പ്രവാസി വ്യവസായി സി.കെ മേനോൻ അന്തരിച്ചു
text_fieldsതൃശൂര്‍: പ്രമുഖ പ്രവാസി വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ പത്മശ്രീ അഡ്വ. സി.കെ. മേനോന് (72) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7.15നായിരുന്നു അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ബുധനാഴ്ച വൈകിട്ട് ആറിന് ഔദ്യോഗിക ബഹുമതികളോടെ പാറമേക്കാവ് ശാന്തിഘട്ടില്‍.
തൃശൂര്‍ ചേരില്‍ കൃഷ്ണമേനോന് എന്ന സി.കെ. മേനോന് ഖത്തര്‍ ആസ്ഥാനമായ ബഹ്സാദ് ഗ്രൂപ് വ്യവസായ ശൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. തൃശൂര്‍ പാട്ടുരായ്ക്കല്‍ ചേരില്‍ കാര്‍ത്ത്യായിനി അമ്മയുടെയും പുളിയങ്കോട്ട് നാരായണന് നായരുടെയും മകനാണ്. 1975ല്‍ ഖത്തറില്‍ ജോലി ലഭിച്ചു.
തുടര്‍ന്ന് സ്വന്തമായി ട്രാന്‍സ്പോർട്ട് വ്യവസായത്തിലേക്ക് കടന്നു. പെട്രോളിയം ട്രേഡിങ്, പെട്രോള്‍ ടാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്സ്, സ്റ്റീൽ വ്യവസായം, ബേക്കറി എന്നിവ ഉള്‍പ്പെട്ട ബഹ്സാദ് ഗ്രൂപായി ഇതു വളര്‍ന്നു. 13 വിദേശരാജ്യങ്ങളിൽ സാന്നിധ്യമുണ്ട്. മുവ്വായിരത്തില്‍ പരം മലയാളികള്‍ കമ്പനിയിൽ ജോലി ചെയ്യുന്നു.
ജീവകാരുണ്യ, സാമൂഹിക സേവന മേഖലകളില്‍ പ്രശസ്തനാണ്. ഭാരതീയ പ്രവാസി പുരസ്കാരവും പത്മശ്രീയും നേടിയിട്ടുണ്ട്. ദോഹ ഇൻറർഫെയ്ത്ത് ഡയലോഗ് പുരസ്കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ്. ഭാര്യ: ജയശ്രീ മേനോന്. മക്കള്‍: അഞ്ജന മേനോന് (ദോഹ), ശ്രീരഞ്ജിനി മേനോന് (യു.കെ), ജയകൃഷ്ണന് മേനോന് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, ബഹ്സാദ് ഗ്രൂപ്പ്, ഖത്തര്‍). മരുമക്കള്‍: ഡോ. ആനന്ദ് (ദോഹ), ഡോ. റിതീഷ് (യു.കെ), ശില്പ (ദോഹ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
