സി.ജെ.പിയുടെ കേരള പരാമർശം; തള്ളി കോൺഗ്രസ്, ഇടത് ക്യാമ്പിൽ രണ്ടുവാദം
text_fieldsതിരുവനന്തപുരം: പിണറായി സർക്കാറിന്റെ പതനത്തിന് പിന്നിലും എസ്.ഐ.ആറിന് പങ്കുണ്ടെന്ന സി.ജി.പി നേതാവ് അഭിജിത് ദീപ്കെയുടെ പരാമർശത്തിൽ സംസ്ഥാനത്ത് ചൂടേറിയ ചർച്ച. കോൺഗ്രസ് നേതാക്കൾ ദീപ്കെയുടെ ആരോപണങ്ങൾക്കെതിരെ രംഗത്ത് വന്നപ്പോൾ ഇടതുക്യാമ്പിനുള്ളിൽ ആശയക്കുഴപ്പവും അഭിപ്രായവ്യത്യാസവും പ്രകടമാകും വിധമായിരുന്നു നേതാക്കളുടെ പ്രതികരണങ്ങൾ. പിണറായിക്കെതിരെയുള്ള ഭരണവിരുദ്ധ തരംഗത്തിന്റെ സ്വാഭാവിക പ്രതിഫലനമാണെന്ന് കോൺഗ്രസ് സ്ഥാപിക്കുമ്പോൾ കൃത്യമായി ഊന്നലുകളില്ലാതെയുള്ള പ്രതികരണങ്ങളാണ് ഇടതു ക്യാമ്പിൽ നിന്നുണ്ടായത്.
ബി.ജെ.പി അധികാരത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലാണ് വോട്ടർപട്ടികയിൽ ക്രമക്കേട് നടത്തിയതെന്നും കേരളത്തിൽ ഇടതുഭരണത്തിനെതിരെയുള്ള ജനങ്ങളുടെ ജനാധിപത്യപരമായ വിധിപ്രസ്താവത്തെ വോട്ടർപട്ടികയിലെ ക്രമക്കേട് എന്ന് മുദ്രകുത്തുന്നത് ജനവികാരത്തെ തള്ളിപ്പറയുന്നതിന് തുല്യമാണെന്നുമാണ് കോൺഗ്രസ് അടിവരയിടുന്നത്. സർക്കാറിന്റെ നയവൈകല്യങ്ങൾ, സാമ്പത്തിക പ്രതിസന്ധി, ജനവിരുദ്ധ നിലപാടുകൾ എന്നിവയിൽ ജനങ്ങൾക്കുണ്ടായ അതൃപ്തിയാണ് മാറ്റത്തിന് വഴിയൊരുക്കിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. എസ്.ഐ.ആറിന് മുമ്പ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് മികച്ച വിജയമാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പുകൾ എസ്.ഐ.ആർ പട്ടികയുടെ അടിസ്ഥാനത്തിലല്ല നടന്നത്. ജനവികാരത്തിന് മുന്നിൽ മുടന്തൻ ന്യായങ്ങളും മുട്ടുശാന്തിയും പറഞ്ഞ് പിടിച്ചുനിൽക്കാനാവില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. അഭിജിത് ദീപ്കെയുടെ പരാമർശത്തിനെതിരെ വി.ടി. ബൽറാമും രംഗത്തെത്തി.
അതേ സമയം എസ്.ഐ.ആർ ക്രമക്കേടുകളാണ് എൽ.ഡി.എഫിന്റെ പരാജയത്തിന് കാരണം എന്ന് പറയാനാവില്ലെന്നായിരുന്നു മുൻമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ. ശൈലജയുടെ പ്രതികരണം. കേരളത്തിലടക്കം തെരഞ്ഞെടുപ്പുകളിൽ എസ്.ഐ.ആർ വഴി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരം പുറത്തുവരികയാണെന്നും കേരളത്തിന് പുറത്തുള്ള ആളുകൾ കണക്കുകൾ വെച്ചാണ് ഇക്കാര്യം പറയുന്നതെന്നുമാണ് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സ്ഥിരീകരണം.
സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയാകട്ടെ, ‘‘എസ്.ഐ.ആറുമായി ബന്ധപ്പെട്ട് രാജ്യത്താകെ നടന്ന കൃത്രിമത്വങ്ങൾ കേരളത്തിൽ ഒട്ടും നടന്നിട്ടില്ല എന്ന് തങ്ങൾ പറയുന്നില്ലെ’’ന്നായിരുന്നു വ്യക്തമാക്കിയത്. കേരളത്തിലെ പരാജയത്തിന് പിന്നിൽ പല ഘടകങ്ങളുണ്ട്. അതിൽ ഒന്നായിരിക്കാം എസ്.ഐ.ആർ ദുരുപയോഗമെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും ബേബി കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

