നിയമസഭയിലെ അക്രമം: തെളിവുശേഖരണത്തിന് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി പൊലീസ്
text_fieldsസൂചനാ ചിത്രം
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫിസിന് മുന്നിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എം.എൽ.എമാരുടെയും വാച്ച് ആൻഡ് വാർഡിന്റെയും മൊഴി എടുക്കുന്നതിനും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുന്നതിനും പൊലീസ് നിയമസഭ സെക്രട്ടറിക്ക് കത്ത് നൽകി. ശനിയാഴ്ച വൈകീട്ടോടെയാണ് മ്യൂസിയം എസ്.എച്ച്.ഒ മഞ്ജുലാൽ കത്ത് സെക്രട്ടറിയുടെ ഓഫിസിന് കൈമാറിയത്. അനുമതി ലഭിക്കുന്ന മുറക്ക് നിയമസഭയിലെത്തി വിവരങ്ങൾ ശേഖരിച്ച് മഹസർ തയാറാക്കും.
കൈയാങ്കളിയുമായി ബന്ധപ്പെട്ട് ഉമ തോമസ്, കെ.കെ. രമ എന്നിവരടക്കം ഏഴ് പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവും എച്ച്. സലാം, കെ.എം. സച്ചിൻദേവ് എന്നീ ഭരണപക്ഷ എം.എൽ.എമാർക്കെതിരെയും അഡി. ചീഫ് മാർഷൽ മൊയ്ദ്ദീൻ ഹുസൈൻ, കണ്ടാലറിയാവുന്ന വാച്ച് ആന്ഡ് വാർഡ് ഓഫിസർമാർ എന്നിവർക്കെതിരെയും നിസ്സാര വകുപ്പുകൾ ചുമത്തിയുമാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പരിക്കേറ്റ വനിത വാച്ച് ആൻഡ് വാർഡ് ഷീന നൽകിയ പരാതി പ്രകാരമാണ് റോജി എം. ജോൺ, പി.കെ. ബഷീർ, അൻവർ സാദത്ത്, ഐ.സി. ബാലകൃഷ്ണൻ, അനൂപ് ജേക്കബ്, കെ.കെ. രമ, ഉമ തോമസ് എന്നിവർക്കെതിരെ കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയത്.
ചാലക്കുടി എം.എൽ.എ സനീഷ്കുമാറിന്റെ പരാതി പ്രകാരമാണ് ഇടത് എം.എൽ.എമാർക്കെതിരെയുള്ള എഫ്.ഐ.ആർ. അതേസമയം, കെ.കെ. രമ എം.എൽ.എ നൽകിയ പരാതിയിൽ കേസെടുത്തിട്ടില്ല. സനീഷ് കുമാർ നൽകിയ പരാതിയിലെടുത്ത കേസിനൊപ്പം രമയുടെ പരാതിയും അന്വേഷിച്ചാൽ മതിയെന്നാണ് ഡി.ജി.പിയുടെ നിർദേശം. രമയുടെ പരാതിയിൽ പുതിയ കേസെടുത്താൽ പരിക്കേറ്റ ഒമ്പത് വാച്ച് ആൻഡ് വാർഡുകളുടെ പരാതിയിലും ഒമ്പത് പുതിയ കേസെടുക്കേണ്ടി വരുമെന്നും അതോടെ പ്രതിപക്ഷ എം.എൽ.എ മാർക്കെതിരെ കൂടുതൽ കേസുകളാവുമെന്നുമാണ് പൊലീസിന്റെ വിശദീകരണം. കേസ് അന്വേഷണത്തിനായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രേത്യക സംഘം രൂപവത്കരിക്കുമെന്നും സൂചനയുണ്ട്.