പൗരത്വ ഭേദഗതി നിയമം: പിൻവലിക്കാതെ കിടക്കുന്നത് 118 കേസുകൾ
text_fieldsപ്രതീകാത്മക ചിത്രം
മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് പിൻവലിക്കാതെ കിടക്കുന്നത് 118 കേസുകൾ. നിയമസഭയിൽ സെപ്റ്റംബർ 30ന് കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
ഗുരുതര സ്വഭാവം ഉൾപ്പെടെയുള്ള കേസുകൾ കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണ് അവ പിൻവലിക്കാത്തതെന്നാണ് രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കേസുകൾ പിൻവലിക്കാതെ കിടക്കുന്നത്.- 32 എണ്ണം. മലപ്പുറം ജില്ലയാണ് രണ്ടാമത്- 19 കേസുകൾ. മൂന്നാമതുള്ള എറണാകുളത്ത് 14 ഉം നാലാമതുള്ള കോഴിക്കോട്ട് 13 ഉം കേസുകളും പിൻവലിക്കാതെ കിടക്കുന്നുണ്ട്.
കൊല്ലം- ഒമ്പത്, കണ്ണൂർ -ഏഴ്, തൃശ്ശൂർ-വയനാട് എന്നിവിടങ്ങളിൽ അഞ്ച് വീതം, ഇടുക്കി- നാല്, പാലക്കാട്-കാസർകോട് എന്നിവിടങ്ങളിൽ മൂന്ന് വീതം, കോട്ടയം- രണ്ട്, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിൽ ഓരോന്ന് വീതം കേസുകളും പിൻവലിക്കാതെ കിടക്കുന്നുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രക്ഷോഭത്തിൽ സംസ്ഥാനത്ത് ആകെ 843 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. കോഴിക്കോട് ജില്ലയിലാണ് കൂടൂതൽ കേസുകളെടുത്തത്- 161. രണ്ടാമതുള്ള മലപ്പുറത്തും കണ്ണൂരും 93 വീതം കേസുകളും മൂന്നാമതുള്ള തിരുവനന്തപുരത്ത് 90 കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. തൃശ്ശൂർ- 87, പാലക്കാട്- 85, എറണാകുളം- 55, കൊല്ലം- 44, വയനാട്- 32, കോട്ടയം -26, ആലപ്പുഴ -25, കാസർകോട്- 18, ഇടുക്കി- 17, പത്തനംതിട്ട- 16. റെയിൽവേയിൽ ഒരു കേസും രജിസ്റ്റർ ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

