സി.പി.ഐ ഭരിക്കുന്ന ബാങ്കിനെതിരെ സമരവുമായി സി.ഐ.ടി.യു
text_fieldsകോട്ടയം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പിന്നാലെ സി.പി.ഐ ഭരിക്കുന്ന ബാങ്കിനെതിരെ പ്രത്യക്ഷസമരവുമായി സി.പി.എം സംഘടന. സംഭവത്തില്‍ ഹൈകോടതി ഇടപെട്ടതോടെ ബാങ്കിെൻറ പൊതുയോഗം നടന്നത് വന്‍ പൊലീസ് സന്നാഹത്തോടെ.
സി.പി.ഐയുടെ ട്രേഡ് യൂനിയനായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ഭരിക്കുന്ന കോട്ടയം നഗരത്തിലെ കമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിനു മുന്നിലാണ് സി.ഐ.ടി.യു നേതൃത്വത്തിലുള്ള കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയന്‍ സമരവുമായെത്തിയത്.
ശനിയാഴ്ച പൊതുയോഗം നടക്കുമ്പോള്‍ ബാങ്ക് ഉപരോധിക്കുമെന്ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടന നേരേത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുയോഗം അലങ്കോലപ്പെടുത്തുക എന്നതാണ് സമരക്കാരുടെ ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഭരണസമിതി ഹൈകോടതിയെ സമീപിച്ചു.
കോട്ടയം ജില്ല പൊലീസ് മേധാവിയും കോട്ടയം വെസ്റ്റ് എസ്.എച്ച്.ഒയും കോടതി നിർദേശപ്രകാരമാണ് സുരക്ഷയൊരുക്കിയത്. കഴിഞ്ഞ 52 വർഷമായി കമേഴ്സ്യൽ ബാങ്ക് എംപ്ലോയീസ് സഹകരണ ബാങ്കിൽ ഭരണം നിർവഹിച്ചു വരുന്നത് സി.പി.ഐയുടെ ട്രേഡ് യൂനിയനായ ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ്.
2020 ജൂലൈ 31ന് വിരമിച്ച സെക്രട്ടറി വിൻസി ജോർജിെൻറ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നില്ലെന്നും ആരോപിച്ചാണ് സി.പി.എം സംഘടന രംഗത്തെത്തിയത്. എന്നാല്‍, വിന്‍സി ജോര്‍ജ് വിരമിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ അവരുടെ വിരമിക്കൽ ആനുകൂല്യമായ പി.എഫ്, ഗ്രാറ്റ്വിറ്റി, ബോണസ് എന്നിവ വിതരണം ചെയ്തതായി ബാങ്ക് അധികൃതര്‍ പറയുന്നു.
അതേസമയം, ലീവ് എൻകാഷ്മെൻറ് വിതരണം ചെയ്യുന്നതിനു മുമ്പാണ് രണ്ടു സഹകാരികള്‍ പരാതിയുമായി രംഗത്തെത്തിയത്. ഇതേതുടര്‍ന്ന് ഇവർ സെക്രട്ടറിയായി ചുമതല വഹിച്ചിരുന്ന കാലയളവിലെ ചില പ്രവർത്തനത്തെ കുറിച്ച് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു.
ഇതോടെ, അന്വേഷണം പൂർത്തിയായി റിപ്പോർട്ട് വന്നതിനുശേഷം ലീവ് എന്കാഷ്മെൻറ് വിതരണം നടത്തിയാല്‍ മതിയെന്ന് ബോര്‍ഡ് തീരുമാനിച്ചിരുന്നു. വിൻസി ജോർജിനെയും അവർ പ്രതിനിധാനം ചെയ്തിരുന്ന സംഘടനയെയും അറിയിച്ചിരുന്നുവെങ്കിലും നിയമവശങ്ങള്‍ പഠിക്കാന്‍ തയാറാകാതെ സംഘടന സമരരംഗത്തിറങ്ങുകയായിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.