ഇ-ബസുകളുടെ കന്നിയാത്ര തടഞ്ഞ് സി.ഐ.ടി.യു; സർവിസുകൾ തുടങ്ങിയത് നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം
text_fieldsതിരുവനന്തപുരം: സ്വിഫ്റ്റിന് കീഴിൽ തുടങ്ങിയ ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര തടഞ്ഞ് സി.ഐ.ടി.യു പ്രതിഷേധം. കെ.എസ്.ആർ.ടി.സിയുടെ കീഴിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന സർവിസുകളെ ഇ-ബസുകൾ ഉപയോഗിച്ച് കെ-സ്വിഫ്റ്റിന്റെ കീഴിൽ കൊണ്ടുവരാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും വേണ്ടത്ര കൂടിയാലോചനകളില്ലെന്ന് ആരോപിച്ചുമാണ് ബസുകൾ തടഞ്ഞത്.
തമ്പാനൂർ സെൻട്രൽ ഡിപ്പോയിലാണ് ഗതാഗത മന്ത്രി ആൻറണി രാജു പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങ് നടന്നതെങ്കിലും സിറ്റി ഡിപ്പോയിലും പേരൂർക്കട ഡിപ്പോയിലുമാണ് ഇ-ബസുകൾ വിന്യസിച്ചിരുന്നത്. ഇൗ രണ്ട് ഡിപ്പോകളിലുമായിരുന്നു സി.ഐ.ടി.യു പ്രതിഷേധം അരങ്ങേറിയത്.
കിഴക്കേകോട്ട സിറ്റി സ്റ്റാൻഡിൽനിന്ന് കന്നിയാത്ര തുടങ്ങാനിരുന്ന 14 ഇലക്ട്രിക് ബസുകൾക്ക് മുന്നിൽ രാവിലെ മുതൽ സി.ഐ.ടി.യു പ്രവർത്തകർ നിലയുറപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികൾ നേരിട്ടാണ് സമരങ്ങൾക്ക് നേതൃത്വം നൽകിയത്. ഡ്രൈവർമാർ ബസുകളിലെത്തിയെങ്കിലും സമരം മൂലം സർവിസുകൾ തുടങ്ങാനായില്ല. പേരൂർക്കട, സിറ്റി ഡിപ്പോകളിൽനിന്ന് ഒറ്റ ഇ-ബസും ഓടാൻ അനുവദിച്ചില്ല. കനത്തമഴയിലും സമരം നീണ്ടു.
തുടർന്ന് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ബസുകൾ ഓടിത്തുടങ്ങിയത്. വർക്കിങ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്. വിനോദ് എന്നിവരെയും അറസ്റ്റ് ചെയ്തു. ഇതിനിടെ തമ്പാനൂർ ടെര്മിനലില് മന്ത്രി ആന്റണി രാജു ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടനച്ചടങ്ങളിലേക്ക് ടി.ഡി.എഫ് പ്രവർത്തകർ പ്രകടനമായെത്തിയെങ്കിലും ഇവരെയും അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, പ്രതിഷേധങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പണം കിട്ടുന്ന മുറക്ക് ഒരു മുടക്കവുമില്ലാതെ ശമ്പളം കൊടുത്തുകൊണ്ടിരിക്കുമെന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. അറസ്റ്റിനെതിരെ ചൊവ്വാഴ്ച എല്ലാ ജില്ല ഓഫിസുകളിലും യൂനിറ്റുകളും സി.ഐ.ടി.യു പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
സി.എം.ഡിക്ക് മാടമ്പിത്തം -സി.ഐ.ടി.യു
മാനേജ്മെന്റ് ലാഭത്തിലാണെന്ന് പറയുമ്പോഴും വരുമാനവും ചെലവുമെല്ലാം കണക്കാക്കുമ്പോൾ സ്വിഫ്റ്റ് നഷ്ടത്തിലാണെന്ന് സി.ഐ.ടി.യു സംസ്ഥാന ഭാരവാഹികൾ ആരോപിച്ചു. സി.എം.ഡി ബിജുപ്രഭാകറിന്റെ തന്നിഷ്ടപ്രകാരവും ഏകാധിപത്യപരവും തൊഴിലാളി-വ്യവസായവിരുദ്ധവുമായി ഇറക്കുന്ന ഭ്രാന്തൻ ഉത്തരവുകൾ കെ.എസ്.ആർ.ടി.സിയെയും തൊഴിലാളികളെയും ഇല്ലാതാക്കുന്നതാണ്. രണ്ടുമാസത്തെ ടിക്കറ്റ് വരുമാനം 360 കോടി രൂപയും സർക്കാർ സഹായമായ 80 കോടി രൂപയും ചേർത്ത് 440 കോടി രൂപ കൈവശമുള്ളപ്പോഴാണ് കഴിഞ്ഞ രണ്ടുമാസങ്ങളിലെ ശമ്പളം കുടിശ്ശികയാക്കിയിരിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

