ഗൂഢാലോചനക്ക് വ്യക്തമായ തെളിവ്: വാർത്തസമ്മേളനത്തിനിടെ ‘ഉന്നതന്റെ’ ഫോൺവിളി
text_fieldsതിരുവനന്തപുരം: ഡോ. ഹാരിസിനെ കുരുക്കാൻ സജീവമായി തുടരുന്ന ഗൂഢാലോചനയുടെ ഭാഗമായിരുന്നു നാടകീയ വാർത്തസമ്മേളനമെന്ന് അടിവരയിട്ട് ഉന്നതനായ അജ്ഞാതന്റെ ഫോൺവിളി. ഹാരിസിനെതിരെ പ്രിൻസിപ്പൽ ഡോ. ജബ്ബാറിന്റെയും സൂപ്രണ്ട് സുനിൽകുമാറിന്റെയും വാർത്തസമ്മേളനം തുടരുന്നതിനിടെയാണ് സൂപ്രണ്ടിന്റെ ഫോണിൽ ഉന്നതന്റെ വിളിയെത്തിയത്. വാ പൊത്തി സംസാരിച്ച് തുടങ്ങിയ സൂപ്രണ്ട്, ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പേ ‘‘സാറേ ആ എൻക്വയറി റിപ്പോർട്ട് പൂർണമായും വായിക്കാൻ... (പറയുന്നു)’’ എന്ന് പ്രിൻസിപ്പലിനോട് ആവശ്യപ്പെടുന്നു. അപ്പോഴും ഫോണിന്റെ മറുതലയ്ക്കൽ സംസാരം തുടരുന്നതും അവ്യക്തമായി കേൾക്കാം. പിന്നാലെ പ്രിൻസിപ്പൽ റിപ്പോർട്ട് വായിക്കുകയും ചെയ്യുന്നു. വാർത്തസമ്മേളനം പുറത്തിരുന്ന് ആരോ നിയന്ത്രിക്കുകയും നിർദേശം നൽകുകയും ചെയ്തിരുന്നുവെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. അന്വേഷണ റിപ്പോർട്ട് പൂർണമായും വായിച്ച് ഹാരിസിനെ സംശയനിഴലിൽ നിർത്തണമെന്നതാണ് ഉന്നതന്റെ താൽപര്യം. ആരാണ് ആ ഉന്നതൻ എന്നാണ് ഇനി അറിയാനുള്ളത്.
ഗൂഢാലോചന -പ്രതിപക്ഷനേതാവ്
തൃശൂർ: തിരുവനന്തപുരം മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ തുറന്നുപറഞ്ഞ ഡോ. ഹാരിസിനെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ വേട്ടയാടുന്നത് ഉത്തർപ്രദേശിൽ കഫീല്‍ ഖാനെ ബി.ജെ.പി വേട്ടയാടിയതിനേക്കാള്‍ ക്രൂരമായാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
ആരോഗ്യരംഗം എന്താണെന്ന് സത്യസന്ധമായി വെളിപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തുകയാണ്. ശസ്ത്രക്രിയ ഉപകരണം കാണാതെ പോയെന്ന് കള്ളം പറഞ്ഞ് മോഷണക്കുറ്റം ചുമത്താന്‍ ശ്രമിച്ചു. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കാണാതെപോയ ഉപകരണം കണ്ടെത്തി. അതിന് പിന്നാലെയാണ് കേരളം ആദരിക്കുന്ന ഡോക്ടറെ അപകീര്‍ത്തിപ്പെടുത്തുന്നതിന് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും ചേര്‍ന്ന് വാർത്തസമ്മേളനം നടത്തിയതെന്നും സതീശൻ പറഞ്ഞു.
ഹാരിസിനെ സംശയനിഴലിലാക്കിയ കണ്ടെത്തലിൽ വഴിത്തിരിവ്; വിശദീകരണവുമായി സ്ഥാപന ഉടമ
തിരുവനന്തപുരം: ഡോ. ഹാരിസ് ചിറക്കലിനെ സംശയനിഴലിൽ നിര്‍ത്തിയ കണ്ടെത്തലില്‍ വഴിത്തിരിവ്. ഡോ. ഹാരിസിന്റെ മുറിയിൽനിന്ന് കണ്ടെടുത്തത് നെഫ്രോസ്കോപ്പ് എന്ന ഉപകരണം നന്നാക്കുന്നതിനായി പരിശോധിച്ചതിന്റെ ഡെലിവറി ചെലാൻ ആണെന്ന് മെഡിക്കൽ ഉപകരണങ്ങൾ നന്നാക്കുന്ന കൊച്ചിയിലെ സ്ഥാപനം വ്യക്തമാക്കി. കാണാതായ ഉപകരണത്തിന് പകരം പുതിയത് വാങ്ങിയതിന്റെ ബിൽ അല്ലെന്നും കമ്പനി വ്യക്തമാക്കി. ഡോ. ഹാരിസിനെതിരെ അധികൃതര്‍ ഉയര്‍ത്തിയ ആരോപണങ്ങളാണ് ഇതോടെ പൊളിഞ്ഞത്.
ഡെലിവറി ചെലാനിൽ നെഫ്രോസ്കോപ്പ് എന്ന് എഴുതുന്നതിന് പകരം മോസിലോസ്കോപ്പ് എന്ന് എഴുതുകയായിരുന്നുവെന്നും സര്‍വീസ് എൻജിനീയർക്ക് പറ്റിയ പിഴവാണിതെന്നും സ്ഥാപന ഉടമ ഒരു വാർത്താചാനലിനോട് പറഞ്ഞു. നെഫ്രോസ്കോപ്പ് നന്നാക്കാൻ സാധിക്കുന്നതല്ല. അതിനാൽ തന്നെ തിരുവനന്തപുരത്തുനിന്ന് ഉപകരണം കൊച്ചിയിലേക്ക് കൊണ്ടുവന്നിട്ടില്ല. എൻജിനീയര്‍ തിരുവനന്തപുരത്ത് തന്നെ നെഫ്രോസ്കോപ്പ് പരിശോധിച്ചു.
നന്നാക്കാൻ സാധിക്കില്ലെന്ന് അപ്പോള്‍ തന്നെ അറിയിച്ചു. പരിശോധന നടത്തിയതിന്റെ ഡെലിവറി ചെലാൻ ആണ് എൻജിനീയര്‍ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

