മേയ് നാലിന് മുമ്പ് അത്തരം തർക്കങ്ങളിലേക്ക് പോകരുതെന്ന മുന്നറിയിപ്പും ലീഗ് നേതൃത്വം കോൺഗ്രസിനെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. ഇതുകൂടി കണക്കിലെടുത്താണ് സതീശനുള്ള പിന്തുണ ലീഗ് പരസ്യപ്പെടുത്തിയത്. ഏപ്രിൽ 25ന് കോഴിക്കോട്ട് ചേർന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിലും സതീശന് അനുകൂലമായിട്ടായിരുന്നു ഭാരവാഹികൾ പ്രതികരിച്ചത്.
എക്‌സിറ്റ് പോളുകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന് ലഭിച്ച പിന്തുണ ജനവികാരമാണെന്നാണ് സാദിഖലി തങ്ങൾ പാണക്കാട്ട് മാധ‍്യമങ്ങളോട് പറഞ്ഞത്. ആളുകളുടെ അഭിപ്രായം അത് തന്നെയാണെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘‘യു.ഡി.എഫ് ജനവികാരം പരിഗണിച്ചുതന്നെയായിരിക്കും തീരുമാനമെടുക്കുക. മുഖ്യമന്ത്രി സ്ഥാനത്തേക്കും ജനവികാരം പരിഗണിക്കും. മുഖ്യമന്ത്രി സ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈകമാൻഡാണ്. ജനവികാരം മാനിച്ചായിരിക്കും ആ തീരുമാനം. അവരും കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണല്ലോ’’ -സാദിഖലി തങ്ങൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന എക്സിറ്റ് പോൾ സർവേ റിപ്പോർട്ടുകളിൽ യു.ഡി.എഫിന് വലിയ മാർജിൻ പ്രവചിക്കപ്പെടാത്തതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തില്ലാത്ത ഒരാളെ കോൺഗ്രസ് കൊണ്ടുവരാനുള്ള സാധ്യതയും ലീഗ് മുന്നിൽ കാണുന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ പിന്തുണ സതീശനാണ് എന്ന ലീഗ് നേതൃത്വത്തിന്‍റെ പരസ്യ പ്രതികരണം കോൺഗ്രസിനുള്ള മുന്നറിയിപ്പായി വിലയിരുത്തപ്പെടുന്നു. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ-തദ്ദേശ തെരഞ്ഞെടുപ്പുകളിലും യു.ഡി.എഫ് മികച്ച വിജയം നേടിയത് വി.ഡി. സതീശന്‍റെ നേതൃത്വത്തിലാണെന്നും അതുകൊണ്ട് മുഖ‍്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ അദ്ദേഹം തന്നെയാണെന്നും ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഭാരവാഹികളും സെക്രട്ടേറിയറ്റ് അംഗങ്ങളും നിലപാടെടുത്തിരുന്നു. ആ നിലപാടിനൊപ്പം തന്നെയായിരുന്നു നേതൃത്വവും. വെള്ളാപ്പള്ളി നടേശന്‍റെ മുസ്ലിംവിരുദ്ധ വിദ്വേഷ പരാമർശങ്ങളെ ശക്തമായി വിമർശിച്ച നേതാവ് എന്നതും ലീഗിന്‍റെ ഗുഡ് ലിസ്റ്റിൽ സതീശൻ ഇടം നേടാൻ കാരണമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

