സിവിക് കേസ്: ജഡ്ജിയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ തുടരും
text_fieldsകൊച്ചി: എഴുത്തുകാരൻ സിവിക് ചന്ദ്രന് ലൈംഗികാതിക്രമ കേസിൽ വിവാദ പരാമർശത്തോടെ മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാറിന്‍റെ സ്ഥലം മാറ്റത്തിനുള്ള സ്റ്റേ തുടരും. സ്ഥലംമാറ്റം ശരിവെച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരെ ജഡ്ജി നൽകിയ ഹരജിയിൽ സെപ്റ്റംബർ 16ന് ഡിവിഷൻബെഞ്ച് സ്റ്റേ പുറപ്പെടുവിച്ചിരുന്നു. ഹൈകോടതി രജിസ്ട്രാറടക്കം എതിർ കക്ഷികളോട് വിശദീകരണവും തേടി. തിങ്കളാഴ്ച ഹരജി പരിഗണിക്കവേ വിശദീകരണത്തിന് ഹൈകോടതി രജിസ്ട്രാർ കൂടുതൽ സമയം തേടിയതിനെ തുടർന്ന് ഒരാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കാൻ മാറ്റി. അതുവരെ സ്റ്റേ തുടരാനും കോടതി ഉത്തരവിടുകയായിരുന്നു.
സിവിക് ചന്ദ്രന്‍റെ ജാമ്യത്തിന് പിന്നാലെ കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി ജഡ്‌ജിയായാണ് സ്ഥലം മാറ്റിയത്. മൂന്ന് വർഷത്തിൽ കുറയാതെ സർവിസുള്ള ജില്ല ജഡ്‌ജിയെയോ അഡീ. ജില്ല ജഡ്‌ജിയെയോയാണ് ലേബർ കോടതി ജഡ്ജിയായി നിയമിക്കുന്നതെന്നും പ്രിൻസിപ്പൽ ജില്ല ജഡ്‌ജിയായ തന്നെ ഈ പദവിയിലേക്ക് നിയമിച്ചത് നിയമപരമല്ലെന്നുമുള്ള വാദമുന്നയിച്ചാണ് സിംഗിൾബെഞ്ചിനെ സമീപിച്ചത്.