You are here

ഭൂമിക്ക്​ വ്യാജരേഖ: രണ്ടുപേർ കൂടി അറസ്‌റ്റിൽ

13:37 PM
11/05/2019
land-documents.

ആലുവ: ചൂർണിക്കരയിലെ ഭൂമി തരംമാറ്റാൻ വ്യാജരേഖയുണ്ടാക്കിയതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്‌റ്റ്‌ ചെയ്ത മുഖ്യ പ്രതികളായ ഇടനിലക്കാരൻ അബുവും ലാൻഡ്​​ റവന്യൂ കമീഷണറേറ്റ്​​ ഉദ്യോഗസ്​ഥൻ അരുണും റിമാൻഡിൽ. ഇവരെ കൂടാതെ രണ്ടു പേരെക്കൂടി പൊലീസ് അറസ്‌റ്റ് ചെയ്തു. ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായതിനെ തുടർന്നാണ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങും.

പ്രധാന പ്രതി കാലടി ശ്രീമൂലനഗരം ശ്രീഭൂതപുരം അപ്പേലി വീട്ടില്‍ അബൂട്ടി എന്ന അബു (43), ഇയാളെ സഹായിച്ച ലാൻഡ്​ റവന്യൂ കമീഷണർ ഓഫിസിലെ ഓഫിസ് അസിസ്‌റ്റൻറ് കരമന മേലാറന്നൂര്‍ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആര്യനാട് പാലോട് വാഴൂട്ട്ക്കാല കോട്ടയപ്പന്‍ കാവിന് സമീപം അരുണ്‍ നിവാസില്‍ അരുണ്‍ കുമാറും (34) വെള്ളിയാഴ്​ചയാണ്​ അറസ്​റ്റിലായത്. അബുവിനെ ഏഴാറ്റുമുഖത്ത് ഒളിവില്‍ താമസിക്കാന്‍ സഹായിച്ച ബന്ധുക്കളായ അഷറഫ്, റഷീദ് എന്നിവരെയാണ് ശനിയാഴ്​ച അറസ്‌റ്റ് ചെയ്തത്. 
ബന്ധുക്കളുടെ സഹായത്തോടെ ഒളിവിൽ കഴിഞ്ഞ അബുവിനെ പിടികൂടി ചോദ്യംചെയ്​തപ്പോഴാണ്​ അരുണ്‍കുമാറി​​​െൻറ ബന്ധം വെളിപ്പെട്ടത്. അബു തയാറാക്കിയ വ്യാജരേഖയിൽ സീൽ പതിച്ച് നൽകിയത് അരുണായിരുന്നു. അബുവി​​​െൻറ ബന്ധുവി​​​െൻറ സുഹൃത്താണ് അരുണ്‍. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്നാണ്  ഇയാളെ അറസ്‌റ്റ് ചെയ്തത്. ശനിയാഴ്ച അരുണിനെ ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച്​ ചോദ്യം ചെയ്​ത ശേഷമാണ്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്​തത്​. 

ഭൂമി തരംമാറ്റാൻ ഏഴു ലക്ഷം രൂപയാണ് അബു ഉടമ ഹംസയുടെ പക്കല്‍നിന്ന് കൈപ്പറ്റിയത്. റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ തയാറാക്കി പരിചയമുള്ള അബു അതി​​​െൻറ അടിസ്‌ഥാനത്തിലാണ് വ്യാജരേഖ നിർമിച്ചത്. ഓഫിസർ ഇല്ലാതിരുന്ന സമയത്താണ്​ അരുൺ സീൽ ദുരുപയോഗം ചെയ്​തതെന്നാണ്​ കണ്ടെത്തൽ. 30,000 രൂപയാണ് ഇതിന്​ അരുൺ വാങ്ങിയത്​. കസ്‌റ്റഡിയിലായ ശേഷം പൊലീസ് അബുവിനെ കൊണ്ട് റവന്യൂ ഭാഷയില്‍ ഉത്തരവുകള്‍ എഴുതിച്ച് ഈ കാര്യം ഉറപ്പ് വരുത്തി. വില്ലേജ് ഓഫിസർ, താലൂക്ക് ഓഫിസിലെ  ജീവനക്കാരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പൊലീസ് ഇവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചത്. 

