‘തെരുവിൽ തല്ലും കട്ടായം, ഇന്നത്തേത് ഫസ്റ്റ് ഡോസ്... വീട്ടിൽ കയറി പണി തരും’ എം.വി.ഐക്ക് സി.ഐ.ടി.യു നേതാക്കളുടെ ഭീഷണി
text_fieldsവണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ എം.വി.ഐ എസ്. ഫ്രാൻസിസിനെതിരെ സി.ഐ.ടി.യു നടത്തിയ പ്രകടനം
കുമളി: വിനോദസഞ്ചാരികളുമായി സവാരി നടത്തുന്ന ജീപ്പ് ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദേശം കലക്ടർക്ക് മുന്നിൽ അവതരിപ്പിച്ചതിനും വാഹനപരിശോധന ശക്തമാക്കിയതിനും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് (എം.വി.ഐ) നേരെ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ എം.വി.ഐ എസ്. ഫ്രാൻസിസിനാണ് സി.ഐ.ടി.യു നേതാക്കളുടെയും പ്രവർത്തകരുടെയും വധഭീഷണി ഉയർന്നത്. സംഭവത്തിൽ ഫ്രാൻസിസ് നൽകിയ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ഇക്കഴിഞ്ഞ 11ന് കുമളി-സത്രം റൂട്ടിൽ വിനോദസഞ്ചാരികളുമായി അമിതവേഗത്തിൽ സഞ്ചരിക്കുന്ന ജീപ്പുകൾ ഫ്രാൻസിസിന്റെ നേതൃത്വത്തിൽ പരിശോധിച്ചിരുന്നു. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ ചില വാഹനങ്ങൾ അവ നീക്കംചെയ്ത് വീണ്ടും പരിശോധനക്ക് ഹാജരാക്കാൻ ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനിടെ സി.ഐ.ടി.യു നേതാക്കടക്കമുള്ള സംഘം സ്ഥലത്തെത്തി പരിശോധന തടസ്സപ്പെടുത്തി ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
‘വീട്ടിൽ കയറി പണി തരും’ എന്നതടക്കമുള്ള ഭീഷണികൾ സംഘം ഉയർത്തിയതായി ഫ്രാൻസിസ് പരാതിയിൽ പറഞ്ഞു. സംഭവത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ഭീഷണി തുടർന്നു. സി.ഐ.ടി.യു നടത്തിയ പ്രകടനത്തിന്റെ ചിത്രം പങ്കുവെച്ച് ‘ഇന്നത്തേത് ഫസ്റ്റ് ഡോസ് മാത്രമായി ഫ്രാൻസിസ് സാർ കാണണം... വടി വെട്ടാം...’ എന്നായിരുന്നു ഒരുഭീഷണി. പോസ്റ്റിനു താഴെ ‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’ എന്നതടക്കമുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു.
ശബരിമല തീർഥാടന സീസണുമായി ബന്ധപ്പെട്ട ഔദ്യോഗിക തിരക്കുകൾ കാരണം പരാതി നൽകാൻ വൈകിയത്. തുടർന്ന് ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകൾ സഹിതം വണ്ടിപ്പെരിയാർ പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

