‘യുവതി സ്ഥിരം പരാതിക്കാരി, ബലാത്സംഗ ആരോപണം കള്ളം, പണം തട്ടാനുള്ള ശ്രമം പൊളിഞ്ഞതിലുള്ള വൈരാഗ്യം’ -സി.ഐ വിനോദ്
text_fieldsമലപ്പുറം: തനിക്കെതിരെയുള്ള വീട്ടമ്മയുടെ ബലാത്സംഗ ആരോപണം കള്ളമാണെന്ന് മുൻ പൊന്നാനി സി.ഐ. വിനോദ്. താൻ നിരപരാധിയാണെന്നും പണം തട്ടാനുള്ള പരാതിക്കാരിയുടെ ശ്രമം പൊളിഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് തനിക്കെതിരെ നീങ്ങിയതെന്നും സഹപ്രവർത്തകർക്ക് അയച്ച ശബ്ദ സന്ദേശത്തിൽ സി.ഐ വിനോദ് പറഞ്ഞു. ആരോപണം ഉന്നയിച്ച സ്ത്രീ പലർക്കെതിരെയും ഇത്തരത്തിൽ നിരവധി പരാതി ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘യുവതി സ്ഥിരം പരാതിക്കാരിയാണ്. പണം തട്ടാനുള്ള സ്ത്രീയുടെ നീക്കം തടഞ്ഞതാണ് തന്നോട് ഉള്ള വൈരാഗ്യത്തിന് കാരണം. തനിക്കെതിരായ പരാതിയിൽ ഡി.വൈ.എസ്.പി ബെന്നിയും എസ്.പി സുജിത്ത് ദാസും സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.പിയും പല തവണ അന്വേഷണം നടത്തിയിരുന്നു. സംഭവം നടന്നെന്ന് ആരോപിക്കുന്ന ദിവസം ഞാനും പരാതിക്കാരിയും ഒരേ ലൊക്കേഷനിൽ ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതാണ്. എന്നിട്ടും ആരോപണം ഉയരുമ്പോഴേക്കും കുറ്റവാളിയെ പോലെ ഫോട്ടോ സഹിതം പ്രചരിപ്പിക്കുന്നത് എന്റെ കുടുംബത്തിലും സുഹൃത്തുക്കൾക്കിടയിലും അവമതിപ്പുണ്ടാക്കി’ -വിനോദ് വ്യക്തമാക്കി.
വീട്ടമ്മയുടെ പരാതി അടിസ്ഥാനരഹിതമാണെന്ന് ആരോപണ വിധേയനായ ഡിവൈഎസ്പി വി.വി. ബെന്നിയും പ്രതികരിച്ചു. മുട്ടിൽ മരംമുറിക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആയതുകൊണ്ടാണ് തനിക്കെതിരെ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗ ആരോപണത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് മലപ്പുറം മുൻ എസ്‍.പി സുജിത് ദാസും പറഞ്ഞു. സഹോദരനും കുട്ടിക്കും ഒപ്പമാണ് 2022ൽ പരാതിക്കാരി കാണാൻ എത്തിയത്. പൊന്നാനി ഡിവൈഎസ്പിയിൽ നിന്നും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞാണ് പരാതിക്കാരി തന്റെ അടുത്തെത്തിയത്. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും പരാതി അന്വേഷിച്ചു. പിന്നീട് സ്ത്രീയെ കണ്ടിട്ടില്ലെന്നും സുജിത് ദാസ് പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട പരാതി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകുമെന്നും സുജിത് ദാസ് വ്യക്തമാക്കി.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ തന്നെ മലപ്പുറം മുന്‍ എസ്പി സുജിത് ദാസ്, പൊന്നാനി മുന്‍ സിഐ വിനോദ് എന്നിവര്‍ പീഡിപ്പിച്ചെന്നും തിരൂര്‍ മുന്‍ ഡിവൈഎസ്പി വിവി ബെന്നി ഉപദ്രവിച്ചെന്നുമാണ് യുവതിയുടെ പരാതി. 2022ലാണ് പീഡനം നടന്നതെന്ന് പരാതിയിൽ പറയുന്നു. ആദ്യം പരാതി നൽകിയ പൊന്നാനി സിഐ വിനോദാണ് ആദ്യം വീട്ടിലെത്തി ബലാത്സംഗം ചെയ്തത്. ഈ പരാതി ഡിവൈഎസ്പി ബെന്നിക്ക് കൈമാറിയെന്നും എന്നാൽ, ബെന്നിയും വീട്ടിലെത്തി ഉപദ്രവിച്ചതായും ഇവർ പറയുന്നു. പരിഹാരം ഇല്ലാത്തതിനാല്‍ മലപ്പുറം എസ്പിയെ കണ്ടുവെന്നും എന്നാല്‍ സുജിത് ദാസും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും യുവതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.