അരുണി​േൻറത് ആശ്രിതനിയമനം; വ്യാജരേഖ ഔദ്യോഗികമാക്കി മാറ്റി സഹായം
ആലുവ: പിതാവി​​​െൻറ മരണത്തെ തുടർന്ന്​ ലാൻഡ്​ റവന്യൂ കമീഷണർ ഓഫിസിൽ ആശ്രിത നിയമനം ലഭിച്ചയാളാണ്​ ചൂർണിക്കര വ്യാജരേഖ നിർമാണ കേസിൽ അറസ്​റ്റിലായ ഓഫീസ്​ അസിസ്​റ്റൻറ്​ അരുൺകുമാർ. 26ാം വയസ്സില്‍ ജോലിയില്‍ പ്രവേശിച്ച അരുൺ കോണ്‍ഗ്രസ് അനുകൂല എന്‍.ജി.ഒ സംഘടനയുടെ ഭാരവാഹിയാണെന്ന്​ അന്വേഷണ ഉദ്യോഗസ്‌ഥർ പറഞ്ഞു. ഓഫ​​ിസിലെത്തി പഞ്ച് ചെയ്തശേഷം സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിലേക്ക് പോവുന്നത്​ പതിവാക്കിയ അരുൺ ജോലി സ്‌ഥലത്ത് സ്‌ഥിരമായി ഹാജരാകാറില്ലായിരുന്നുവെന്ന വിവരമാണ്​ പൊലീസിന്​ ലഭിച്ചത്​.

തിരുവനന്തപുരത്തെ ഡി.ടി.പി സ​​െൻററിൽ തയാറാക്കിയ ലാൻഡ്​ റവന്യൂ കമീഷണറുടെ വ്യാജ ഉത്തരവ് അബു അരുണിനെ ഏൽപിക്കുകയും അരുണ്‍ ഇത്​ യഥാർഥ സീലുകൾ പതിച്ച്​ ‘ഔദ്യോഗിക’ രേഖയാക്കി തിരിച്ചു നൽകുകയുമാണ്​ ചെയ്​തത്​. ലാൻഡ്​ റവന്യൂ കമീഷണര്‍ ഓഫിസിനകത്ത് കൊണ്ടുപോയി ഓഫിസ് സീലും  സീനിയര്‍ സൂപ്രണ്ടി​​​െൻറ പേരിലുള്ള മറ്റൊരു സീലും പതിച്ച്​ നൽകി. സൂപ്രണ്ട് ഉച്ചയൂണിന് പോയ സമയത്താണ് സീലുകൾ പതിച്ചതെന്നാണ് അറിയുന്നത്. ഈ വ്യാജ ഉത്തരവ് പിന്നീട് ചൂര്‍ണിക്കര വില്ലേജ് ഓഫിസിലും താലൂക്ക് ഓഫിസിലും സമർപ്പിക്കുകയായിരുന്നു. 

എന്നാല്‍, നേരായ മാര്‍ഗത്തിലൂടെയല്ലാതെ ഉത്തരവ് എത്തിയത് ഇവർക്ക് വിനയായി. ഇക്കാരണത്താൽ വില്ലേജ് ഓഫിസില്‍നിന്ന്  മടക്കുകയായിരുന്നു. ആര്‍.ഡി.ഒയുടെ ഉത്തരവ് വേണമെന്ന് പറഞ്ഞാണ്​ അത് ലഭിക്കില്ലെന്ന് അറിയാമായിരുന്ന അബു അതി​​​െൻറയും വ്യാജരേഖ തയാറാക്കി. പറവൂരിലെ ഡി.ടി.പി സ​​െൻററില്‍ ആർ.ഡി.ഒയുടെ വ്യാജ ഉത്തരവ്​ തയാറാക്കി കൈവശമുണ്ടായിരുന്ന പഴയ ഉത്തരവിലെ ഡിജിറ്റല്‍ സിഗ്​നേച്ചര്‍ വെട്ടി ഒട്ടിച്ച് ഫോട്ടോസ്‌റ്റാറ്റെടുത്താണ് രേഖയാക്കിയത്. 

