വൈദികെൻറ നന്ദി പ്രകടനത്തിന് അരങ്ങൊരുക്കി ജുമാമസ്ജിദ്
text_fieldsവൈക്കം: മാനവസ്നേഹത്തിെൻറ കെടാവിളക്ക് കൊളുത്തി വെച്ചൂർ അൻസാറുൽ ഇസ്ലാം ജുമാമസ്ജിദ്. പ്രളയബാധിതർക്ക് സഹായമെത്തിച്ചവർക്ക് നന്ദിപറയാൻ വെച്ചൂർ അച്ചിനകം സെൻറ് മേരീസ് പള്ളി വികാരി സാനു പുതുശ്ശേരിയെത്തിയത് വെള്ളിയാഴ്ചത്തെ ജുമുഅ നമസ്കാരവേളയിലാണ്. ഏറെ നീളാതെ ജുമുഅ പ്രസംഗം ഇമാം അസ്ഹർ അൽഖാസിമി അവസാനിപ്പിച്ചു.
പിന്നീട് ജമാഅത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ വികാരിയെ പള്ളിയിലേക്ക് സ്വീകരിച്ചു. നമസ്കാരത്തിന് എത്തിയ ആളുകൾക്ക് മുന്നിൽ സംസാരിക്കാനും അവസരം കൊടുത്തു. പ്രളയകാലത്ത് ക്രൈസ്തവദേവാലയത്തിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വിവിധ പ്രദേശങ്ങളിൽ കൈമെയ്യ് മറന്ന് എത്തിച്ച സഹായത്തിന് നന്ദി അറിയിക്കാനാണ് വന്നതെന്ന് സൂചിപ്പിച്ചാണ് സാനു പുതുേശ്ശരി പ്രസംഗം തുടങ്ങിയത്.
‘മഹാപ്രളയത്തിനാണ് നാം സാക്ഷ്യംവഹിച്ചത്. പ്രളയം നമ്മളിൽനിന്ന് പലതും കവർന്നു. ആദ്യം നമ്മളിൽനിന്ന് കവർന്നത് പരസ്പരം അതിരുകെട്ടിത്തിരിച്ച മതിലുകൾ ആയിരുന്നു. മനസ്സിലെ അഹങ്കാരങ്ങളെയായിരുന്നു. ഞാൻ മാത്രം മതിയെന്ന കാഴ്ചപ്പാടുകളെയായിരുന്നു. എന്നാൽ, പ്രളയം നമ്മെ പഠിപ്പിച്ച ഒന്നായിരുന്നു സഹകരണം, പരസ്പരം ജാതിയും മതവും നോക്കാതെ, സമ്പത്തുനോക്കാതെ പരസ്പരം സ്നേഹിക്കാനും സമാധാനിപ്പിക്കാനും കഴിഞ്ഞു. കാലങ്ങളോളം കൈകോർത്തു മുന്നോട്ടുപോകാമെന്ന ഫാ. സാനുവിെൻറ വാക്കുകൾ മതമൈത്രിയുടെ വറ്റാത്ത മാതൃകയായി. പ്രളയക്കെടുതി രൂക്ഷമായ ഘട്ടത്തിൽ ജമാഅത്ത് ഭാരവാഹികളോട് സഹായം അഭ്യർഥിച്ച് വികാരിയുടെ വിളിയെത്തിയിരുന്നു. തുടർന്ന് ഭക്ഷ്യധാന്യങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം തുടങ്ങി ആവശ്യമായതെല്ലാം എത്തിച്ചുനൽകിയെന്ന് ജമാഅത്ത് സെക്രട്ടറി നവാസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
ഇമാം അസ്ഹർ അൽഖാസിമിയുമായും ജമാഅത്ത് ഭാരവാഹികളുമായി സൗഹൃദം പുതുക്കിയുമാണ് വികാരി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
