‘ഭീഷണിപ്പെടുത്താൻ ആയിരിക്കും സി.ഐ.ടി.യു എന്ന് ബ്രാക്കറ്റിൽ ചേർത്തത്’ -റേഞ്ച് റോവർ അപകടത്തിൽ വിചിത്രവാദവുമായി സി.ഐ.ടി.യു നേതാവ്
text_fieldsകൊച്ചി: ലോറിയില്‍നിന്നും ഷോറൂമിലേക്ക് ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വിചിത്രവാദവുമായി സി.ഐ.ടി.യു നേതാവ്. ഭീഷണിപ്പെടുത്താനോ മറ്റോ വേണ്ടിയായിരിക്കും ഡിസ്ട്രിക്ട്സ് കാർ ഡ്രൈവേഴ്സ് യൂനിയൻ എന്ന സംഘടന സി.ഐ.ടിയുവിന്റെ പേര് ഉപയോഗിക്കുന്നത് എന്നാണ് ചുമട്ടുതൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കർ ആരോപിക്കുന്നത്. ഡിസ്ട്രിക്ട്സ് കാർ ഡ്രൈവേഴ്സ് യൂനിയൻ എന്നപേരിൽ സി.ഐ.ടി.യുവിന് സംഘടന ഇല്ലെന്നും അപകടത്തിനിടയാക്കിയയാൾ സി.ഐ.ടി.യു പ്രവർത്തകൻ അല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഇങ്ങനെ ഒരു സംഘടന സി.ഐ.ടി.യുവിൽ ഇല്ല. ഡീലർമാരെ ഭീഷണിപ്പെടുത്താൻ സി.ഐ.ടി.യു എന്ന് എഴുതിച്ചേർത്തതായിരിക്കും. സി.ഐ.ടി.യുവിന് യാതൊരു ബന്ധവുമില്ല, സംഘടന രജിസ്ട്രേഷൻ വാങ്ങിയിട്ടുണ്ടാവാം. അത് ലേബർ ഡിപ്പാർട്ട്മെന്റ് കൊടുക്കുന്നതാവും. അതിന് ശേഷം അവർ സി.ഐ.ടി.യു എന്ന് ബ്രാക്കറ്റിൽ എഴുതിചേർത്തിട്ടുണ്ടാവും. ഇതുപോലുള്ള പ്രശ്നങ്ങളും മറ്റുതടസ്സങ്ങളും ഉണ്ടാവാതിരിക്കാനോ ഭീഷണിപ്പെടുത്താനോ ഒക്കെ വേണ്ടി ചെയ്യുന്ന ഒന്നാണത്. കേരളത്തിലെവിടെയും ചുമട്ടുതൊഴിലാളികൾ കാർ ഇറക്കുകയോ കയറ്റുകയോ ചെയ്യുന്നില്ല. ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുക്കണം’ -അദ്ദേഹം പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദികള്‍ സിഐടിയു ചുമട്ടുതൊഴിലാളികളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അഷ്റഫും വ്യക്തമാക്കിയിരുന്നു. ‘ജില്ലയില്‍ ഒരിടത്തും കാര്‍ കയറ്റിയിറക്കുന്ന പ്രവൃത്തിയില്‍ യൂണിയന്‍ അംഗങ്ങളായ ഒരു തൊഴിലാളി പോലുമില്ല. തൊഴിലുടമകളുമായി ഉണ്ടാക്കുന്ന കരാര്‍ പ്രകാരം ക്ഷേമനിധി ബോര്‍ഡിന്റെ അംഗീകാരത്തോടെയാണ് ചുമട്ടുതൊഴിലാളികള്‍ ജോലിചെയ്യുന്നത്’ -അദ്ദേഹം പറഞ്ഞു.
ചളിക്കവട്ടത്തെ സംഭവത്തില്‍ ലോറിയില്‍നിന്നും ഷോറൂമിലേക്ക് ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ നിയന്ത്രണം വിട്ട് പിന്നോട്ടുനീങ്ങി യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും റോഡിന്റെ വശത്തെ വൈദ്യുതി തൂണുകളിലും ഇടിച്ചുനില്‍ക്കുകയായിരുന്നു. ഷോറൂമിലെ ജീവനക്കാരനായ മട്ടാഞ്ചേരി സ്വദേശി ആന്റണി സേവ്യറാണ് (36) മരിച്ചത്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാറില്ലെന്നും ആര്‍ടിഒ കെ.ആര്‍. സുരേഷിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അപകടകാരണം മാനുഷിക പിഴവോ യന്ത്രത്തകരാറോ എന്നതില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കാര്‍ ഇറക്കിയ അന്‍ഷാദിന് ആഡംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.ഐ. അസ്സിം അറിയിച്ചു.
കാര്‍ പുറകോട്ട് ഇറക്കിയപ്പോള്‍ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റിയിരുന്നില്ല. ആക്‌സിലേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രണത്തില്‍ നിന്നില്ല. ഇതോടെ പിന്നോട്ട് പാഞ്ഞുകയറി അപകടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

