സിവിക് ചന്ദ്രൻ കേസിലെ വിവാദപരാമർശം: ജില്ല ജഡ്ജിയുടെ സ്ഥലംമാറ്റം അപൂർവം; അനുകൂലിച്ചും എതിർത്തും പ്രതികരണം
text_fieldsകോഴിക്കോട്: ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് വിവാദപരാമർശങ്ങളോടെ മുൻകൂർ ജാമ്യം നൽകിയ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലംമാറ്റിയത് അപൂർവ നടപടിയെന്ന് നിയമവൃത്തങ്ങൾ. ഹൈകോടതി നടപടിയെ അനുകൂലിച്ചും എതിർത്തും പ്രതികരണങ്ങളുയർന്നു.വനിത ആക്ടിവിസ്റ്റുകളും സാംസ്കാരിക പ്രവർത്തകരുമടക്കം ഏറെ പേർ സ്ഥലംമാറ്റത്തെ പ്രകീർത്തിച്ച് രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി പേർ ഹൈകോടതിയെ അനുമോദിച്ചപ്പോൾ, നിയമവൃത്തങ്ങളിൽ പലരും ആശ്ചര്യം പ്രകടിപ്പിച്ചു.
സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിനെ വിമർശിച്ച പലരും സ്ഥലംമാറ്റത്തെ അനുകൂലിക്കുന്നില്ല. വിധിപ്രഖ്യാപനത്തിന്റെ പേരിലാണ് സ്ഥലംമാറ്റമെന്ന് ചൊവ്വാഴ്ചയിറങ്ങിയ ഉത്തരവിൽ പറയുന്നില്ല. എങ്കിലും, വിധിയുടെ പശ്ചാത്തലത്തിൽ ന്യായാധിപന് സ്ഥലംമാറ്റമുണ്ടാവുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് അഭിഭാഷകർ പറയുന്നു. വിവാദമുണ്ടായാൽ ബന്ധപ്പെട്ട ഉത്തരവ് ഹൈകോടതി റദ്ദാക്കുകയോ വിവാദ പരാമർശം ഉത്തരവിൽനിന്ന് നീക്കുകയോ ആണ് സാധാരണ നടപടി.
എന്നാൽ, ഈ കേസിൽ ജഡ്ജിയെ തന്നെ മാറ്റി. മൂന്ന് പതിറ്റാണ്ടിലേറെയായി സർവിസിലുള്ള, സംസ്ഥാനത്തെതന്നെ ഏറ്റവും മുതിർന്ന ജില്ല ജഡ്ജിയെയാണ് വിരമിക്കാൻ ഏതാനും മാസങ്ങൾ അവശേഷിക്കേ സ്ഥലംമാറ്റിയത്. കൊല്ലം ലേബർ കോടതി ജഡ്ജായാണ് മാറ്റിയത്. സാധാരണ ജൂനിയർ ജില്ല ജഡ്ജിമാർക്ക് നൽകുന്ന സ്ഥാനമാണ് ലേബർ കോടതിയിലേത്. മാധ്യമങ്ങളടക്കം രൂപപ്പെടുത്തിയ അഭിപ്രായത്തിന്റെ പേരിൽ ഇത്തരം നടപടി കീഴ്കോടതികളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുമെന്നും സ്വതന്ത്ര തീരുമാനമെടുക്കുന്നതിന് വിമുഖതയുണ്ടാക്കുമെന്നും ഇത് അടിസ്ഥാനപരമായി സമൂഹത്തെയാണ് ബാധിക്കുകയെന്നും മുതിർന്ന അഭിഭാഷകൻ എം.എസ്. സജി പറഞ്ഞു.
സ്ഥലംമാറ്റിയ ജില്ല ജഡ്ജി 27 മുതൽ അവധിയിൽ പ്രവേശിക്കുമെന്നാണറിയുന്നത്. സെപ്റ്റംബർ പകുതിവരെ അദ്ദേഹം അവധിയിൽ തുടർന്നേക്കും. കൃഷ്ണകുമാറിന് പകരം മഞ്ചേരി ജില്ല സെഷൻസ് ജഡ്ജ് എസ്. മുരളീ കൃഷ്ണയെയാണ് കോഴിക്കോട് ജില്ല ജഡ്ജിയായി നിയമിച്ചത്.