വയനാട്ടിലുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്
text_fieldsകൽപ്പറ്റ: വയനാട്ടിൽ ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി കൊല്ലപ്പെട്ടതായി പൊലീസ്. ബാണാസുര വനത്തിലാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് വിവരം. പട്രോളിങ്ങിനിറങ്ങിയ തണ്ടർബോൾട്ട് സംഘവുമായാണ് മാവോവാദികൾ ഏറ്റുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഒരു മാവോയിസ്റ്റിന്‍റെ മരണം പൊലീസ് സ്ഥിരീകരിച്ചു.
കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലയാളിയല്ലെന്നാണ് സൂചന. ആക്രമിക്കാന്‍ മാവോവാദികള്‍ ഉപയോഗിച്ചെന്ന് പറയുന്ന ഒരു തോക്കിന്‍റെ ചിത്രം പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇരട്ടക്കുഴല്‍ തോക്കിന്‍റെ ചിത്രമാണ് പൊലീസ് പുറത്ത് വിട്ടത്. മാവോവാദി ലഘുലേഖകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വനമേഖലയോട് ചേർന്ന പ്രദേശത്ത് തണ്ടർ ബോൾട്ട് പതിവ് പട്രോളിങ് നടത്തുകയായിരുന്നുവെന്നും ഈ സമയം സായുധരായ മാവോയിസ്റ്റുകൾ വെടിവെക്കുകയായിരുന്നുവെന്നും സ്വയരക്ഷക്ക് തണ്ടർബോൾട്ട് സംഘം തിരിച്ച് വെടിവെച്ചുവെന്നുമാണ് പോലീസ് ഭാഷ്യം. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് പൊലീസ് ഏര്‍പ്പെടുത്തിയത്.