‘ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ താമസിക്കുന്നത്’; വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി
text_fieldsആലപ്പുഴ: വിദ്വേഷ പരാമർശവുമായി എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇന്ന് മുസ്‌ലിംകളെ ഭയന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ കഴിയുന്നതെന്നായിരുന്നു പരാമർശം.
ആ ദുരിതവും ദുഖവും അനുഭവിക്കുന്ന കേരളത്തിന് അകത്തും പുറത്തുമുള്ള ഒരുപാട് ആളുകൾ ഒന്നിച്ചു പോകണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചപ്പോൾ അത് തങ്ങൾ സ്വാഗതം ചെയ്തിരുന്നു. എങ്ങനെ യോജിച്ചു പോകണമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തെറ്റിച്ചത് മുസ്ലിം ലീഗാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. താൻ മുസ്ലിം വിരോധിയല്ല. മലപ്പുറം പരാമർശം വ്യാഖ്യാനിച്ച് തന്നെ വർഗീയ വാദിയാക്കുകയാണ് ചെയ്തതെന്നും മുസ്ലിം ലീഗിലെ വർഗീയതയാണ് എതിർക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആദ്യം മുതൽക്കേ എസ്.എൻ.ഡി.പി ഉയർത്തിയ വാദമാണ് നായാടി മുതൽ നമ്പൂതിരി വരെ എന്നുള്ളത്. നായർ-ഈഴവ ഐക്യം അനിവാര്യമാണ്. മറ്റു സമുദായങ്ങളുടെ അവകാശം പിടിച്ചു പറ്റാനല്ല. ലീഗ് നേതൃത്വം എസ്.എൻ.ഡി.പി യോഗത്തെ മുൻനിർത്തി സമരങ്ങൾ നടത്തി. നായർ-ഈഴവ ഐക്യത്തോട് ലീഗ് യോജിച്ചില്ല. അന്ന് ഉന്നയിച്ച സംവരണകാര്യം മുന്നോട്ട് പോയില്ല. സംവരണം പറഞ്ഞ് മുന്നോട്ട് കൊണ്ടുപോയി. എന്നാൽ താൻ ചതിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ബാക്കി എല്ലാവരും ഒന്നിക്കുമ്പോൾ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും ഒന്നിച്ചാൽ എന്താണ് പ്രശ്നം. നായാടി മുതൽ നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മക്ക് വേണ്ടി എല്ലാ ദൗത്യങ്ങളും എസ്.എൻ.ഡി.പി ഏറ്റെടുക്കും. എന്നാൽ നായാടി മുതൽ നസ്രാണി വരെയുള്ളവരിൽ മുസ്‌ലിംകളെ പരിഗണിക്കാത്തത് അതിന്റെ ആവശ്യമില്ലാത്തത് കൊണ്ടാണ്.
കേരളത്തിൽ ന്യൂനപക്ഷങ്ങൾ അനർഹമായത് വാങ്ങിക്കുന്നു എന്ന് പറഞ്ഞതിന്റെ പേരിൽ എ.കെ ആന്റണിയെ പുറത്ത് നിർത്തിയാതാരാണെന്ന് കേരളം കണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

