സുരേഷ് ഗോപിയുടേത് പിന്നാക്കർ എന്നും കാൽച്ചുവട്ടിൽ കിടക്കണമെന്ന മനോഭാവം; വായിൽ തോന്നിയത് പറയുകയാണെന്ന് സി.കെ. ജാനു
text_fieldsകൽപറ്റ: ആദിവാസി വകുപ്പിന്‍റെ ചുമതലയിൽ ഉന്നതകുലജാതർ വരണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി എൻ.ഡി.എ ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ. ജാനു. പിന്നാക്ക വിഭാഗക്കാർ എന്നും കാൽച്ചുവട്ടിൽ കിടക്കണമെന്ന മനോഭാവമാണ് സുരേഷ് ഗോപിയുടെ വാക്കുകളിലെന്നും സി.കെ. ജാനു വ്യക്തമാക്കി.
വായിൽ തോന്നുന്നത് വിളിച്ചു പറയുന്നത് ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് യോജിക്കുന്നതല്ല. അകറ്റി നിർത്തലും അയിത്തം കൽപിക്കലും വീണ്ടും കൊണ്ടു വരണമെന്നാണോ സുരേഷ് ഗോപി പറയുന്നതെന്നും സി.കെ. ജാനു ചോദിച്ചു.
അടിമ-മാടമ്പി മനോഭാവമാണിത്. നൂറ്റാണ്ടുകളായി ഉന്നതകുലജാതര്‍ വകുപ്പ് കൈകാര്യം ചെയ്തു പരാജയപ്പെട്ടതാണ്. മനുഷ്യരെ മനുഷ്യരായി കാണുന്നില്ല. ഇത്രകാലമായിട്ടും സുരേഷ് ഗോപിക്ക് യാഥാര്‍ഥ്യങ്ങള്‍ മനസിലായിട്ടില്ല. ഒരു സവര്‍ണ ഫാഷിസ്റ്റ് ആയതു കൊണ്ടാണ് അയാള്‍ക്ക് അങ്ങനെ സംസാരിക്കാന്‍ പറ്റുന്നത്.
ഈ കാലമത്രയും ഈ കാര്യങ്ങളൊക്കെ നടത്തിയിട്ടുള്ളത് സവര്‍ണരും സവര്‍ണ മനോഭാവമുള്ളവരും തന്നെയാണ്. ഏറ്റവും താഴെത്തട്ടിലുള്ള ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നുള്ളത് ജനാധിപത്യ മര്യാദയാണെന്നും സി.കെ. ജാനു ചൂണ്ടിക്കാട്ടി.
ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്താൽ ആദിവാസികൾക്ക് പുരോഗതിയുണ്ടാവൂ എന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയാണ് വിവാദമായത്. അത്തരം ജനാധിപത്യമാറ്റങ്ങൾ ഉണ്ടാവണമെന്നും സുരേഷ് ഗോപി പറഞ്ഞു.
ആദിവാസി വകുപ്പ് തനിക്ക് ലഭിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം നിരവധി തവണ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ബ്രാഹ്മണനോ, നായിഡുവോ വകുപ്പ് കൈകാര്യം ചെയ്യട്ടെ. ഗോത്രകാര്യ വകുപ്പ് ആദിവാസികൾ തന്നെ കൈകാര്യം ചെയ്യുന്നതെന്ന് ഒരു ശാപമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

