Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുതിയ നീക്കവുമായി...

പുതിയ നീക്കവുമായി സി.കെ. ജാനു; തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഹകരിച്ചേക്കും

text_fields
bookmark_border
പുതിയ നീക്കവുമായി സി.കെ. ജാനു; തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഹകരിച്ചേക്കും
cancel

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി സഹകരിക്കാനുള്ള നീക്കവുമായി ആദിവാസി നേതവ് സി.കെ. ജാനു. ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മത്സരിക്കാനാണ് നീക്കം. ഏതാനും നാളുകൾക്ക് മുമ്പാണ് സി.കെ. ജാനുവിന്‍റെ നേതൃത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) എൻ.ഡി.എയിൽനിന്ന് വിട്ടത്. മുത്തങ്ങയിൽ ഉൾപ്പെടെയുണ്ടായ പൊലീസ് അതിക്രമങ്ങൾ ചർച്ചയാകുന്ന ഘട്ടത്തിൽ കൂടിയാണ് ജാനുവിന്‍റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

“എൻ.ഡി.എ വിട്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ജെ.ആർ.പിയുമായി സഹകരിക്കാൻ താൽപര്യപ്പെട്ട് ചെറുതും വലുതുമായ പല പാർട്ടികളും സമീപിച്ചു. ഭാരതീയ ദ്രാവിഡ ജനതാ പാർട്ടി ജെ.ആർ.പിയിൽ ലയിച്ചു. മറ്റുപല ചെറിയ ഗ്രൂപ്പുകളും താൽപര്യം അറിയിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഏതെങ്കലുമൊരു മുന്നണിയുമായി ചേർന്നു പോകണമെന്നാണ് ജെ.ആർ.പി താൽപര്യപ്പെടുന്നത്. ഏത് മുന്നണിയെന്ന അന്തിമ തീരുമാനം ഇപ്പോഴായിട്ടില്ല.

മുന്നണികളുടെ ഭാഗമാകാഞ്ഞതിനാൽ പട്ടിക വിഭാഗങ്ങളുടെ ആവശ്യങ്ങൾ എവിടെയും സംബോധന ചെയ്യപ്പെടുന്നില്ല. സമരം നടക്കുമ്പോൾ വാർത്തകളിൽ വരുന്നതു മാത്രമേയുള്ളൂ. അവരുടെ ഉന്നമനത്തിന് രാഷ്ട്രീയ ഇടപെടൽ ഉണ്ടായേ മതിയാകൂ. അതിന് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകേണ്ടതുണ്ട്. പട്ടിക വിഭാഗക്കാർ നിയമസഭയിൽ ഉണ്ടായിട്ടും അവർ ഒരു വിഷയവും ചർച്ച ചെയ്യാൻ തയാറാകുന്നില്ല. വി.ഡി. സതീശനും പി.സി. വിഷ്ണുനാഥും പോലുള്ള യു.ഡി.എഫ് നേതാക്കളാണ് ചില കാര്യങ്ങൾ അൽപമെങ്കിലും സംസാരിച്ചിട്ടുള്ളത്” -സി.കെ. ജാനു പറഞ്ഞു.

എൻ.ഡി.എ യിൽ ജനാധിപത്യ രാഷ്ട്രീയ പാർട്ടിക്ക് ഒരു പരിഗണയും കിട്ടിയില്ലെന്ന് കാണിച്ചാണ് പാർട്ടി മുന്നണി വിട്ടത്, കോർപറേഷൻ സ്ഥാനങ്ങളിൽ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ട് പലതവണ കത്തുനൽകി. അമിത് ഷായെ കണ്ടിട്ടും ഒരു കാര്യവുമുണ്ടായില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിയിലും ചേരാത ഒറ്റക്ക് മത്സരിക്കാനാണ് ജെ.ആർ.പിയുടെ തീരുമാനം. കെ. സുരേന്ദ്രന്‍റെ കൈയിൽനിന്ന് പണം വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസ് നടക്കുകയാണെന്നും, കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെയെന്നും ജാനു പറഞ്ഞു.

“2016 മുതൽ ഞങ്ങൾ എൻ.ഡി.എക്കൊപ്പം നിൽക്കുന്നതാണ്. ഇടക്കാലത്ത് അൽപം മാറിനിന്നെങ്കിലും വീണ്ടും ചർച്ചയും ഇടപെടലുമായി സജീവമായിരുന്നു. ആവശ്യങ്ങൾ എന്തെല്ലാമാണെന്ന് എഴുതിനൽകി സംസാരിച്ചിട്ടുണ്ട്. കേരളത്തിൽ മാത്രമല്ല, കേന്ദ്രത്തിലും കത്ത് നൽകിയിട്ടുണ്ട്. എന്നാൽ അത് വായിക്കാനോ പരിഗണിക്കാനോ അവർ തയാറായിട്ടില്ല. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിൽ ജെ.ആർ.പിയെ കൂടി മുന്നണി പരിഗണിക്കേണ്ടതായിരുന്നു. എന്നാൽ ഒരാളെപ്പോലും അത്തരത്തിൽ പരിഗണിച്ചില്ല.

പരസ്പരമുള്ള സഹകരണമാണ് മുന്നണി വ്യവസ്ഥതന്നെ. എന്നാൽ അതൊന്നും പരിഗണിക്കാതിരുന്നാൽ തുടരാൻ ഞങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്. എൻ.ഡി.എ മുന്നണിയിൽ എന്ന പേരുമാത്രം വെക്കുന്നതിനേക്കാൾ നല്ലത് സ്വതന്ത്രമായി നിൽക്കുന്നതാണെന്നാണ് കഴിഞ്ഞ ദിവസം എക്സിക്യുട്ടീവ് യോഗത്തിൽ ഐകകണ്ഠ്യേന തീരുമാനിച്ചത്. ആകെ ജനസംഖ്യയിൽ രണ്ട് ശതമാനം മാത്രമുള്ള ബ്രാഹ്മണരെ പരിഗണിക്കുമ്പോഴാണ് പത്ത് ശതമാനം വരുന്ന ആദിവാസികളെ അവഗണിക്കുന്നത്. ഇനി ചർച്ച ചെയ്തിട്ട് എന്തെങ്കിലും നടക്കുമെന്നും പ്രതീക്ഷയില്ല” -സി.കെ. ജാനു പറഞ്ഞു.

2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ജാനു മത്സരിച്ചു. പിന്നീട് 2018ൽ പാർട്ടി എൻ.ഡി.എ വിട്ടു. 2021ൽ വീണ്ടും എൻ.ഡി.എയിൽ തിരിച്ചെത്തി.

നേരത്തെ മുത്തങ്ങയിലെ പൊലീസ് നടപടി എത്രകാലം കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്നും സി.കെ. ജാനു പറഞ്ഞിരുന്നു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയിൽ തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ട്. മുത്തങ്ങയിൽ സമരം ചെയ്യാൻ പോയ മുഴുവൻ ആദിവാസികൾക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരം. മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CK JanuPanchayat ElectionsUDFJRP
News Summary - CK Janu's JRP may joins hand with UDF in local body elction
Next Story