ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ ‘ക്ലെയിംസ് എക്സ്ചേഞ്ച്’ വരുന്നു
text_fieldsകൊച്ചി: രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കാനുള്ള ചെലവ് വർഷംതോറും വർധിക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു. ഇതിനായി ധന വകുപ്പിന്റെയും നാഷനൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (ഐ.ആർ.ഡി.എ.ഐ) കീഴിൽ ‘നാഷനൽ ഹെൽത്ത് ഇൻഷുറൻസ് ക്ലെയിംസ് എക്സ്ചേഞ്ച്’ എന്ന ഓൺലൈൻ പ്ലാറ്റ്ഫോം കൊണ്ടുവരാനാണ് നീക്കം.
ആരോഗ്യ ഇൻഷുറൻസ് കവറേജുള്ളവർക്ക് ആശുപത്രികൾ അധിക നിരക്ക് ചുമത്തുന്നത് നിയന്ത്രിക്കാനാണ് ‘ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷന്റെ’ കീഴിൽ പുതിയ സംവിധാനം വരുന്നത്. രാജ്യത്ത് ആരോഗ്യ സംരക്ഷണ ചെലവ് ആഗോള ശരാശരിയെക്കാൾ അധികമാണെന്നും ഈ വിടവ് ഓരോ വർഷവും വർധിക്കുന്നുവെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഉയർന്ന തുകക്ക് ആരോഗ്യ ഇൻഷുറൻസ് കവറേജുള്ളവർക്ക് ആശുപത്രികൾ അധിക നിരക്ക് ചുമത്തുന്നതായി കേന്ദ്ര സർക്കാരും ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയും കണ്ടെത്തിയിരുന്നു.
സ്വകാര്യ ഏജൻസിയുമായി ചേർന്ന് നടത്തിയ സർവേയിൽ 52 ശതമാനം പേർക്ക് കഴിഞ്ഞ 12 മാസത്തിനിടെ ഇൻഷുറൻസ് പ്രീമിയം തുക 25 ശതമാനം വർധിച്ചതായി കണ്ടെത്തി. 21 ശതമാനം പേർക്ക് 50 ശതമാനവും 31 ശതമാനത്തിന് 25-50 ശതമാനവും പ്രീമിയം വർധിച്ചു. 15 ശതമാനത്തിന് മാത്രമാണ് പ്രീമിയത്തിൽ മാറ്റം വരാതിരുന്നത്. പ്രീമിയം തുക ഓരോ വർഷവും വർധിക്കുന്നതിനാൽ ആരോഗ്യ ഇൻഷുറൻസ് പോളിസി പുതുക്കാത്തവരുടെ എണ്ണം കൂടുന്നുണ്ടെന്നും സർവേയിൽ കണ്ടെത്തി.
ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം 2023-‘24ൽ ആരോഗ്യ ഇൻഷുറൻസ് സ്ഥാപനങ്ങൾ 1,200 കോടി രൂപയിലധികമാണ് പ്രീമിയം വഴി നേടിയത്. ഇത് തൊട്ടു മുൻവർഷത്തെക്കാൾ 20 ശതമാനം അധികമാണ്. നിലവിൽ നാഷനൽ ഹെൽത്ത് അതോറിറ്റിയാണ് ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത്.
കേന്ദ്ര ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അതോറിറ്റിക്ക് മേൽ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് നേരിട്ട് നിയന്ത്രണമില്ല. കൃത്യമായ നിയന്ത്രണ സംവിധാനം കൊണ്ടുവന്നാൽ ഇൻഷുറൻസ് കമ്പനികൾ കൂടുതൽ മത്സരാധിഷ്ഠിതമാകുകയും ഫലത്തിൽ പോളിസി ഉടമകൾക്ക് ചെലവ് കുറയുകയും ചെയ്യുമെന്നതാണ് പുതിയ സംവിധാനം ആവിഷ്കരിക്കാനുള്ള നീക്കത്തിൽ പിന്നിൽ. ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള സംവിധാനമായും ‘ക്ലെയിംസ് എക്സ്ചേഞ്ച്’ പ്രവർത്തിക്കും.
ആരോഗ്യ പരിപാലന ചെലവ് അധികരിച്ച രാജ്യത്തെ എട്ട് നഗരങ്ങളിൽ അഞ്ചാം സ്ഥാനത്ത് തിരുവനന്തപുരമാണ്. ചെലവ് കൂടിയ പ്രദേശങ്ങൾ സംസ്ഥാനം, സ്ഥലം എന്ന ക്രമത്തിൽ:
1. ഡൽഹി -ന്യൂഡൽഹി
2. മഹാരാഷ്ട്ര -മുംബൈ, റായ്ഗഡ്, നാസിക്
3. ആന്ധ്ര -ഗുണ്ടൂർ, വിശാഖപട്ടണം
4. യു.പി -ഗാസിയാബാദ്, നോയ്ഡ
5. കേരളം -തിരുവനന്തപുരം
6. രാജസ്ഥാൻ -ജയ്പൂർ
7. കർണാടക -മംഗളൂരു
8. തെലങ്കാന -ഹൈദരാബാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

