Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടിയിറങ്ങുന്നു പാഴ് വസ്തു; ക്ലീനാകുന്നു കേരളം!

text_fields
bookmark_border
ക്ലീൻ കേരള കമ്പനി ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ ശേഖരിച്ചത് 37,545.4 മെട്രിക് ടൺ പാഴ് വസ്തു
പടിയിറങ്ങുന്നു പാഴ് വസ്തു; ക്ലീനാകുന്നു കേരളം!
cancel

കൊച്ചി: സംസ്ഥാനത്ത് പാഴ് വസ്തു ശേഖരണത്തിലും നിർമാർജനത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് വൻ മുന്നേറ്റം. തദ്ദേശ വകുപ്പിന് കീഴിലെ ക്ലീൻ കേരള കമ്പനി ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ സംസ്ഥാനത്തുനിന്ന് ശേഖരിച്ചത് 37,545.4 മെട്രിക് ടൺ പാഴ് വസ്തുവാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 31,605.1 മെട്രിക് ടണ്ണായിരുന്നു. 18.8 ശതമാനം വർധന.

അഞ്ചു മാസത്തിനിടെ ആകെ ശേഖരിച്ച പാഴ് വസ്തുവിൽ ചെരിപ്പും ബാഗും തെർമോകോളും ഉപയോഗശൂന്യമായ വസ്ത്രങ്ങളും ഉൾപ്പെടെ 29,543.65 മെട്രിക് ടണ്ണും നിഷ്ക്രിയ മാലിന്യമാണ്. കഴിഞ്ഞ വർഷം സമാന കാലയളവിനെ അപേക്ഷിച്ച് 4816.55 മെട്രിക് ടണ്ണിന്‍റെ വർധനവാണ് ഇത്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ പാഴ് വസ്തുക്കൾ തരംതിരിച്ച് സൂക്ഷിക്കുന്ന മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി (എം.സി.എഫ്)കളിൽനിന്ന് മാത്രം 20227.82 മെട്രിക് ടൺ നിഷ്ക്രിയ മാലിന്യം ശേഖരിച്ചു.

പഴന്തുണി 462.7 മെട്രിക് ടണ്ണും ചെരിപ്പ്, ബാഗ്, തെർമോകോൾ എന്നിവ 1558.5 മെട്രിക് ടണ്ണും ശേഖരിച്ചിട്ടുണ്ട്. 2025 ഏപ്രിൽ-ആഗസ്റ്റിനെ അപേക്ഷിച്ച് യഥാക്രമം 66.33ഉം 56.2ഉം ശതമാനമാണ് ഇത്തരം പാഴ് വസ്തുക്കളിലുണ്ടായ വർധന. അതേസമയം, കുമിഞ്ഞുകൂടിയ പഴയ ഖരമാലിന്യത്തിന്‍റെ അളവിൽ 882.61 ടണ്ണിന്‍റെ കുറവ് രേഖപ്പെടുത്തിയതായി ക്ലീൻ കേരള കമ്പനിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തരംതിരിച്ച പാഴ് വസ്തു ശേഖരിക്കുന്നതിലും വലിയ വർധനയുണ്ടായി. 6878.02 മെട്രിക് ടണ്ണായിരുന്നത് 8383.76 മെട്രിക് ടണ്ണായി. 21.89 ശതമാനമാണ് വർധന. ഇതിൽ 4880.74 മെട്രിക് ടൺ തരംതിരിച്ച പ്ലാസ്റ്റിക് പാഴ് വസ്തു, 164.24 മെട്രിക് ടൺ ഇലക്ട്രോണിക് മാലിന്യം, 5.92 മെട്രിക് ടൺ അപകടകരമായ മാലിന്യം, 145.39 മെട്രിക് ടൺ ഒഴിഞ്ഞ ബിവറേജസ് കുപ്പികൾ, 1243.85 മെട്രിക് ടൺ ചില്ല് മാലിന്യം, 23.42 മെട്രിക് ടൺ പഴന്തുണി എന്നിവ ഉൾപ്പെടുന്നു.

പാഴ് വസ്തു ശേഖരണവുമായി ബന്ധപ്പെട്ട് ഹരിതകർമ സേനക്ക് നൽകിയ പ്രതിഫലത്തിലും വർധനയുണ്ട്. ഈ വർഷം ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 4.69 കോടി രൂപ നൽകി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.05 കോടിയായിരുന്നു.

മാലിന്യം തരംതിരിച്ച് പുനഃസംസ്കരിക്കുന്ന കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് 79.07 ലക്ഷം നൽകി. തരം തിരിക്കൽ, ഗുണനിലവാര പരിശോധന, ഉറവിടം കണ്ടെത്തൽ എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകി പാഴ് വസ്തുശേഖരണം ഏകോപിപ്പിച്ചു വരുകയാണെന്ന് ക്ലീൻ കേരള കമ്പനി മാനേജിങ് ഡയറക്ടർ ജി.കെ. സുരേഷ് കുമാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Sees 18.8% Surge in Waste Collection and Management
Next Story