സി.കെ. ജാനു യു.ഡി.എഫിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് സഹകരണം ആവശ്യപ്പെട്ട് കത്ത്
text_fieldsകൽപ്പറ്റ: ആദിവാസി നേതാവ് സി.കെ. ജാനു കോൺഗ്രസിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സഹകരണം ആവശ്യപ്പെട്ട് സി.കെ. ജാനു യു.ഡി.എഫിന് കത്തുനൽകി. കത്ത് യു.ഡി.എഫ് യോഗം ചർച്ചചെയ്തു എന്നാണ് വിവരം. സി.കെ. ജാനുവുമായി സഹകരണമാകാമെന്നാണ് യു.ഡി.എഫ് ധാരണയിലെത്തിയത്.
അതേസമയം, സി.കെ. ജാനുവിന്റെ യു.ഡി.എഫ് പ്രവേശനത്തിൽ രമേശ് ചെന്നിത്തലയും കെ. മുരളീധരനും എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. യു.ഡി.എഫുമായി സഹകരിക്കാൻ ഒരുതരത്തിലുള്ള ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നാണ് സി.കെ. ജാനു പറയുന്നത്.
അടുത്തിടെയാണ് സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ വിട്ടത്. മുന്നണി മര്യാദ പാലിക്കാത്തതിലും അവഗണനയുമാണ് തീരുമാനത്തിന് പിന്നിലെന്ന് ജാനു വ്യക്തമാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കുമെന്നും അവർ സൂചിപ്പിച്ചു.
2016ലാണ് ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻ.ഡി.എ ഘടകക്ഷിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ജാനു മത്സരിച്ചു. പിന്നീട് 2018ൽ പാർട്ടി എൻ.ഡി.എ വിട്ടു.2021ൽ വീണ്ടും എൻ.ഡി.എയിൽ തിരിച്ചെത്തി. 2025 ആഗസ്റ്റിൽ വീണ്ടും എൻ.ഡി.എ വിട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ സി.കെ. ജാനു യു.ഡി.എഫുമായി സഹകരിച്ചേക്കുമെന്ന് വാർത്തയുണ്ടായിരുന്നു. ആദിവാസി, പിന്നാക്ക വിഭാഗ സംഘടനകളെ യോജിപ്പിച്ച് പരമാവധി വാർഡുകളിൽ മത്സരിക്കാനാണ് നീക്കം.
നേരത്തെ മുത്തങ്ങയിലെ പൊലീസ് നടപടി എത്രകാലം കഴിഞ്ഞാലും മാപ്പ് അർഹിക്കുന്നില്ലെന്നും സി.കെ. ജാനു പറഞ്ഞിരുന്നു. ചെയ്തത് തെറ്റായി പോയെന്ന് വൈകിയ വേളയിൽ തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ട്. മുത്തങ്ങയിൽ സമരം ചെയ്യാൻ പോയ മുഴുവൻ ആദിവാസികൾക്കും ഭൂമിയാണ് കിട്ടേണ്ടത്. അതാണ് പരിഹാരം. മുത്തങ്ങയിലെ പ്രശ്നം പരിഹരിക്കാൻ സർക്കാർ എന്ന നിലയിൽ ഒരു ഇടപെടൽ നടത്തിയിരുന്നില്ല. ഒരു മാസത്തിലധികമാണ് മുത്തങ്ങയിൽ കുടിൽകെട്ടി താമസിച്ചത്. ആ സമയത്ത് പ്രശ്ന പരിഹാര ചർച്ച നടക്കണമായിരുന്നു. വെടിവെപ്പ് കൂടാതെ പ്രശ്നം പരിഹരിക്കാനുള്ള സാധ്യതകളുണ്ടായിരുന്നു. ആ സാധ്യതകളെ പ്രയോജനപ്പെടുത്തിയില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

