എ സോണിൽ തല്ലുമാല; എസ്.ഐക്കും ആറു വിദ്യാർഥികൾക്കും പരിക്ക്
text_fieldsമണ്ണാർക്കാട്: ഒന്ന് തീരുമ്പോൾ മറ്റൊന്ന്. കാലിക്കറ്റ് സർവകലാശാല എ സോൺ കലോത്സവത്തിൽ തല്ലിന്റെ പൂരം. തുടർച്ചയായുണ്ടായ കൂട്ടത്തല്ലിൽ എസ്.ഐക്കും എസ്.എഫ്.ഐ ഭാരവാഹികളായ അഞ്ചുപേർക്കും എം.എസ്.എഫിലെ ഒരാൾക്കും പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചയുമായി പൊലീസിന് നിരവധി തവണ ലാത്തിവീശേണ്ടിവന്നു. മണ്ണാർക്കാട് എസ്.ഐ അജാസുദ്ദീൻ (32), വിദ്യാർഥികളായ ബിബിൻ (21), വിഷ്ണു മോഹൻ (24), മുഹമ്മദ് ഫായിസ് (23), പി.കെ. വൈഷ്ണവ് (25), അബു ഫാസിൽ (22), എം.എസ്.എഫിലെ അമീൻ റാഷിദ് എന്നിവർക്കാണ് പരിക്കേറ്റത്. എസ്.ഐയും എസ്.എഫ്.ഐ ഭാരവാഹികളും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘർഷവുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് പൊലീസ് രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തു. ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കിയതിന് കണ്ടാലറിയാവുന്ന 50ഓളം എസ്.എഫ്.ഐ-എം.എസ്.എഫ് പ്രവർത്തകർക്കെതിരെയാണ് ഒരു കേസ്. അജാസുദ്ദീന്റെ പരാതിയിൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും സംഘർഷം തടഞ്ഞതിന്റെ മുൻ വിരോധംവെച്ച് ആക്രമിച്ചതിനും കണ്ടാലറിയാവുന്ന 30ഓളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് രണ്ടാമത്തെ കേസ്.
സ്റ്റേജ് മത്സരം ആരംഭിച്ചതു മുതൽ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം ഉടലെടുത്തിരുന്നു. വ്യാഴാഴ്ച ക്ലാസിക്കൽ ഡാൻസിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട തർക്കം ഉന്തിലും തള്ളിലും എത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഒഴിവാക്കി. വെള്ളിയാഴ്ച പ്രശ്നം രൂക്ഷമായി. രാത്രി ഒമ്പതോടെ ആരംഭിച്ച സംഘർഷം പല ഘട്ടങ്ങളിലായി ശനിയാഴ്ച പുലർച്ച മൂന്നുവരെ നീണ്ടു. സംഘാടക സമിതി അംഗവും എം.എസ്.എഫ് ഭാരവാഹിയുമായ സഫ്‌വാൻ ഉൾപ്പെടെയുള്ളവരെ ഒരു കൂട്ടം വിദ്യാർഥികൾ മർദിച്ചെന്ന് പരാതിയുയർന്നു. ഇതിനെ ചോദ്യംചെയ്ത് എം.എസ്.എഫ് പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷം മൂർച്ഛിച്ചു. ഇതോടെ പൊലീസെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയായിരുന്നു. സംഘർഷത്തിനിടെ എം.എസ്.എഫിലെ അമീൻ റാഷിദിന് അടിയേറ്റ് പരിക്കേറ്റു.
രാത്രി 12ഓടെ നാടൻപാട്ട് മത്സരഫലങ്ങളിൽ അപാകത ആരോപിച്ച് മത്സരാർഥികൾ ഉൾപ്പെടെ വിദ്യാർഥികൾ രംഗത്തെത്തി. നാടന്‍പാട്ടില്‍ മൂന്നാം സ്ഥാനം ലഭിച്ച ചിറ്റൂര്‍ ഗവ. കോളജിലെ വിദ്യാർഥികളാണ് പ്രതിഷേധവുമായി രംഗത്തുവന്നത്. അപ്പീൽ നൽകാൻ സംഘാടകർ ആവശ്യപ്പെട്ടെങ്കിലും മാപ്പിളപ്പാട്ട് നടക്കുന്ന സ്റ്റേജിൽ കയറി മത്സരങ്ങൾക്ക് തടസ്സമുണ്ടാക്കി ഇവർ കുത്തിയിരിപ്പ് തുടങ്ങി.
എസ്.എഫ്.ഐ ഇവർക്ക് പിന്തുണയുമായി രംഗത്തെത്തിയതോടെ പ്രശ്നം രൂക്ഷമായി. പൊലീസെത്തി പ്രതിഷേധക്കാരെ സ്റ്റേജിൽനിന്ന് ഇറക്കിവിടാൻ ശ്രമിച്ചപ്പോൾ ഉന്തും തള്ളുമുണ്ടാവുകയും പൊലീസ് ലാത്തിവീശി വിദ്യാർഥികളെ ഓടിക്കുകയും ചെയ്തു. വിദ്യാർഥികൾ പരസ്പരം കസേര വലിച്ചെറിഞ്ഞു.
പ്രശ്നം നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപെട്ടു. ഇതിനിടെ വീണ്ടും വിദ്യാർഥികൾ ചേരിതിരിഞ്ഞ് തല്ല് തുടങ്ങി. പരാതികൾ സംഘാടകരുമായി ചർച്ചചെയ്ത് പരിഹരിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും വിദ്യാർഥികൾ ചെവിക്കൊണ്ടില്ല.
ഇതോടെ പ്രശ്നം എസ്.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിലായി മാറി. വിവിധ സമയങ്ങളിലായി നടന്ന സംഘർഷത്തിൽ എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഉൾപ്പെടെ നാല് എസ്.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. മണ്ണാർക്കാട് എസ്.ഐ അജാസുദ്ദീനും പരിക്കേറ്റു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ സ്ഥലത്തെത്തി.
എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പൊലീസുമായി വാക്കേറ്റം നടത്തി. ആർഷോയുടെ നേതൃത്വത്തിലും പ്രതിഷേധം തുടർന്നു. സംഘർഷം രൂക്ഷമായതോടെ സി.പി.എം പ്രവർത്തകരും മുസ്‍ലിം ലീഗ്-കോൺഗ്രസ് പ്രവർത്തകരുമെല്ലാം സ്ഥലത്തെത്തി. പ്രശ്നം കൂടുതൽ വഷളാകുമെന്ന സ്ഥിതിയിലെത്തിയതോടെ സംഘാടകർ ഇടപെട്ടു. പുലർച്ച നാലോടെ പ്രതിഷേധം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

