കേരള ചീഫ് സെക്രട്ടറിയെ ജയിലിലയക്കേണ്ടിവരും -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സഭാ തർക്കത്തിൽ ഒാർത്തഡോക്സ് സഭക്ക് അനുകൂലമായി പുറപ്പെടുവിച്ച സുപ്രീംകോടതി വിധി നടപ്പാക്കാത് തതിന് കേരള ചീഫ് സെക്രട്ടറിയെ ജയിലിലയക്കേണ്ടി വരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ്. കോടതിയലക്ഷ്യത്തിന് ബിഹാർ ചീഫ് സെക്രട്ടറിയെ ജയിലിലയച്ചത് ഒാർമിപ്പിച്ച ജസ്റ്റിസ് അരുൺ മിശ്ര കേരളം നിയമത്തിന് മുകളിലാണോ എന്ന് ചോദിച്ചു. തങ്ങൾക്കെതിരായ കേരള ഹൈകോടതി വിധിക്കെതിരെ ഒാർത്തഡോക്സ് വിഭാഗം സമർപ്പിച്ച രണ്ട് പ്രത്യേകാനുമതി ഹരജികൾ തീർപ്പാക്കി ഇൗ വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനും ബെഞ്ച് ഉത്തരവിട്ടു.
പള്ളി തർക്കങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2017ലും 2018ലും പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം രണ്ട് റിട്ട് ഹരജികളുമായി ഹൈകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ കേരള ഹൈകോടതി വിശ്വാസികളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും സ്ഥിരം പൊലീസ് സുരക്ഷ നൽകാനാകില്ലെന്നും വ്യക്തമാക്കി. അതോടൊപ്പം ഹൈകോടതി 2017ലെ സുപ്രീംകോടതി വിധിയിൽ വ്യക്തതവരുത്തുകയും ചില നിർദേശങ്ങൾ നൽകുകയും ചെയ്തു. മലങ്കര ചർച്ചിലെ അംഗങ്ങൾ മരിച്ചു കഴിഞ്ഞാൽ അടക്കം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലാണ് നിർദേശങ്ങൾ നൽകിയത്.
എന്നാൽ, സുപ്രീംകോടതി വിധിയിൽ വ്യക്തത വരുത്താൻ കേരള ഹൈകോടതിക്ക് അധികാരമില്ലെന്നും അത് സുപ്രീംകോടതിയാണ് ചെയ്യേണ്ടതെന്നും ചുണ്ടിക്കാട്ടി കേരള ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ഒാർത്തഡോക്സ് സഭ അഡ്വ. സദ്റുൽ അനാം മുഖേന സുപ്രീംകോടതിയിലെത്തുകയായിരുന്നു.
കേസ് പരിഗണിച്ചപ്പോൾ തന്നെ കേരള സർക്കാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ജയദീപ് ഗുപ്തയെ വാദിക്കാൻ പോലും അനുവദിക്കാതെയാണ് ജസ്റ്റിസ് അരുൺ മിശ്ര പൊട്ടിത്തെറിച്ചത്. സംസ്ഥാന സർക്കാർ ചെയ്യുന്നത് ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. ആദ്യം മൂന്നംഗ ബെഞ്ചും പിന്നീട് രണ്ടംഗ ബെഞ്ചും വിധി പുറപ്പെടുവിച്ച കേസാണിത്. ഒരു കോടതിക്കും ഇതിലിനി ഇടപെടാനാകില്ല. ഇതിനകം കോടതിയലക്ഷ്യം പ്രവർത്തിച്ചു. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാണ് ശ്രമം. അത് തുടരാൻ അനുവദിക്കില്ല. കേരള ചീഫ് സെക്രട്ടറിയെ ഇവിടെ വിളിച്ചുവരുത്തി നേരെ ജയിലിലയക്കും. വിളിച്ചുവരുത്താൻ പോകുകയാണെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് മിശ്ര കേരളം നിയമത്തിന് മുകളിലാണോ എന്ന് ചോദിച്ചു. ബിഹാർ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് ആരെങ്കിലും അദ്ദേഹത്തിന് പറഞ്ഞു കൊടുക്കണം.
1959 മുതൽ തുടങ്ങിയ കേസ് ദീർഘകാലം കേട്ടാണ് വിധി പുറപ്പെടുവിച്ചത്. രണ്ടാമത്തെ വിധിയിൽ എല്ലാം വ്യക്തമായിട്ടും പത്തോളം റിട്ട് പെറ്റിഷനുകൾ വീണ്ടും എത്തിയത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. ചീഫ് സെക്രട്ടറിെക്കതിരെ കോടതിയലക്ഷ്യ നോട്ടീസ് അയക്കാനുള്ള ഉത്തരവിലേക്ക് കടക്കാനിരിക്കേ ജയദീപ് ഗുപ്‌തയുടെ അപേക്ഷ മാനിച്ച് കോടതി പിന്മാറി. സുപ്രീം കോടതി വിധി നടപ്പാക്കാൻ നിർദേശിച്ച് ഹരജി തീർപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
