ആശുപത്രികളും ലാബുകളും ഇനി സർക്കാർ നിയന്ത്രണത്തിൽ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളെയും പരിശോധന ലബോറട്ടറികളെയും നിയന്ത്രിക്കാനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് (രജിസ്ട്രേഷനും നിയന്ത്രണവും) ബില്‍ നിയമസഭ െഎകകണ്ഠ്യേന പാസാക്കി. കേന്ദ്രസര്‍ക്കാര്‍ 2010ല്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് ബില്ലിെൻറ ചുവടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാറും നിയമം കൊണ്ടുവന്നത്. വരുന്ന ജൂണിനുള്ളില്‍ ബില്ലിന് ആവശ്യമായ ചട്ടങ്ങള്‍ രൂപവത്കരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ സഭയെ അറിയിച്ചു. സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളെ നിയന്ത്രണത്തില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താനും നിയമം ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.
ഓരോ സ്ഥാപനവും നൽകുന്ന സേവനങ്ങളും അവക്ക് ഈടാക്കുന്ന നിരക്കും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്നതാണ് ബില്ലിലെ വ്യവസ്ഥകളില്‍ പ്രധാനം. നിരക്ക് ആരോഗ്യസ്ഥാപനങ്ങള്തന്നെയാണ് നിശ്ചയിക്കുക. അതിനാല്‍ത്തന്നെ കേന്ദ്രബില്‍ നിര്ദേശിക്കുന്നതരത്തില് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണം ഉണ്ടാകില്ല. ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് സംസ്ഥാന കൗണ്‍സിലില്‍ രജിസ്ട്രേഷന് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല. 2017 ആഗസ്റ്റ് 10ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സബ്ജക്ട് കമ്മിറ്റി വിലയിരുത്തലിനും പൊതുജനങ്ങളില്‍നിന്നുള്ള അഭിപ്രായരൂപവത്കരണത്തിനും ശേഷമാണ് വ്യാഴാഴ്ച സഭ പരിഗണിച്ചത്. 302 നിര്‍ദേശങ്ങളും ആയിരത്തിലധികം ഭേദഗതികളും വന്നിരുന്നു.
ബില്‍ സ്വീകാര്യമാണെങ്കിലും രോഗികള്‍ക്ക് അധിക ബാധ്യതയാവരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗ്രാമീണമേഖലയിലെ ചെറുകിട ആശുപത്രികള്‍ക്ക് പരിക്കേല്‍ക്കാതെ നോക്കണം. രജിസ്ട്രേഷന് ഏകജാലക സംവിധാനം കൊണ്ടുവരണമെന്നും വ്യാജ ചികിത്സകരെ തടയാൻ സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളടക്കമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ സൗകര്യം ഉയര്‍ത്താന്‍ ആരോഗ്യവകുപ്പിനുള്ള ബജറ്റ് വിഹിതം അഞ്ചുശതമാനമായി ഉയര്‍ത്തണമെന്ന് വി.എസ്. ശിവകുമാര്‍ ബിൽ ചർച്ചയിൽ നിര്‍ദേശിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സി. മമ്മൂട്ടി, ടി.വി. രാജേഷ് തുടങ്ങിയവരും സംസാരിച്ചു.
ബില്ലിലെ പ്രധാന നിർദേശങ്ങള്‍
തിരുവനന്തപുരം: അലോപ്പതി, ആയുര്‍വേദം, ഹോമിയോ തുടങ്ങി എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലുംപെട്ട സ്ഥാപനങ്ങള്‍ ബില്ലിെൻറ പരിധിയില്‍ വരും. ലബോറട്ടറിയുടെയോ മെഡിക്കല്‍ ഉപകരണങ്ങളുടെയോ സഹായത്തോടെ പത്തോളജി, ബാക്ടീരിയ, ജനിതക, റേഡിയേഷന്, കെമിക്കല്‍ ബയോളജിക്കല്‍ രോഗനിര്‍ണയം നടത്തുന്ന സ്ഥാപനങ്ങളും ബിൽ പരിധിയില്‍ വരും.
കണ്സള്ട്ടേഷന് സേവനങ്ങള്‍ മാത്രം നൽകുന്ന സ്ഥാപനങ്ങളെയും പ്രതിരോധവകുപ്പിന് കീഴിലെ സ്ഥാപനങ്ങളെയും നിയമപരിധിയില്‍നിന്ന് ഒഴിവാക്കി. ചട്ടം വിജ്ഞാപനം ചെയ്തുകഴിഞ്ഞ് രണ്ടുവര്‍ഷത്തിനകം സ്ഥാപനങ്ങളുടെ മാനദണ്ഡം നിശ്ചയിക്കും. ചട്ടം പുറത്തിറങ്ങിയാലുടന്‍ താൽക്കാലിക രജിസ്ട്രേഷനും രണ്ടുവര്‍ഷത്തിനകം സ്ഥിര രജിസ്ട്രേഷനും സ്ഥാപനങ്ങള്‍ കൗണ്‍സിലില്‍ അപേക്ഷ നൽകണം. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിലാണ് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് സംസ്ഥാന കൗണ്‍സില്‍ രൂപവത്കരിക്കുക. ആധുനിക വൈദ്യം, പാരമ്പര്യവൈദ്യം, നഴ്സിങ്, ക്ഷേമസംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ കൗണ്‍സിലില്‍ അംഗങ്ങളായിരിക്കും. സ്ഥാപനങ്ങളെ കിടക്കകളുടെ എണ്ണം, നൽകുന്ന സേവനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കും.
രജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങള്‍ നിശ്ചിത നിലവാരം പാലിക്കുന്നുവെന്നുറപ്പാക്കാന്‍ നിരന്തര പരിശോധന. പൊതുജനങ്ങള്‍ക്ക് പരാതി നൽകാന് പ്രത്യേക സൗകര്യം. പരാതി ശരിയെന്ന് ബോധ്യപ്പെട്ടാല്‍ രജിസ്ട്രേഷന് റദ്ദാക്കാന്‍ കൗണ്‍സിലിന് അധികാരം. ക്ലിനിക്കല്‍, പാരാമെഡിക്കല്‍ ജീവനക്കാരുടെ യോഗ്യത നിശ്ചയിക്കും. അതേസമയം നിലവിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാന്‍ നിശ്ചിത യോഗ്യതനേടാന്‍ അവസരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
