വിഷുവിന് ബി.ജെ.പി നേതാക്കളുടെ വീട്ടിൽ ക്രൈസ്തവർക്ക് ക്ഷണം; വിഷുക്കൈനീട്ടം നൽകി യാത്രയാക്കി
text_fieldsതിരുവനന്തപുരം: കേരളത്തിൽ ക്രൈസ്തവരുമായി ബന്ധം സ്ഥാപിക്കാൻ ഈസ്റ്റർ ദിനത്തിലെ സന്ദർശനത്തിന് പിന്നാലെ വിഷുവിന് ക്രൈസ്തവരെ വീടുകളിലേക്ക് ക്ഷണിച്ച് ബി.ജെ.പി. ‘സ്‌നേഹയാത്ര’ എന്നപേരിൽ ക്രിസ്ത്യൻ പുരോഹിതൻമാരെയും നേതാക്കളെയുമാണ് ബി.െജ.പി നേതാക്കളുടെ വീടുകളിലേക്ക് ക്ഷണിച്ചത്.
സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ വീട്ടിൽ വിഷു ദിനത്തിൽ പാസ്റ്റർ ജയൻ, ഫാ. ജയദാസ്, ഫാ. സാംകുട്ടി, ദലിത് ക്രിസ്ത്യൻ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡി.എസ്. രാജ്, സോമൻ മാസ്റ്റർ, ബാബുകുട്ടൻ വൈദ്യർ എന്നിവരെ ക്ഷണിച്ചു. അഡ്വ. എസ്. സുരേഷ്, ഭാര്യ അഡ്വ. അഞ്ജന ദേവി, മകൾ പ്രപഞ്ജന എന്നിവരോടൊപ്പം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണൻ, ജനപ്രതിനിധികളായ സുമോദ്, ശിവപ്രസാദ്, ബി.ജെ.പി പഞ്ചായത്ത് ഭാരവാഹികളായ ശ്യാംകുമാർ, മനോജ് എന്നിവർ ചേർന്ന് മധുരം നൽകി സ്വീകരിച്ചു.
ഭ്രൂണഹത്യ, സ്വവർഗ വിവാഹം പോലുള്ളവയെ ബൈബിൾ അംഗീകരിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് സ്വാഗതാർഹമാണന്നും പാസ്റ്റർ ജയൻ പറഞ്ഞു. അഡ്വ. എസ്. സുരേഷ് വിഷു കൈനീട്ടം നൽകിയ ശേഷമാണ് വൈദികരെ യാത്രയാക്കിയത്.
ക്രിസ്തുമസ്, ഈസ്റ്റർ ആശംസകളുമായി ബി.ജെ.പി നേതാക്കൾ ക്രിസ്ത്യൻ ഭവനങ്ങളും പുരോഹിതരേയും സന്ദർശിച്ച സ്നേഹ യാത്രയുടെ തുടർച്ചയാണിതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു.