വിഴിഞ്ഞം തുറമുഖ കാര്യത്തിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്ക് എന്താണ് താൽപര്യമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കാര്യത്തിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്ക് എന്താണ് ഇത്ര താൽപര്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഴിഞ്ഞം തുറമുഖ എം.ഡിയെ മാത്രമല്ല, പലരെയും പല സ്ഥാനങ്ങളിൽനിന്നും മാറ്റിയിട്ടുണ്ട്. എന്നാൽ, വിഴിഞ്ഞം എം.ഡിയെ മാറ്റിയതിൽ വാർത്തസമ്മേളനങ്ങളിലും അല്ലാതെയും കണ്ണൂർ ജില്ല സെക്രട്ടറി പല ആക്ഷേപങ്ങളും ഉന്നയിക്കുന്നത് കേട്ടു. തന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കരുത്-സതീശൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ എം.ഡിയായിരുന്ന ദിവ്യ എസ്. അയ്യർ അദാനി കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നെന്നും അതിനാൽ അവരെ മാറ്റാൻ കമ്പനി ആവശ്യപ്പെട്ടെന്നും പിണറായി സർക്കാർ അതിന് തയാറായില്ലെന്നും സതീശൻ അധികാരമേറ്റതോടെ ദിവ്യയെ മാറ്റിയെന്നുമാണ് ആക്ഷേപം. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് ക്ഷുഭിതനായാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വിഴിഞ്ഞം തുറമുഖ ചുമതലകളിൽനിന്ന് ദിവ്യ എസ്. അയ്യരെ മാത്രമല്ല മാറ്റിയതെന്നും അവരെ മാത്രം മാറ്റിയാൽ എന്താണ് പ്രശ്നമെന്നും മുഖ്യമന്ത്രി ചോദിച്ചു. അവർ അദാനിക്ക് നോട്ടീസ് നൽകിയോ എന്ന് തനിക്കറിയില്ല. സർക്കാർ എച്ച്.ഒ.ഡിമാർ ആർക്കൊക്കെ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് താൻ അന്വേഷിക്കേണ്ടതില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
മറുപടിയുമായി രാഗേഷ്
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിക്ക് വിഴിഞ്ഞത്ത് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിന് മറുപടിയുമായി കെ.കെ. രാഗേഷ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വിൽപന കാര്യത്തിൽ കണ്ണൂർ ജില്ല സെക്രട്ടറിക്ക് മാത്രമല്ല, ഓരോ മലയാളിക്കും താൽപര്യമുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ പൊതുമുതൽ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയുടെ താൽപര്യം തനിക്കുണ്ടെന്നും അക്കാര്യം ചോദിക്കുമ്പോൾ അസഹിഷ്ണുത എന്തിനെന്നും വിഴിഞ്ഞത്തോടുള്ള മുഖ്യമന്ത്രിയുടെ അമിത താൽപര്യം എന്തിനെന്നും രാഗേഷ് ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

