പോപുലർ ഫ്രണ്ട് മാർച്ചിൽ സംഘർഷം; ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു
text_fieldsപൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് സംഘർഷമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരം: വിദ്വേഷ മുദ്രാവാക്യത്തിന്റെ പശ്ചാത്തലത്തിൽ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണെന്നാരോപിച്ച് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ വൻ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു. രണ്ടുമണിക്കോറോളം ദേവസ്വം ബോർഡ് ജങ്ഷൻ യുദ്ധക്കളമായി. 10 പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 11ഓടെ അട്ടക്കുളങ്ങരയിൽനിന്ന് ആരംഭിച്ച ആയിരങ്ങൾ പങ്കെടുത്ത മാർച്ച് ദേവസ്വം ബോർഡ് ജങ്ഷനിൽ പൊലീസ് തടഞ്ഞു. മാർച്ച് അക്രമാസക്തമായേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തമായ പൊലീസ് കാവലും നിരീക്ഷണവുമുണ്ടായിരുന്നു. ദേവസ്വം ബോർഡ് ജങ്ഷനിലെ ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോകാൻ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ ഒരുവിഭാഗം പൊലീസിനുനേരെ കുപ്പിയേറ് നടത്തി. തുടർന്നാണ് അഞ്ച് റൗണ്ടോളം കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചത്. പൊലീസിന്റെ അപ്രതീക്ഷിത തിരിച്ചടിയിൽ ചിതറിയോടിയ പ്രവർത്തകർ പിന്നീട് സംഘടിച്ചെത്തി ദേവസ്വം ബോർഡ് ജങ്ഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി സി.എ. റഊഫ് മാർച്ച് ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി ശബ്ദിക്കുമ്പോള്‍ വേട്ടയാടാനാണ് ശ്രമിക്കുന്നതെങ്കില്‍ അറവുമാടുകളെപോലെ കഴുത്തുനീട്ടിത്തരാന് പോപുലര്‍ ഫ്രണ്ടിനെ കിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

