കേരളത്തിലെ കാമ്പസുകൾ ജാതിരഹിതമാണെന്നത് തെറ്റായ വ്യാഖ്യാനം -സുരേന്ദ്രൻ കരിപ്പുഴ
text_fieldsകേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥ ഉദ്ഘാടനം ചെയ്ത് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ സംസാരിക്കുന്നു.
കാസർകോട്: ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിലെ കാമ്പസുകൾ ജാതിരഹിതമാണെന്നും വിവേചനങ്ങൾ അന്യം നിൽക്കുന്ന ഇടങ്ങളാണെന്നുമുള്ള ആഖ്യാനങ്ങൾ ശരിയല്ലെന്നും നിതിൻ രാജിന്‍റെ വ്യവസ്ഥാപിത കൊലപാതകം അതിന്‍റെ ഏറ്റവും ഒടുവിലത്തെ തെളിവാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ. കോട്ടയം എം.ജി സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥിനിയായിരുന്ന ദീപ പി.മോഹനൻ തന്‍റെ അധ്യാപകൻ നന്ദകുമാർ കളരിക്കലിൽ നിന്ന് പത്തുവർഷത്തിലേറെയായി നേരിട്ട ജാതിവിവേചനവും കേരള സർവകലാശാലയിലെ സംസ്കൃത വിഭാഗത്തിൽ ദലിത് ഗവേഷക വിദ്യാർഥിയായ വിപിൻ വിജയൻ എച്ച്.ഒ.ഡിയും ഡീനുമായ ഡോ. സി.എൻ.വിജയകുമാരിയിൽ നിന്നും നേരിട്ട ജാതി വിവേചനവും അധിക്ഷേപവുമെല്ലാം കേരളത്തിലെ കാമ്പസുകളിലെ ജാതിവിവേചനങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. വസ്ത്രത്തിന്‍റെയും വേഷത്തിന്‍റെയും പേരിൽ മുസ്‍ലിം പെൺകുട്ടികൾ നമ്മുടെ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ധാരാളമായി അധിക്ഷേപിക്കപ്പെടുന്നു. കോഴിക്കോട് പ്രൊവിഡന്‍റ്സ് സ്‌കൂളും എറണാകുളത്തെ സെന്‍റ്. റീത്താസ് സ്കൂളുമെല്ലാം അതിലെ ചില അധ്യായങ്ങൾ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ നയിക്കുന്ന സമര ജാഥയുടെ ഉദ്ഘാടനം കാസർകോട്ട് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉദ്ഘാടന സമ്മേളനത്തിൽ ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി സഈദ് ടി.കെ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളുടെ ആത്മാഭിമാനത്തിന് മുഖ്യ പരിഗണന നൽകി ജാതി വിവേചനത്തോടൊപ്പം ഇസ് ലാമോഫോബിയക്കെതിരായ നടപടികൾ കൂടി നിയമപരിധിയിൽ കൊണ്ടുവന്ന് കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കണമെന്ന് ജാഥ ക്യാപ്റ്റൻ നഈം ഗഫൂർ ആവശ്യപ്പെട്ടു. രോഹിത് ആക്‌ട് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ യു.ഡി.എഫ് സർക്കാർ അത് നടപ്പാക്കിയില്ലെങ്കിൽ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് അഷ്റഫ് ടി.കെ, സാമൂഹിക പ്രവർത്തകൻ രതീഷ് രാഘവൻ, ഡി.എസ്.എസ് ജില്ല സെക്രട്ടറി രമേശൻ ബന്തടുക്ക, ഗോപു തോന്നക്കൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് ടി.കെ.അഷ്റഫ്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് ജില്ല പ്രസിഡന്‍റ് ജുവൈരിയ, എഫ്.ഐ.ടി.യു ജില്ല സെക്രട്ടറി യുസ്റ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി സി.എ.യൂസുഫ് എന്നിവർ ജാഥ ക്യാപ്റ്റന് ഹാരാർപ്പണം നടത്തി. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്‍റ് ഷബ്‌നം ബഷീർ സ്വാഗതവും ജാഥ ഡയറക്ടർ അമീൻ റിയാസ് നന്ദിയും പറഞ്ഞു.
നിതിൻ രാജ് വ്യവസ്ഥാപിത കൊലപാതകത്തിനിരയായ കണ്ണൂർ അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാർഥികളാണ് പതാക ജാഥ ക്യാപ്റ്റന് ഇന്നലെ കൈമാറിയത്. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് സമര ജാഥ മെയ് 16 മുതൽ 30 വരെ നടക്കുന്നത്. കേരളത്തിലെ 14 ജില്ലകളിലും ജാഥക്ക് സ്വീകരണം നൽകും. ജില്ല, മണ്ഡലം കേന്ദ്രങ്ങൾക്ക് പുറമെ മെഡിക്കൽ കോളജുകൾ, എൻ.ഐ.ടി, പ്രാദേശിക യൂണിറ്റുകൾ എന്നിവിടങ്ങളിലും സ്വീകരണം നൽകും. സ്വീകരണ സമ്മേളനങ്ങളിൽ സാമുദായിക സംഘടന പ്രതിനിധികളും സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. കലാലയങ്ങളിൽ ജാതി വിവേചനത്തിനിരയായ നിതിൻ രാജിന്‍റെ കുടുംബമടക്കമുള്ളവരും പങ്കെടുക്കും. മെയ് 30ന് തിരുവനന്തപുരത്ത് ആയിരങ്ങൾ അണിനിരന്ന് നടക്കുന്ന റാലിയും അവകാശ സംരക്ഷണ സമ്മേളനത്തോടും കൂടിയാണ് ജാഥ സമാപിക്കുക.
കാസർകോട് ജില്ലയിൽ ടൗണിൽ നൽകിയ സ്വീകരണത്തിന് പുറമെ ചെങ്ങറ പുനരധിവാസ ഗ്രാമം, കേരള സെൻട്രൽ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലും സന്ദർശനം നടത്തും. അതിന് ശേഷം ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. വൈകീട്ട് അഞ്ച് മണിക്ക് കണ്ണൂർ ടൗണിൽ നൽകുന്ന സ്വീകരണത്തിൽ വിദ്യാർഥി റാലിയും പൊതുസമ്മേളനവും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

