മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കം: താനൂരിൽ യുവാവ് കുത്തേറ്റു മരിച്ചു
text_fieldsതാനൂർ: മലപ്പുറം താനൂരിൽ മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ യുവാവ് കുത്തേറ്റു മരിച്ചു. പുല്ലൂരില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന തലക്കടത്തൂര്‍ അരീക്കാട‌് ചട്ടിക്കല്‍ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് കൊല്ലപ്പെട്ടത്. താനൂർ സ്വദേശി സൂഫിയാൻ, തയ്യാല സ്വദേശി കെ രാഹുൽ എന്നിവർ ചേർന്ന് ശിഹാബുദ്ദീനെ കുത്തിയതെന്നാണ് പ്രാഥമിക വിവരം. നെഞ്ചിനും വാരിയെല്ലിനുമായിരുന്നു കുത്തേറ്റത്. പരിക്കേറ്റ ഉടൻ താനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.
ഇയാള്‍ക്കൊപ്പം കുത്തേറ്റ ബി.പി അങ്ങാടി സ്വദേശി അഹസനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിനും കഴുത്തിന് പുറകിലുമാണ് ഇയാൾക്ക് കുത്തേറ്റത്. ആരോഗ്യനില മോശമായതിനാല്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച വൈകീട്ട് നടക്കാവിനും പാലക്കുറ്റിയാഴി തോടിനും ഇടയിലായി റെയിൽവേ ലൈനിനോട് ചേർന്ന സ്ഥലത്തുവെച്ചാണ് കത്തിക്കുത്തുണ്ടായത്.
രാഹുലും സുഫിയാനും ശിഹാബും വിവിധ സ്റ്റേഷനുകളിൽ മോഷണകേസുകളിലും, അക്രമങ്ങളിലും ഉൾപ്പെട്ടവരാണെന്നാണ് പൊലീസ് പറയുന്നത്. താനൂർ സി.ഐ പ്രമോദിൻ്റെ നേതൃത്യത്തിൽ അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
