കാസർകോട് ഐ.എൻ.എൽ പരിപാടിക്കിടെ പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
text_fieldsഉദുമ: ഐ.എൻ.എൽ ജില്ല അംഗത്വ കാമ്പയിൻ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജില്ല പ്രവർത്തക സമിതി യോഗം അലങ്കോലമായി. വഹാബ് വിഭാഗം ഇറങ്ങിപ്പോയി. ബുധനാഴ്ച വൈകീട്ട് ഉദുമ എരോൽ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗമാണ് ൈകയാങ്കളിയിൽ കലാശിച്ചത്.
സംസ്ഥാന കമ്മിറ്റിയുടെ നിരീക്ഷകനായ ഡോ. എ.എ. അമീെൻറ നേതൃത്വത്തിൽ അംഗത്വ കാമ്പയിൻ ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവങ്ങൾ അരങ്ങേറിയത്. ജില്ല കമ്മിറ്റി വിളിച്ചുചേർക്കാതെ കാമ്പയിൻ നടത്തുന്നതിനെ ജില്ല സെക്രട്ടറി റിയാസ് അമലടുക്കത്തിെൻറ നേതൃത്വത്തിൽ ഒരു വിഭാഗം ചോദ്യംചെയ്യുകയായിരുന്നു. ജില്ല കമ്മിറ്റി യോഗം വിളിച്ച് വിഷയങ്ങൾ ചർച്ചചെയ്തു മതി അംഗത്വ കാമ്പയിൻ എന്ന് വഹാബ് വിഭാഗം പറഞ്ഞതോടെയാണ് കൈയാങ്കളിയും വാക്തർക്കവുമുണ്ടായത്. ഇതിനെതിരെ ജില്ല പ്രസിഡൻറ് മൊയ്തീൻ കുഞ്ഞി കളനാട് പ്രതികരിച്ചു. ഇതോടെ ഹാളിനകത്ത് സംഘർഷമായി. പുറമെനിന്ന് ആളുകൾ ഓടിക്കൂടുകയും ചെയ്തു.
പിന്നീട് ജില്ല സെക്രട്ടറി റിയാസ് അമലടുക്കം, മണ്ഡലം പ്രസിഡൻറുമാരായ ഹാരിസ് ബെഡി, എം.കെ. ഹാജി, എൻ.വൈ.എൽ ജില്ല ട്രഷർ സിദ്ദീഖ് ചേരങ്കൈ, അൻവർ മാങ്ങാട്, സിദ്ദീഖ് സന്തോഷ് നഗർ, റഹ്മാൻ തുരുത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ ആകെ പങ്കെടുത്ത 28 ഭാരവാഹികളിൽ 10 പേർ ഇറങ്ങിപ്പോയി. ആറുപേർ നിഷ്പക്ഷരായി.
മന്ത്രി അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്ന വിഭാഗത്തിെൻറ നേതൃത്വത്തിലാണ് അംഗത്വ കാമ്പയിൻ ആരംഭിച്ചത്. വഹാബ് പക്ഷത്തിനാണ് ജില്ലയിൽ മുൻതൂക്കം. എന്നാൽ, ഭരണസ്വാധീനം ഉപയോഗിച്ച് ജില്ല കമ്മിറ്റി പിടിച്ചെടുക്കാനുള്ള നീക്കമാണ് കൂട്ടയടിയിലൂടെ തകർന്നതെന്ന് എതിർപക്ഷം ആരോപിച്ചു. അതേസമയം, ചിലർ ഇറങ്ങിപ്പോകുകയായിരുന്നുവെന്നും യോഗം അലങ്കോലമാക്കാൻ സാമൂഹിക വിരുദ്ധരെയും കൊണ്ടുവന്നിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

