സഭ തർക്കം: ഉത്തരവ് നടപ്പാക്കുന്നതിൽ ഹൈകോടതി സർക്കാർ നിലപാട് തേടി
text_fieldsകൊച്ചി: ക്രൈസ്തവ സഭ തർക്കവുമായി ബന്ധപ്പെട്ട 2017ലെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാറിെൻറ നിലപാട് തേടി ഹൈകോടതി. യാക്കോബായ-ഓർത്തഡോക്സ് സഭ തർക്കത്തിലെ പരമോന്നത കോടതിയുടെ ഉത്തരവ് നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന സർക്കാറിനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് നിർദേശിച്ചത്.
എറണാകുളം വടവുകോട് സെൻറ് മേരീസ് പള്ളിയിലെ ചടങ്ങുകൾക്കും പ്രാർഥനക്കും സംരക്ഷണംതേടി ഒാർത്തഡോക്സ് സഭ വികാരി നൽകിയ ഹരജികളാണ് പരിഗണിച്ചത്. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നത് സമാധാനാന്തരീക്ഷം ഇല്ലാതാക്കുമെന്നതിനാലാണ് നടപടി വൈകുന്നതെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം.
എന്നാൽ, ഇത്തരമൊരു നിലപാട് സർക്കാറിന് സ്വീകരിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതിൽ എന്ത് നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നാണ് അറിയേണ്ടത്. എങ്കിലേ അന്തിമ തീരുമാനമെടുക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.
തുടർന്ന് ഹരജികൾ ഈ മാസം 29ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
'ജുഡീഷ്യറിയോടുള്ള വെല്ലുവിളി'
കോട്ടയം: സുപ്രീംകോടതി അന്തിമ വിധി കൽപിച്ച സഭാ കേസുകളില്‍ കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ വൈകുന്നതിനെ വിമര്‍ശിച്ച് കേരള ഹൈകോടതിയില്‍നിന്നുണ്ടായ പരാമര്‍ശങ്ങള്‍ സംസ്ഥാന സര്‍ക്കാറിെൻറ കണ്ണ് തുറപ്പിക്കുമെന്നും കോടതി പരാമര്‍ശത്തെ സ്വാഗതം ചെയ്യുന്നുവെന്നും മലങ്കര അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു. സുപ്രീംകോടതി വിധി രാജ്യത്തിെൻറ നിയമമാണ്. അവ നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ട് – അദ്ദേഹം പറഞ്ഞു.