വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച് ബി.ജെ.പി - എൽ.ഡി.എഫ് പ്രവർത്തകർ
text_fieldsതിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ചേരിതിരിഞ്ഞ് ബി.ജെ.പി-എൽ.ഡി.എഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളി.
പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞുള്ള പ്ലകാർഡുമായി ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യം മുഴക്കുകയായിരുന്നു. എന്നാൽ, എൽ.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിവാദ്യമർപ്പിച്ച് എൽ.ഡി.എഫ് പ്രവർത്തകരും തിരിച്ചടിച്ചതോടെ ഉദ്ഘാടന സദസ് സംഘർഷമയമായി.
പൊലീസ് ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഇരുവിഭാഗത്തെയും നിശബ്ദമാക്കിയത്. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി പിണറായി വിജയനും വേദിയിൽ എത്തുന്നതിന്റെ തൊട്ടുമുൻപായിരുന്നു സംഭവം.
അതേസമയം, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു. പദ്ധതി പ്രദേശം സന്ദർശിച്ചതിന് പിന്നാലെയാണ് മോദി ഉദ്ഘാടനം നിർവഹിച്ചത്. എല്ലാവർക്കും എന്‍റെ നമസ്കാരം, ഒരിക്കൽ കൂടി ശ്രീ അനന്തപദ്മനാഭന്‍റെ മണ്ണിലേക്ക് വരാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷത വഹിച്ചു. മന്ത്രി വി.എൻ. വാസവൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

