ക്രൈസ്തവരുടെ വിവാഹമോചനം: ഹരജി നൽകാൻ ഒരു വർഷമാവണമെന്ന വ്യവസ്ഥ ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: ക്രൈസ്തവർക്ക് വിവാഹമോചനത്തിന് ഉഭയ സമ്മതപ്രകാരം ഹരജി നൽകാൻ വിവാഹം കഴിഞ്ഞ് ഒരു വർഷമാകണമെന്ന വ്യവസ്ഥ ഭരണഘടന വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്ന് വിലയിരുത്തി ഹൈകോടതി റദ്ദാക്കി.
ഈ വ്യവസ്ഥ പാലിച്ചില്ലെന്നാരോപിച്ച് വിവാഹ മോചന ഹരജി എറണാകുളം കുടുംബകോടതി തള്ളിയതിനെതിരെ ദമ്പതികൾ നൽകിയ ഹരജി അനുവദിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. ഇവരുടെ വിവാഹ മോചന ഹരജി രണ്ടാഴ്ചയ്ക്കകം പരിഗണിച്ച് തീരുമാനമെടുക്കാൻ കുടുംബകോടതിക്ക് നിർദേശം നൽകി. ക്രിസ്ത്യൻ മതാചാരപ്രകാരം കഴിഞ്ഞ ജനുവരി 30നാണ് ഹരജിക്കാർ വിവാഹിതരായത്.
ഒരുമിച്ചു ജീവിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ മേയ് 31ന് വിവാഹ മോചനത്തിന് ഹരജി നൽകി. ക്രിസ്ത്യാനികൾക്ക് ബാധകമായ വിവാഹമോചന നിയമത്തിലെ സെക്ഷൻ പത്ത് (എ) പ്രകാരം ഒരു വർഷം കഴിയാതെ ഹരജി നൽകാനാവില്ലെന്ന് വ്യക്തമാക്കി കുടുംബകോടതി ഹരജി തള്ളി. ഇതു ചോദ്യം ചെയ്താണ് ഹരജിക്കാർ ഹൈകോടതിയെ സമീപിച്ചത്. അപൂർവ സാഹചര്യങ്ങളിൽ ഈ കാലയളവിന് മുമ്പും ഹരജി പരിഗണിക്കാനാവുമെന്ന് സ്പെഷൽ മാര്യേജ് ആക്ടിലും ഹിന്ദു വിവാഹ നിയമത്തിലും പറയുന്നുണ്ട്. ഇതു ക്രിസ്ത്യാനികൾക്ക് ബാധകമല്ലെന്ന വിഷയമാണ് ഹൈകോടതി പരിഗണിച്ചത്.
അപൂർവ സാഹചര്യങ്ങളിലെങ്കിലും വിവാഹമോചനം നേടാൻ അവസരം നൽകണം. ഇതിനായി കോടതിയെപ്പോലും സമീപിക്കാനാവില്ലെന്ന സ്ഥിതി മൗലികാവകാശ ലംഘനമാണ്.
ഇതു കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും ഹൈകോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

