Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനഗരത്തിൽ രാത്രികാല...

നഗരത്തിൽ രാത്രികാല പരിശോധന; ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്, 2.20 ലക്ഷം പിഴ

text_fields
bookmark_border
നഗരത്തിൽ രാത്രികാല പരിശോധന; ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്, 2.20 ലക്ഷം പിഴ
cancel

കൊച്ചി: നഗരത്തിൽ രാത്രികാലങ്ങളിൽ ശബ്ദ മലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ രാത്രികാല മിന്നൽ പരിശോധനയിൽ നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു. 2.20 ലക്ഷം രൂപയിലേറെ പിഴ ചുമത്തുകയും ചെയ്തു. അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞാണ് രാത്രി പരിശോധന നടത്തിയത്. പുലർച്ചെ അഞ്ച് മണി വരെയായിരുന്നു പരിശോധനയുണ്ടായത്.

കലൂർ സ്റ്റേഡിയം ലിങ്ക് റോഡ്, ചാത്യാത്ത്, ക്വീൻസ് വാക്ക്, മറൈൻ ഡ്രൈവ്, കടവന്ത്ര, പനമ്പിള്ളി നഗർ തുടങ്ങിയ കേന്ദ്രങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പരിശോധിച്ച 80 ഓളം വാഹനങ്ങളിൽ 35 എണ്ണത്തിൽ രൂപമാറ്റം വരുത്തിയ സൈലൻസറുകൾ കണ്ടെത്തി. 20 വാഹനങ്ങളിലും മറ്റു ഗുരുതര നിയമലംഘനങ്ങളും കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. നിയമലംഘനം നടത്തിയ വാഹന ഉടമകൾക്കെതിരെ ഇ-ചെലാൻ വഴി ആകെ 2,20,500 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എറണാകുളം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ബിജു ഐസക് അറിയിച്ചു.

അതേസമയം, ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകൾ വൈകുന്നതിനെതിരെയുള്ള പരാതികളിൽ പ്രത്യേക ക്രമീകരണം പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ്. അടുത്ത മൂന്ന് മാസത്തേക്ക് അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റുകൾ നടത്തും. പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയി ഉയർത്താനും തീരുമാനിച്ചു. ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകളും മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുന്നതായിരിക്കും. ലേണേഴ്സ് പരീക്ഷകൾക്ക് ഫേഷ്യൽ റെക്കഗ്നിഷൻ അധിഷ്ഠിത ഓതന്റിക്കേഷൻ സംവിധാനം നടപ്പാക്കുമെന്നും എം.വി.ഡി അറിയിച്ചു.

പുതിയ ക്രമീകരണപ്രകാരം ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനകവും, റീ-ടെസ്റ്റ് സ്ലോട്ടുകൾ എട്ടാം ദിവസത്തിനകവും ലഭ്യമാക്കും. ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് സ്ലോട്ടുകൾ മൂന്ന് ദിവസത്തിനുള്ളിൽ ലഭ്യമാക്കാനാണ് തീരുമാനം. നിലവിലെ കാലതാമസം പരിഹരിക്കാനുള്ള താൽക്കാലിക നടപടികളാണിതെന്നും ക്രമീകരണങ്ങളുടെ മേൽനോട്ട ചുമതല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്ക് നൽകിയതായും മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.

സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ സേവനങ്ങൾക്കായുള്ള 'സാരഥി' പോർട്ടൽ പണിമുടക്കി. സാങ്കേതിക തകരാർ കാരണം നിരവധി ഉദ്യോഗാർഥികൾ ദുരിതത്തിലായി. ഇതുമൂലം സംസ്ഥാനത്തുടനീളം നടത്താനിരുന്ന ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു. തിരുവനന്തപുരം റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസിലടക്കം ലേണേഴ്സ് ടെസ്റ്റ് എഴുതാനെത്തിയ നിരവധി പേരാണ് ഇതുമൂലം മടങ്ങിയത്. സാരഥി സോഫ്റ്റ്‌വെയർ താളം തെറ്റിയതും നിരവധി പേരെ വലച്ചു.

വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റാനുള്ള അപേക്ഷയിൽ 'വാഹൻ' സോഫ്റ്റ്‌വെയർ ആവശ്യപ്പെടുന്നത് ഡ്രൈവിങ് ലൈസൻസ് വിവരങ്ങളാണ്. നിലവിലുണ്ടായിരുന്ന തകരാർ പരിഹരിക്കാൻ നടത്തിയ അപ്‌ഡേഷനോടെ സോഫ്റ്റ്‌വെയർ നിയന്ത്രണം തെറ്റിയ അവസ്ഥയിലാണ്. 'വാഹൻ' അപേക്ഷ എങ്ങനെ 'സാരഥി'യിൽ എത്തുന്നു എന്നത് സംബന്ധിച്ച് അധികൃതർക്കും ധാരണയില്ല. അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ചും നടപടികളെക്കുറിച്ചും ഓഫിസുകളിലും ആശയക്കുഴപ്പമുണ്ട്.

വായ്പക്കുടിശ്ശിക ഒഴിവാക്കി ഉടമസ്ഥാവകാശം കൈമാറാൻ മുമ്പ് ഒറ്റ അപേക്ഷ മതിയായിരുന്നു. വെവ്വേറെയാക്കിയതോടെ കൂടുതൽ സങ്കീർണമായി. ആദ്യ അപേക്ഷയിൽ തീരുമാനമാകാൻ ഒരാഴ്ച വേണ്ടിവരും. വായ്പയിൽ വാഹനം വാങ്ങുന്നവർ പല ഓഫിസുകളിലായി മൂന്ന് അപേക്ഷ നൽകേണ്ടിവരും. ഇൻഷുറൻസ് കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വാഹനത്തിന്റെ ഇൻഷുറൻസ് വിവരം 'വാഹൻ' സോഫ്റ്റ്‌വെയറിൽ എത്തിയിരുന്നു. സോഫ്റ്റ്‌വെയർ അപ്‌ഡേഷൻ വന്നപ്പോൾ ഈ വിവരം വീണ്ടും ആവശ്യപ്പെടുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike ridersMotor Vehicle DepartmentCityinspectionfinesnight
News Summary - നഗരത്തിൽ രാത്രികാല പരിശോധന; ബൈക്ക് അഭ്യാസികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ്, 2.20 ലക്ഷം പിഴ
Next Story