സിനിമ തിയറ്ററുകളിൽ ഇനി സർക്കാറിന്റെ ഇ-ടിക്കറ്റുകൾ മാത്രം
text_fieldsകൊച്ചി: സ്വകാര്യ സിനിമ തിയറ്റുകളിലടക്കം ഇനി ടിക്കറ്റുകൾ വിൽക്കേണ്ടത് ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) വികസിപ്പിച്ച ഇ-ടിക്കറ്റ് സോഫ്റ്റ്വെയർ ഉപയോഗിച്ച് മാത്രം. ടിക്കറ് റിങ്ങിന് ഏകീകൃത സ്വഭാവമുണ്ടാകുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്ക് നികുതി സംബന്ധിച്ച ഏത് വിവരവും പരിശോധിക്കാൻ എളുപ്പത്തിനുമാണിത്.
മറ്റ് ഓൺലൈൻ റിസർവേഷൻ സോഫ്റ്റു വെയറുകളും മൊബൈൽ ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്ന തിയറ്ററുകളും ഇനി സർക്കാറിെൻറ സോഫ്റ്റ്വെയർ മാത്രമേ ഉപയോഗിക്കാവൂ. അതേസമയം, സർക്കാർ സോഫ്റ്റ്വെയറുമായി സംയോജിപ്പിച്ച് ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ നടത്താൻ സൗകര്യമുണ്ടാകും. സർക്കാർ സോഫ്റ്റ്വെയറിനെ അടിസ്ഥാന സോഫ്റ്റ്വെയറായി നിലനിർത്തി മറ്റുള്ളവയിലേക്ക് ടിക്കറ്റുകൾ നൽകുന്നതാണ് ഈ രീതി. ഇത്തരത്തിൽ വിൽക്കുന്ന ടിക്കറ്റുകളുടെ ഡെയിലി കലക്ഷൻ റിപ്പോർട്ട് (ഡി.സി.ആർ) ഉൾപ്പെടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് ഓൺലൈനായി കൈമാറണം.
തിയറ്ററുകളിലെ കൗണ്ടർ മൊഡ്യൂളുകളിൽനിന്ന് ഒരു സീറ്റിന് ഒരുരൂപ നിരക്കിലും ഓൺലൈൻ ടിക്കറ്റുകളിൽനിന്ന് 1.50 രൂപ നിരക്കിലും ഇ-ടിക്കറ്റിങ് ആപ്ലിക്കേഷൻ മെയിനൻറനൻസ് ആൻഡ് സപ്പോർട്ട് ചാർജായി ഇൻഫർമേഷൻ കേരള മിഷന് നൽകണം. സോഫ്റ്റ്വെയർ സൗജന്യമായി ഐ.കെ.എം എല്ലാ തിയറ്ററുകളിലും ഇൻസ്റ്റാൾ ചെയ്യും. ഹാർഡ് വെയർ സംവിധാനങ്ങൾ തിയറ്ററുകൾതന്നെ സ്ഥാപിക്കണം.
പൊതുജനങ്ങൾക്കും തിയറ്ററുകൾക്കും സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കും കാൾ സെൻററും ഐ.ടി മിഷൻ സജ്ജമാക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടമെന്ന നിലയിൽ തിരുവനന്തപുരത്തെ ഒരു തിയറ്ററിൽ സോഫ്റ്റ്വെയർ സ്ഥാപിച്ച് വിലയിരുത്തിവരുകയാണ്. ഉടൻതന്നെ എല്ലാ തിയറ്ററുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ഐ.കെ.എം അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
