നിയമസഭയിൽ തട്ടിവീണ് ആശ എം.എൽ.എക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: നിയമസഭയിൽനിന്ന് പുറത്തേക്കിറങ്ങുന്നതിനിടെ സാരിത്തുമ്പിൽ തട്ടിവീണ് വൈക്കം എം.എൽ.എ സി.കെ. ആശക്ക് പരിക്ക്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർമാർ രണ്ടാഴ്ച വിശ്രമം നിർദേശിച്ചു. ഇടതുകാലിലെ ലിഗമെൻറിനാണ് പരിക്ക്.
ചൊവ്വാഴ്ച ധനവിനിയോഗ ബില്ലിെൻറ ചർച്ചയിൽ പങ്കെടുത്ത് ഐ.ബി. സതീഷ് സംസാരിക്കുന്നതിനിടെ ഉച്ചക്ക് 1.45ഒാടെയാണ് സംഭവം. തെൻറ മണ്ഡലത്തിൽനിന്ന് എത്തിയവരെ കാണാൻ പുറത്തേക്ക് ധൃതിയിൽ ഇറങ്ങുമ്പോഴായിരുന്നു വീഴ്ച. ഭരണ-പ്രതിപക്ഷാംഗങ്ങൾ ഒാടിയെത്തി ആശയെ എഴുന്നേൽപിച്ചു. സീറ്റിൽ ഇരുത്തിയപ്പോഴേക്കും തലചുറ്റൽ അനുഭവപ്പെട്ടു. അതോടെ സഭാനടപടികൾ നിർത്തിെവച്ചു.
സഭയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എം.എൽ.എയെ പരിശോധിച്ചു. തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതുമൂലം സഭാനടപടികൾ അഞ്ച് മിനിട്ടോറ്റോളം നിലച്ചു. പ്രാഥമിക ശുശ്രൂഷകൾക്കുശേഷം ആശ എം.എൽ.എ ഹോസ്റ്റലിനോട് ചേർന്ന ഫ്ലാറ്റിൽ തിരിച്ചെത്തി.
ഈ സമ്മേളനകാലത്ത് സഭയിൽ വീഴുന്ന മൂന്നാമത്തെ എം.എൽ.എയാണ് ആശ. ദിവസങ്ങൾക്ക് മുമ്പ് പ്രതിപക്ഷ ബഞ്ചിനിടയിലെ വഴിയിലൂടെ പുറത്തേക്കിറങ്ങാൻ ശ്രമിക്കുമ്പോൾ മുതിർന്ന അംഗം സി.കെ. നാണു കാൽ തട്ടി വീണതാണ് ആദ്യസംഭവം. കഴിഞ്ഞയാഴ്ച പ്രധാന വാതിൽ വഴി പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ എസ്. ശർമ വീണു. സഭക്കുള്ളിലെ തറയിൽ വിരിച്ച പരവതാനിയും പടിയും തമ്മിൽ വേർതിരിച്ചറിയാനാകാത്തതാണ് അപകടങ്ങൾക്ക് കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
