സി.ഐയുടെ ആത്മഹത്യ: ഇരയായ സ്ത്രീ മൊഴി നൽകി
text_fieldsപാലക്കാട്: ചെർപ്പുളശ്ശേരി എസ്.എച്ച്.ഒ ആയിരുന്ന ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കപ്പെട്ട ഇരയായ സ്ത്രീ പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്ക് മൊഴി നൽകി. സംഭവത്തിൽ പാലക്കാട് ജില്ല പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് വിശദറിപ്പോര്‍ട്ട് കൈമാറി.
ഇപ്പോഴത്തെ ഒരു ഡിവൈ.എസ്.പി 2014ൽ പാലക്കാട് ജില്ലയിൽ സർക്കിൾ ഇൻസ്‌പെക്ടറായിരിക്കെ, വടക്കാഞ്ചേരിയിൽ അറസ്റ്റിലായ യുവതിയെ കേസിൽനിന്ന് ഒഴിവാക്കാനെന്ന് വാഗ്ദാനം നൽകി പല തവണ പീഡിപ്പിച്ചതായാണ് ആത്മഹത്യക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ആ ഉദ്യോഗസ്ഥനെ കാറിൽ യുവതിയുടെ വീട്ടിലെത്തിച്ചത് കീഴ് ഉദ്യോഗസ്ഥനായിരുന്ന താനായിരുന്നെന്നും ബിനുവിന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്. സംഭവം പുറത്തുവരാതിരിക്കാൻ ഭീഷണിയും ഉപദ്രവവുമുണ്ടായെന്നാണ് ആരോപണമുയരുന്നത്.
വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്തേക്കും. നവംബർ 15ന് ക്വാർട്ടേഴ്സിൽ ആത്മഹത്യ ചെയ്ത ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പ് പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാല്‍ നടപടിക്ക് ഡി.ജി.പി, സര്‍ക്കാര്‍ തലത്തില്‍ തീരുമാനം വരേണ്ടതുണ്ട്. 2014ല്‍ പാലക്കാട്ട് സർവിസിലിരിക്കെ നടന്ന കാര്യങ്ങളാണ് നവംബര്‍ 15ന് ആത്മഹത്യചെയ്ത ബിനു തോമസിന്‍റെ കുറിപ്പിലുള്ളത്. ആരോപണവിധേയനായ മേലുദ്യോഗസ്ഥന്‍ നിലവില്‍ കോഴിക്കോട് ജില്ലയില്‍ ഡിവൈ.എസ്.പിയാണ്.
ചെര്‍പ്പുളശ്ശേരി നഗരത്തിൽവെച്ച് അനാശാസ്യത്തിന് അറസ്റ്റിലായ യുവതിയാണ് പൊലീസ് ഉദ്യോഗസ്ഥനാല്‍ പീഡിപ്പിക്കപ്പെട്ടത്. അറസ്റ്റ് ചെയ്ത അന്നു തന്നെ അവരെ സ്റ്റേഷനില്‍ എത്തിച്ചിരുന്നെങ്കിലും പിന്നീട് പറഞ്ഞുവിട്ടു. അന്നേ ദിവസം രാത്രി ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ബിനു തോമസിനെ ഭീഷണിപ്പെടുത്തി ഒപ്പംകൂട്ടി സ്ത്രീയുടെ വീട്ടിലെത്തി. അതിനുശേഷം ഇക്കാര്യം പറഞ്ഞ് തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബിനു തോമസ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
ആറു മാസം മുമ്പാണ് ചെര്‍പ്പുളശ്ശേരിയിൽ ബിനു തോമസ് ജോലിക്ക് കയറിയത്. നവംബര്‍ 15ന് ഉച്ചയോടെ ഭക്ഷണം കഴിക്കാന്‍ തന്റെ കോട്ടേജിലേക്ക് പോയ ബിനു പിന്നെ തിരിച്ചുവന്നില്ല. തുടര്‍ന്ന് സഹപ്രവർത്തകർ കോട്ടേജില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തോട് ചേർന്ന് 32 പേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിരുന്നു. തൊട്ടിൽപാലം സ്വദേശിയാണ് 52കാരനായ ബിനു.
സി.ബി.ഐ അന്വേഷണ ആവശ്യം പരിശോധിക്കാൻ നിർദേശം
പാലക്കാട്: ഡിവൈ.എസ്.പിക്കെതിരെ ആരോപണമുന്നയിച്ച സർക്കിൾ ഇൻസ്‌പെക്ടറുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ആവശ്യം പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം. ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഇൻസ്‌പെക്ടറായിരുന്ന ബിനു തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പരാതി ഉചിത നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

