നാലു വര്‍ഷ ബിരുദം: കാലിക്കറ്റ് സെനറ്റില്‍ വാക്പോരും പോര്‍വിളിയും
text_fieldsതേഞ്ഞിപ്പലം: നാലു വര്‍ഷ ബിരുദം നടപ്പാക്കുന്നതിലെ അപാകതകള്‍ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്ന കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരും പോര്‍വിളിയും. നാലു വര്‍ഷ ബിരുദ നിയമാവലിക്ക് ചര്‍ച്ചയില്ലാതെ ഭേദഗതികളോടെ അംഗീകാരം നല്‍കിയ നടപടിയെ ചോദ്യംചെയ്ത് മുസ്‍ലിം ലീഗ് അനുകൂല അധ്യാപക സംഘടനയായ സി.കെ.സി.ടി പ്രതിനിധികളും സെനറ്റിലെ എം.എസ്.എഫ് അംഗങ്ങളും സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
വിദ്യാര്‍ഥികള്‍ പഠിക്കേണ്ട പാഠഭാഗങ്ങള്‍ സംബന്ധിച്ച് വ്യക്തതയില്ലാതെ അപേക്ഷ ക്ഷണിച്ചതും പ്രവേശന നടപടികള്‍ അവസാനിപ്പിക്കുന്നതും ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്കയും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. എന്നാല്‍, സഭയിലുണ്ടായിരുന്ന കോണ്‍ഗ്രസ് അംഗങ്ങളും ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്ത ബി.ജെ.പി പ്രതിനിധികളും കാര്യമായ പ്രതികരണത്തിന് മുതിര്‍ന്നില്ല. സിലബസ് വിദ്യാർഥികള്‍ക്ക് ലഭ്യമാക്കാതെ പ്രവേശന നടപടികള്‍ തുടരുന്നതിനെതിരെ മുസ്‍ലിംലീഗ് പ്രതിനിധികളില്‍നിന്ന് ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഒരാഴ്ച നീട്ടിയതായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാർഥികള്‍ ഉന്നയിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നത് വി.സി അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനക്ക് വിടുകയും ചെയ്തു.
നാലു വര്‍ഷ ബിരുദ പദ്ധതി നടപ്പാക്കുന്നതിന് 87 സിലബസുകളാണ് തയാറാക്കേണ്ടതെന്നും ഇതില്‍ 81 എണ്ണം പൂര്‍ത്തീകരിച്ചെന്നും 11 മാസത്തെ സമയമെടുത്തും കൃത്യമായ കൂടിയാലോചനകള്‍ നടത്തിയും വിഷയ വിദഗ്ധരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ചുമാണ് സിലബസ് രൂപവത്കരണ നടപടികള്‍ കൈക്കൊണ്ടതെന്നും സമിതി കണ്‍വീനറും മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ വിനോദ്കുമാര്‍ സഭയില്‍ വ്യക്തമാക്കി. ഇതോടെയാണ് ഈ വിഷയത്തില്‍ പ്രതിഷേധം അവസാനിച്ചത്. നാലു വര്‍ഷ ബിരുദ പദ്ധതി ധിറുതിപിടിച്ച് നടപ്പാക്കുന്നത് ഭാവിയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് സി.കെ.സി.ടി പ്രതിനിധികളായ അധ്യാപകരും എം.എസ്.എഫുകാരും ആവര്‍ത്തിച്ച് വ്യക്തമാക്കി. ഇതിനിടെ ഇക്കാര്യത്തില്‍ വിദ്യാർഥികളുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് എസ്.എഫ്.ഐ പ്രതിനിധികളും ആവശ്യപ്പെട്ടു. വിഷയത്തില്‍ തങ്ങള്‍ ഉന്നയിച്ച ഗൗരവമേറിയ കാര്യം എസ്.എഫ്.ഐയും അംഗീകരിച്ചെന്ന് എം.എസ്.എഫ് നേതൃത്വം പ്രതികരിച്ചു.
സര്‍വകലാശാലക്കു കീഴിലെ കോളജുകളിലെ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് എന്ത് കാരണത്താലാണെന്ന ചോദ്യത്തിനും ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചചെയ്യാതെ അംഗീകരിച്ചത് ഏത് അഴിമതി ഒളിച്ചുവെക്കാനാണെന്നും സെനറ്റില്‍ ചോദ്യമുയര്‍ന്നു. ഇതിനിടെ മുസ്‍ലിം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന മൂന്ന് അടിയന്തര പ്രമേയങ്ങളും വോട്ടിനിട്ട് തള്ളി. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കെട്ടിക്കിടക്കുന്ന പ്രശ്‌നം പരിഹരിച്ച് കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്ന എസ്.എഫ്.ഐ പ്രതിനിധിയുടെ പ്രമേയം സിന്‍ഡിക്കേറ്റംഗത്തിന്റെ മറുപടിയോടെ പിന്‍വലിച്ചു.
സുരക്ഷയൊരുക്കി പൊലീസ്
തേഞ്ഞിപ്പലം: സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ സെനറ്റിലേക്ക് നാമനിര്‍ദേശംചെയ്ത ബി.ജെ.പി അംഗങ്ങള്‍ക്ക് ഹൈകോടതി വിധിയെ തുടര്‍ന്ന് വ്യാഴാഴ്ചയും സുരക്ഷയൊരുക്കി പൊലീസ്. കൊണ്ടോട്ടി ഡിവൈ.എസ്.പി എ.എം. സിദ്ദീഖിന്റെ മേല്‍നോട്ടത്തില്‍ തേഞ്ഞിപ്പലം, കൊണ്ടോട്ടി, കരിപ്പൂര്‍, വാഴക്കാട് സ്റ്റേഷനുകളില്‍നിന്നും മലപ്പുറം പടിഞ്ഞാറ്റുമുറി എ.ആര് ക്യാമ്പില്‍നിന്നും എത്തിയ 60ലധികം പൊലീസുകാരാണ് സര്‍വകലാശാല സെനറ്റ് ഹൗസിന് ചുറ്റും സുരക്ഷയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