വില്ലേജ് ഓഫിസില്‍ ഈ രേഖ നല്‍കിയെങ്കിലും ഒറ്റ നോട്ടത്തില്‍ തന്നെ വ്യാജരേഖയാണെന്ന് ഓഫിസര്‍ തിരിച്ചറിഞ്ഞതോടെ ആസൂത്രണം മുഴുവൻ പാളി. വില്ലേജ് ഓഫിസർ മേലധികാരികളെ വിവരം അറിയിച്ചശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ് അബുവും അരുൺകുമാറും പൊലീസ് പിടിയിലായത്. ആലുവ റൂറല്‍ എസ്.പി രാഹുല്‍.ആര്‍. നായരുടെയും അഡീഷനല്‍ എസ്.പി എം.ജെ. സോജ​​​െൻറയും നിർദേശ പ്രകാരം ഡിവൈ.എസ്.പി കെ.എ. വിദ്യാധരനാണ് കേസ് അന്വേഷിക്കുന്നത്​. ആലുവ സി.ഐ. സലീഷ്, എസ്.ഐ പി.കെ. മോഹിത്, എ.എസ്.ഐ സുരേഷ്, മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അബ്‌ദുൽ റഹ്​മാന്‍, സിജന്‍, റോണി, നിജു, സിവില്‍ പൊലീസ് ഓഫിസര്‍മാരായ നവാബ്, ഷെമീര്‍, ജെറി, ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

ചൂർണിക്കര വ്യാജരേഖ:  സീലുകൾ പതിച്ചുനൽകിയത് അരുൺകുമാർ
തിരുവനന്തപുരം: എറണാകുളം ജില്ലയിലെ ചൂര്‍ണിക്കര വില്ലേജിൽ 25 സ​​െൻറ് നിലംനികത്താനായി തയാറാക്കിയ വ്യാജ ഉത്തരവിൽ ലാന്‍ഡ് റവന്യൂ കമീഷണർ ഓഫിസിലെ സീല്‍ പതിപ്പിച്ചത് ഓഫിസ് അസിസ്​റ്റൻറ് അരുൺകുമാർ. വ്യാജ ഉത്തരവിലെ റൗണ്ട് സീലും നെയിം സീലും ലാൻഡ്​ കമീഷണർ ഓഫിസിലേതാ​െണന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. സീനിയർ സൂപ്രണ്ട് ശ്രീകുമാറി​​​െൻറ നെയിം സീലാണ് വ്യാജരേഖയിൽ ഉപയോഗിച്ചത്. കമീഷണർ യു.വി. ജോസ് നടത്തിയ അന്വേഷണത്തിലാണ്​ ഇക്കാര്യം വ്യക്​തമായത്​. അദ്ദേഹം റവന്യൂ മന്ത്രിക്ക് നൽകിയ ഇടക്കാല റിപ്പോർട്ടിൽ സീൽ രണ്ടും യഥാർഥത്തിലുള്ളതാണെന്ന്​ വ്യക്​തമാക്കിയിരുന്നു. തുടർന്നാണ്​ ഇക്കാര്യം അന്വേഷിക്കാൻ പൊലീസിൽ പരാതി നൽകിയത്. 

മുൻ സർക്കാറി​​​െൻറ കാലത്ത് അഞ്ചുവർഷം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണ​​​െൻറ പേഴ്സനൽ സ്​റ്റാഫിൽ അംഗമായിരുന്നു അരുൺകുമാർ. ഭരണം മാറിയപ്പോഴാണ് കമീഷണർ ഓഫിസിൽ അസിസ്​റ്റൻറായി എത്തിയത്. അവിടെ വിവിധ സെക്​ഷനുകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു. വ്യാജരേഖ തയാറാക്കിയ അബുവിനെ ചോദ്യംചെയ്തതോടെയാണ് ലാൻഡ് കമീഷണർ ഓഫിസിലെ ഉദ്യോഗസ്ഥബന്ധം തെളിഞ്ഞത്. വെള്ളിയാഴ്ച രാവിലെ ആലുവ പൊലീസ് അരുൺകുമാറിനെ തേടി ഓഫിസിലെത്തി.

എന്നാൽ, ഓഫിസിൽ അരുൺ എന്ന പേരിൽ അഞ്ച്​  ജീവനക്കാരുണ്ടായിരുന്നു. അതിൽ നാലുപേരും  ക്ലർക്കുമാരായിരുന്നു. പ്രാഥമിക വിവരങ്ങൾ തിരക്കിയശേഷം പൊലീസ് മടങ്ങി. പിന്നീട് എത്തിയത് അരുൺകുമാറി​​​െൻറ ഫോട്ടോയുമായാണ്. അപ്പോഴേക്കും അരുൺകുമാർ പൂജപ്പുര ഗവ. ക്വാർട്ടേഴ്സിലേക്ക് പോയിരുന്നു. കഴിഞ്ഞ സർക്കാറി​​​െൻറ കാലത്താണ് അരുണിന് ഗവ. ക്വാർട്ടേഴ്സ് ലഭിച്ചത്. എൻ.ജി.ഒ അസോസിയേഷൻ അംഗം ആയതിനാലാണ് മന്ത്രി തിരുവഞ്ചൂരി​​​െൻറ പേഴ്സനൽ സ്​റ്റാഫിൽ അംഗമായത്. 

 

അബു നാലാം പ്രതി; ആദ്യപ്രതികൾ ഹംസയും കുടുംബവും
ആ​ലു​വ: ചൂ​ര്‍ണി​ക്ക​ര വ്യാ​ജ​രേ​ഖ നി​ര്‍മാ​ണ​ക്കേ​സി​ൽ ഭൂ​വു​ട​മ തൃ​ശൂ​ര്‍ മ​തി​ല​ക​ത്ത് മൂ​ളം​പ​റ​മ്പി​ല്‍ ഹം​സ​യെ ഒ​ന്നാം പ്ര​തി​യാ​ക്കി​യാ​ണ്​ പൊ​ലീ​സ്​ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന പ്ര​തി​യാ​യ ഇ​ട​നി​ല​ക്കാ​ര​ൻ അ​ബു നി​ല​വി​ൽ നാ​ലാം പ്ര​തി​യാ​ണ്. എ​ന്നാ​ൽ, ഹം​സ​യെ പൊ​ലീ​സ് മാ​പ്പു​സാ​ക്ഷി​യാ​ക്കാ​ൻ ഇ​ട​യു​ണ്ടെ​ന്നാ​ണ്​ സൂ​ച​ന​ക​ൾ. ഹം​സ​യു​ടെ മ​ക​ള്‍ ഇ​പ്പോ​ൾ ര​ണ്ടാം പ്ര​തി​യും ഭാ​ര്യ മൂ​ന്നാം പ്ര​തി​യു​മാ​ണ്. സ​ര്‍ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​രു​ണ്‍ അ​ഞ്ചാം പ്ര​തി​യാ​ണ്. ഹം​സ​യെ മാ​പ്പു​സാ​ക്ഷി​യാ​ക്കി​യാ​ൽ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കു​മ്പോ​ള്‍ ഒ​ന്നാം പ്ര​തി​യാ​യി അ​ബു​വും ര​ണ്ടാം പ്ര​തി​യാ​യി അ​രു​ണും വ​രാ​നാ​ണ് സാ​ധ്യ​ത. സ്ഥ​ലം ഉ​ട​മ​ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രും ഹം​സ​യോ​ടൊ​പ്പം  മാ​പ്പു​സാ​ക്ഷി​ക​ളാ​യേ​ക്കും. പൊ​ലീ​സ് ഹം​സ​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ഭൂ​മി ത​രം മാ​റ്റാ​ൻ സ​ഹാ​യം തേ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്നാ​ണ് മൊ​ഴി ന​ൽ​കി​യ​ത്. ഇ​തി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന പ്ര​തി​ക​ളാ​യ അ​ബു​വി​ലേ​ക്കും അ​രു​ണി​ലേ​ക്കും അ​ന്വേ​ഷ​ണം എ​ത്തി​യ​ത്. വ്യാ​ജ​രേ​ഖ നി​ർ​മി​ച്ച കാ​ര്യം അ​റി​യി​ല്ലെ​ന്നും ഹം​സ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. 

സ​ഹോ​ദ​ര​നൊ​പ്പ​മാ​ണ് ഹം​സ വ​ര്‍ഷ​ങ്ങ​ള്‍ക്കു​മു​മ്പ്​ ഭൂ​മി വാ​ങ്ങി​യ​ത്. സ​ഹോ​ദ​ര​ന് പ​ണം ന​ല്‍കി​യ​ശേ​ഷം ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഹം​സ​യും കു​ടും​ബ​വും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 1994-95 കാ​ല​ത്ത് ഭൂ​മി നി​ക​ത്തി ഗോ​ഡൗ​ണ്‍ നി​ർ​മി​ച്ചു. പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ള്‍ മൊ​ത്ത​മാ​യും ചി​ല്ല​റ​യാ​യും വി​ല്‍ക്കു​ന്ന വ​ൻ​കി​ട ക​ച്ച​വ​ട സ്ഥാ​പ​ന​മാ​ണ് ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
 

 

Loading...
COMMENTS