‘കൊക്രോച്ച് ജനതാ പാർട്ടി’ വെറും ട്രോളല്ല, യുവതലമുറയുടെ രാഷ്ട്രീയ അസ്വസ്ഥതയുടെ സൂചന -മുനവ്വറലി ശിഹാബ് തങ്ങൾ
text_fieldsമലപ്പുറം: സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്ന ‘കൊക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) കേവലമൊരു ട്രോളോ വിനോദോപാധിയോ മാത്രമല്ലെന്നും അതിന് പിന്നിൽ ഒരു തലമുറയുടെ വലിയ രാഷ്ട്രീയ അസ്വസ്ഥത ഒളിഞ്ഞിരിപ്പുണ്ടെന്നും മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ.
ശക്തമായ സംഘടനാ സംവിധാനങ്ങളോ, കോർപ്പറേറ്റ് ഫണ്ടിങിന്റെ പിൻബലമോ, മുഖ്യധാരാ മാധ്യമങ്ങളുടെ പിന്തുണയോ ഇല്ലാതെ തന്നെ ഇത്തരം ഡിജിറ്റൽ മുന്നേറ്റങ്ങൾക്ക് പൊതുചർച്ചകളെ സ്വാധീനിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അത് നിലവിലുള്ള ഭരണകൂടത്തോടും പരമ്പരാഗത രാഷ്ട്രീയത്തോടുമുള്ള യുവജനങ്ങളുടെ നിരാശയുടെ ശക്തമായ തെളിവാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
മാറുന്ന കാലത്തെ പുതിയ തലമുറയുടെ രാഷ്ട്രീയ പ്രവർത്തന ശൈലിയെ ഭരണാധികാരികളും പരമ്പരാഗത പാർട്ടികളും ഗൗരവത്തോടെ കാണണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
പുതിയ തലമുറ (ജെൻ സി) തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി പഴയകാല രീതികളെയോ പരമ്പരാഗത നേതാക്കളെയോ കാത്തുനിൽക്കാൻ തയ്യാറല്ലെന്ന് മുനവ്വറലി തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പകരം ഇന്റർനെറ്റ് സംസ്കാരം, ആക്ഷേപഹാസ്യങ്ങൾ, വികേന്ദ്രീകൃത ഡിജിറ്റൽ ആക്ടിവിസം എന്നിവയെ അവർ ശക്തമായ രാഷ്ട്രീയ ആയുധങ്ങളാക്കി മാറ്റുകയാണ്. തങ്ങളുടെ തനതായ ഡിജിറ്റൽ ഭാഷയിലൂടെ അവർ നിലവിലെ അധികാര കേന്ദ്രങ്ങളെ കൃത്യമായി ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിലയിരുത്തി.
ചരിത്രത്തിൽ വലിയ രാഷ്ട്രീയ മാറ്റങ്ങളെല്ലാം തുടക്കത്തിൽ പരിഹസിക്കപ്പെടുകയും തള്ളിക്കളയപ്പെടുകയും ചെയ്ത ആശയങ്ങളിൽ നിന്നാണ് രൂപപ്പെട്ടിട്ടുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്ന് പലരും ‘ഓൺലൈൻ ബഹളം’ എന്ന് വിളിച്ച് നിസ്സാരവൽക്കരിക്കുന്ന ഈ ഡിജിറ്റൽ ശബ്ദങ്ങൾ, നാളത്തെ രാഷ്ട്രീയ ഭൂപടത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള വിനാശകരമായ രാഷ്ട്രീയ ശക്തിയായി മാറാൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ, പുതിയ തലമുറയുടെ ഇത്തരം ഡിജിറ്റൽ പ്രതിഷേധങ്ങളെയും ആശയവിനിമയങ്ങളെയും വെറും കോമാളിത്തമായി കണ്ട് അവഗണിക്കുന്നത് പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന ഏറ്റവും വലിയ തന്ത്രപരമായ പാളിച്ചയായിരിക്കുമെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം
‘കൊക്രോച്ച് ജനതാ പാർട്ടി’ വെറും ഒരു ട്രോളോ മീമോ മാത്രമല്ല; അതിന്റെ പിന്നിൽ ഒരു തലമുറയുടെ രാഷ്ട്രീയ അസ്വസ്ഥത ഒളിഞ്ഞിരിക്കുന്നു.
സംഘടനാ ശക്തിയില്ലാതെ, കോർപ്പറേറ്റ് ഫണ്ടിംഗില്ലാതെ, മുഖ്യധാരാ മീഡിയ പിന്തുണയില്ലാതെ പോലും ഒരു ഡിജിറ്റൽ മുന്നേറ്റം പൊതുചർച്ചകളെ dominate ചെയ്യാൻ തുടങ്ങുന്നുവെങ്കിൽ, അത് നിലവിലുള്ള ഭരണകൂടത്തോടും പരമ്പരാഗത രാഷ്ട്രീയത്തോടുമുള്ള യുവജനങ്ങളുടെ നിരാശയുടെ ശക്തമായ സൂചനയാണ്.
Gen Z ഇനി legacy parties-നെയോ conventional നേതാക്കളെയോ കാത്തിരിക്കുകയല്ല. അവർ memes, satire, internet culture, decentralised digital activism എന്നിവയെ political weapon ആക്കി അധികാര ഘടനകളെ സ്വന്തം ഭാഷയിൽ ചോദ്യം ചെയ്യുകയാണ്.
ചരിത്രം തെളിയിക്കുന്നത് എല്ലാ വലിയ രാഷ്ട്രീയ മാറ്റങ്ങളും ആദ്യം പരിഹസിക്കപ്പെട്ട ആശയങ്ങളായിട്ടാണ് തുടങ്ങുന്നതെന്നാണ്. ഇന്ന് ‘online noise’ എന്ന് തള്ളിക്കളയുന്ന ശബ്ദങ്ങൾ നാളെയുടെ disruptive political force ആകാൻ സാധ്യതയുണ്ട്.
അതിനാൽ ഇത്തരം ഡിജിറ്റൽ പ്രതിഷേധങ്ങളെ അവഗണിക്കുന്നത് രാഷ്ട്രീയ സ്ഥാപനങ്ങളുടെ ഏറ്റവും വലിയ strategic miscalculation ആയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

