മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ ക്രൈസ്തവ സംഘടനയുടെ ഹരജി
text_fieldsകൊച്ചി: മുനമ്പം ഭൂമി വഖഫുമായി ബന്ധപ്പെട്ട ‘ഉമീദ്’ പോർട്ടലിൽ ഉൾപ്പെടുത്തിയതിനെതിരെ ഹൈകോടതിയിൽ ക്രൈസ്തവ സംഘടനയുടെ ഹരജി. വഖഫ് ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന ചട്ടം പാലിക്കാതെ ഒഴിച്ചിട്ടതടക്കം ചോദ്യം ചെയ്ത് അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവിസസ് (ആക്ട്സ്) ആണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജി അടുത്ത ദിവസം കോടതി പരിഗണിക്കും.
നിയമ വിരുദ്ധമായാണ് മുനമ്പത്തെ ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയതെന്ന് ഹരജിയിൽ പറയുന്നു. മുതവല്ലിയാണ് ഉമീദ് പോർട്ടലിൽ ഭൂമി ഉൾപ്പെടുത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കേണ്ടത്. മുനമ്പത്തെ ഭൂമിയിലെ താമസക്കാരിലേറെയും മുസ്ലിംകളല്ലാത്തവരാണ്. അതിനാൽ, പോർട്ടലിൽ ഉൾപ്പെടുത്തിയ നടപടി നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം.
നടപടി തെറ്റാണെന്ന് ഉത്തരവിടുകയും വേണം. രണ്ട് അംഗങ്ങളുടെ തസ്തിക ഒഴിച്ചിട്ട് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച നടപടി റദ്ദാക്കണം. രണ്ട് അമുസ്ലിം അംഗങ്ങളെ ഉൾപ്പെടുത്താതെയുള്ള പുനഃസംഘടന വഖഫ് നിയമത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു.
അതേസമയം, മുനമ്പത്തെ വഖഫ് ഭൂമി ചട്ടങ്ങൾക്ക് വിരുദ്ധമായി വിൽപന നടത്തിയതിനൊപ്പം പ്രദേശത്തെ സർക്കാർ പുറമ്പോക്കും റീ സർവേയിൽ ചേർത്ത് പട്ടയഭൂമിയാക്കി വൻ ക്രമക്കേട് നടത്തിയതായ രേഖകൾ പുറത്തുവന്നു. റവന്യു, റീസർവേ വകുപ്പുകളുടെ ഒത്താശയോടെ ആസൂത്രിത അഴിമതി നടന്നതായി തെളിയിക്കുന്ന വിവരാവകാശ രേഖകൾ സഹിതമുള്ള പരാതി മുഖ്യമന്ത്രി വി.ഡി സതീശന്‍റെയും വഖഫ് മന്ത്രി എൻ. ശംസുദ്ദീന്‍റെയും മുന്നിലെത്തി. രണ്ടാംഘട്ടമായി കൂടുതൽ തെളിവുകൾ സമർപ്പിക്കാനുള്ള നീക്കത്തിലാണ് പരാതിക്കാർ.
1998 ഡിസംബർ 19ലെ കച്ചവട ഉടമ്പടിയിലൂടെ, ഫാറൂഖ് കോളജ് ചുമതലപ്പെടുത്തിയ എറണാകുളത്തെ അഭിഭാഷകൻ പോൾ വഴി പല കാലങ്ങളിലായി നടത്തിയ വിൽപനയിൽ, സിദ്ദീഖ് സേട്ട് വഖഫായി നൽകിയ ഭൂമിക്ക് പുറമെ സർക്കാർ പുറമ്പോക്കും ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. പോളിന്‍റെ താൽപര്യപ്രകാരം പുറമ്പോക്ക് ഭൂമി കോളജിന്‍റെ പേരിൽ ചേർത്ത്, റീസർവേയിൽ വ്യാജ പട്ടയം ചമച്ച് പലർക്കായി വിറ്റുവെന്ന ഗുരുതര പരാതിയാണ് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

