സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍ അന്തരിച്ചു
text_fieldsകെ.പി. സഹദേവന്‍
കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കെ.പി. സഹദേവന്‍ അന്തരിച്ചു. കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 84 വയസ്സായിരുന്നു പ്രായം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയായിരിക്കേയാണ് അന്ത്യം.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബീഡി തെറുപ്പുക്കാരനായി ജീവിതം തുടങ്ങി, തുടർന്ന് കെ.പി. ടുബാക്കോ വര്‍ക്കേഴ്‌സ് യൂനിയന്‍ കണ്ണോത്തുംചാല്‍ ഡിവിഷന്‍ സെക്രട്ടറിയായി പൊതുപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. സി.ഐ.ടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം, ബീഡി ആൻഡ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥക്കാലത്ത് 'മിസ' പ്രകാരം ഇരുപത് മാസം ജയിൽ ജീവിതം നയിച്ചു. വിവിധ കാലയളവില്‍ രണ്ടുവര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നു. 1955-56ല്‍ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വം സ്വീകരിച്ചു. 1964ല്‍ സി.പി.എം രൂപം കൊണ്ടതുമുതല്‍ 78 വരെ കണ്ണൂര്‍ മുനിസിപ്പല്‍ ലോക്കല്‍ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചു. 1978ല്‍ ജില്ലാ കമ്മിറ്റി അംഗമായും പിന്നീട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാവുകയും ചെയ്തു. 2005ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. 2022ലാണ് സംസ്ഥാന കമ്മിറ്റിയില്‍നിന്ന് സ്ഥാനമൊഴിഞ്ഞത്. 2006ല്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു കെ.പി. സഹദേവന്‍.

