വിനോദയാത്രക്കായി ‘സദാചാര സർക്കുലർ’ പുറത്തിറക്കി കോളജ് അധികൃതർ; പ്രതിഷേധവുമായി വിദ്യാർഥികൾ
text_fieldsവിദ്യാർഥികളുടെ വിനോദയാത്രക്കായി കോളജ് അധികൃതർ സദാചാര സർക്കുലർ പുറത്തിറക്കിയെന്ന് ആരോപണം. കൊല്ലം എസ്.എന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കുളള വിനോദയാത്രക്കുളള നിയമാവലിയെന്ന പേരിലാണ് ഇത് പ്രചരിക്കുന്നത്. എന്നാൽ സർക്കുലറിൽ കോളജിന്റെ സീലോ ഒപ്പോ ലെറ്റര്‍പാഡോ ഒന്നുമില്ല. ഇങ്ങനെ ഒരു നിയമാവലി കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതേ തുടർന്ന് കോളജ് കവാടത്തില്‍ ‘സദാചാരം പടിക്കു പുറത്ത്’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രിന്റ് ചെയ്ത രീതിയിലുള്ള നിയമാവലി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘ആണും പെണും ഒന്നിച്ചു ഫോട്ടോ എടുക്കരുത്,ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം, മാന്യമായ വസ്ത്രം ധരിക്കണം തുടങ്ങി പതിനൊന്ന് നിര്‍ദേശങ്ങളടങ്ങിയ നിയമാവലിയാണ് പ്രചരിക്കുന്നത്.
ബസിന്റെ മുന്‍വശത്തായാണ് പെണ്‍കുട്ടികള്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നത്, ഈ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ ഇരിക്കാന്‍ പാടില്ല, പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം, പെണ്‍കുട്ടികള്‍ ഒപ്പമുള്ള അധ്യാപകരോ എസ്കോര്‍ട്ടോ ഇല്ലാതെ ഒറ്റയ്ക്ക് എവിടെയും പോകരുത്, ഷോപ്പിങ്ങിനും സൈറ്റ് സീയിങ്ങിനും പോകുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാവരും ഒറ്റ ഗ്രൂപ്പായി അധ്യാപകര്‍ക്കോ എസ്കോര്‍ട്ടിനോ ഒപ്പമേ സഞ്ചരിക്കാവൂ, പെണ്‍കുട്ടികള്‍ക്കായി പ്രത്യേക സുരക്ഷിത താമസസ്ഥലങ്ങള്‍ ഒരുക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനു ശേഷം ഈ മുറികള്‍ പുറത്തുനിന്ന് പൂട്ടുന്നതാണ്. എമര്‍ജന്‍സി അലാമുകളോ ഫോണുകളോ നല്‍കുന്നതാണ്, ഫോട്ടോ എടുക്കുന്നതിന് വിലക്കില്ല, പക്ഷേ ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമായി ഫോട്ടോ എടുക്കരുത്. ഫോട്ടോയ്ക്ക് മാന്യമായ പോസുകള്‍ മാത്രമേ അനുവദിക്കൂ, പെണ്‍കുട്ടികള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കരുത്. ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാം, പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍, പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള ചെരുപ്പുകള്‍ വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍. ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം, വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പ്രവര്‍ത്തികളുണ്ടായാല്‍ വിനോദയാത്രയുടെ അവസാനം കടുത്ത നടപടികള്‍ ഉണ്ടാകുന്നതാണ് എന്നിങ്ങനെയാണ് സർക്കുലർ പറയുന്നത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്.
സർക്കുലർ പുറത്തിറക്കിയത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയെന്ന് പ്രിൻസിപ്പാൾ ഡോ. നിഷ ജെ തറയിൽ പറഞ്ഞു. ഏത് അധ്യാപകനാണ് ഇതിന് പിന്നിലെന്ന് അന്വേഷിക്കുമെന്നും അവർ പറഞ്ഞു. നാക് സംഘം വരും ദിവസങ്ങളിൽ കോളേജ് സന്ദർശിക്കാനിരിക്കെയാണ് സദാചാര സർക്കുലർ വിവാദം ഉടലെടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

