36 ഏക്കറിൽ എയ്റോ പാർക്കുമായി സിയാൽ; ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
text_fieldsസിയാൽ എയ്റോ പാർക്കിലെ ബിസിനസ് സെന്റർ
കൊച്ചി: യാത്രാസൗകര്യങ്ങൾക്കപ്പുറം വ്യോമയാന മേഖലയുടെ സമഗ്ര വളർച്ചക്ക് സാങ്കേതികവും ബൗദ്ധികവുമായ കേന്ദ്രമായി സിയാലിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെ സിയാൽ എയ്റോ പാർക്ക് പദ്ധതി ഒരുങ്ങുന്നു. ഏവിയേഷൻ മേഖലയിലെ അറ്റകുറ്റപ്പണികൾ, പരിശീലനങ്ങൾ, സാങ്കേതിക സഹായ സേവനങ്ങൾ, എന്നിവയെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് മികവിന്റെ കേന്ദ്രമായി മാറ്റുന്ന പദ്ധതി ഫെബ്രുവരി ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ഏവിയേഷൻ അനുബന്ധ കമ്പനികൾ, എയർ ക്രാഫ്റ്റ് ഹാങ്ങറുകൾ, എയർ ക്രാഫ്റ്റ് പാർക്കിങ് സൗകര്യം, ഏവിയേഷൻ പരിശീലന കേന്ദ്രങ്ങൾ, സാങ്കേതിക സഹായ കേന്ദ്രങ്ങൾ എന്നിവ അടങ്ങിയ പദ്ധതി 36 ഏക്കറിലാണ് യാഥാർത്ഥ്യമാകുന്നത്. അന്നേ ദിവസം 101 കോടിയുടെ ആറ് പദ്ധതികൾ കൂടി എയ്റോ പാർക്കിനൊപ്പം ചേർക്കപ്പെടും.
സിയാലിനെ സാങ്കേതികമായി സ്വയംപര്യാപ്തമാക്കുന്ന ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, പ്രീമിയം കോ-വർക്കിംഗ് സ്പേസായ സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ, രാജ്യത്തെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി എന്നിവയാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായതെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. എയ്റോ പാർക്കിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് 30 കോടി ചെലവിൽ നിർമിച്ച സി.ഐ.എ.എസ്.എൽ ബിസിനസ് സെന്റർ. 40,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ രണ്ടു നിലകളിലായി നിർമ്മിച്ച ഈ അത്യാധുനിക കെട്ടിടം, ഒരു വിമാനത്താവള കമ്പനിയുടെ കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ അപൂർവ പ്രീമിയം കോ-വർക്കിംഗ് ഇടമാണ്. നാനൂറിലധികം പേർക്ക് ഒരേസമയം ജോലി ചെയ്യാൻ സൗകര്യമുണ്ട്. മുപ്പതോളം കമ്പനികൾക്ക് ഒരേ സമയം പ്രവർത്തിക്കാം. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി 15 കോടി ചെലവഴിച്ചാണ് അത്യാധുനിക ടെക്നിക്കൽ സർവിസസ് സൗകര്യം സജ്ജമാക്കിയത്.
ഡാറ്റാ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ സംവിധാനം വഴി ഓരോ ഉപകരണത്തിന്റെയും പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിക്കാം. അഗ്നിശമന സേനയുടെ കാര്യക്ഷമതയും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള കഴിവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ രണ്ട് കോടി ചെലവിലാണ് ഏവിയേഷൻ ബ്രീത്തിംഗ് അപ്പാരറ്റസ് ട്രെയിനിംഗ് ഗാലറി പൂർത്തിയാക്കിയത്. ഒന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തി 56 കോടിയുടെ മൂന്ന് പുതിയ പദ്ധതികൾക്ക് കൂടി ഉടൻ എയ്റോ പാർക്കിൽ സജ്ജമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

