മുഖ്യമന്ത്രിയെ തിരയുന്നവരോട്; അദ്ദേഹം ഇവിടെയുണ്ട്
text_fieldsകണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് മുഖ്യമന്ത്രിയുടെ അഭാവം പ്രതിപക്ഷം ചർച്ചയാക്കുേമ്പാൾ സ്വന്തം നാട്ടിൽ പാർട്ടിയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ അദ്ദേഹം നേരിട്ടെത്തി. എട്ടു മാസത്തെ ഇടവേളക്കു ശേഷം കണ്ണൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച മുഴുവൻ സമയവും ചെലവഴിച്ചത് പിണറായിയിലും പരിസരങ്ങളിലും തന്നെ. തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളൊന്നും മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നില്ല. എന്നാൽ സി.പി.എം പിണറായി, ധർമടം പഞ്ചായത്ത് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
പ്രാദേശിക നേതാക്കൾക്കൊപ്പമിരുന്ന് തെരഞ്ഞെടുപ്പ് ഒരുക്കത്തിെൻറ പുരോഗതി വിലയിരുത്തി. ഈയിടെ ഉദ്ഘാടനം ചെയ്ത പിണറായി കൺവെൻഷൻ സെൻററിലായിരുന്നു സി.പി.എം പിണറായി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം. രാവിലെ 10 ഒാടെ യോഗത്തിനെത്തിയ മുഖ്യമന്ത്രി രണ്ടു മണിക്കൂേറാളം അവിടെയുണ്ടായിരുന്നു. വീടിന് അടുത്തുതന്നെയുള്ള പാറപ്രം-മേലൂർ കടവ് അപ്രോച്ച് റോഡിെൻറ നിർമാണ പുരോഗതി കണ്ട് വിലയിരുത്തിയ ശേഷം വീട്ടിലേക്ക് മടങ്ങി. ഉച്ച ഭക്ഷണത്തിനു ശേഷം ധർമടം ബ്രണ്ണൻ കോളജിൽ നിർമാണം പൂർത്തിയാകുന്ന സിന്തറ്റിക് ട്രാക്ക് കണാനുമെത്തി.
ശേഷം സമീപത്തു തന്നെയുള്ള അസാപ് സ്കിൽ സെൻററും സന്ദർശിച്ചു. രണ്ടിടത്തും ഉദ്യോഗസ്ഥരുമായി അൽപനേരം ചർച്ച. ശേഷം ചിറക്കുനി ബാങ്ക് ഹാളിൽ സി.പി.എം ധർമടം പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി േയാഗത്തിനെത്തി.
മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഒരിടത്തും ജനക്കൂട്ടമുണ്ടായിരുന്നില്ല. കോവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടാകരുതെന്ന കർശന നിബന്ധന നേരത്തേ സംഘാടകർക്ക് ലഭിച്ചിരുന്നു. സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങിയ മുഖ്യമന്ത്രി കണ്ണൂർ പന്നിയൂരിലെ പാർട്ടി ഓഫിസ് ഉദ്ഘാടന പരിപാടിയിൽ ഓൺലൈൻ വഴി പങ്കെടുത്തു.
മൂന്നാം ഘട്ടത്തിൽ ഡിസംബർ 14നാണ് കണ്ണൂരിൽ വോട്ടെടുപ്പ്. അന്ന് പിണറായിയിൽ വോട്ടുരേഖപ്പെടുത്തിയ ശേഷമാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങുക. അതുവരെയുള്ള ദിവസങ്ങളിൽ വലിയ പ്രചാരണ പരിപാടികളൊന്നും മുഖ്യമന്ത്രിക്ക് ഇല്ല. സ്വന്തം മണ്ഡലത്തിലെ പഞ്ചായത്തുതല തെരഞ്ഞെടുപ്പ് അവലോകന യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


