ചൂരൽമല പുനർനിർമാണം: നടക്കുന്നത് തെറ്റായ പ്രചാരണങ്ങളെന്ന് മന്ത്രി കെ. രാജൻ
text_fieldsകോട്ടയം: ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണത്തിനെതിരേ ചിലരുയർത്തുന്ന തെറ്റായ പ്രചാരണങ്ങൾ സർക്കാരിന്റെ പ്രവർത്തനങ്ങളെ കരിവാരിത്തേക്കാൻ എഴുതിത്തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദുരിതബാധിത കുടുംബങ്ങൾക്ക് സുരക്ഷിതവും അന്തസ്സുള്ളതും സമഗ്രവുമായ പുനരധിവാസം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ദൃഢനിശ്ചയത്തിന് അടിവരയിടുന്നതാണ് ഈ പദ്ധതി.
ഉരുൾപൊട്ടലിന്റെ ഒന്നാം വാർഷികത്തിൽ കേരള സർക്കാർ മാതൃകാ ടൗൺഷിപ്പ് പദ്ധതിയുടെ ആദ്യ മാതൃകാഭവനം അനാച്ഛാദനം ചെയ്തു. ഇത് ഒരു നാഴികക്കല്ല് മാത്രമല്ല, ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്ന അനുകമ്പ, സാങ്കേതിക മികവ്, ഉത്തരവാദിത്തം എന്നിവയുടെ വിജയവുമാണ്.
ദീർഘവീക്ഷണമുള്ളതും സംയോജിതവുമായ മോഡൽ ടൗൺഷിപ്പ് പരമ്പരാഗത ഭവനപദ്ധതികളിൽനിന്ന് വ്യത്യസ്തമായാണ് ഒരുക്കിയിട്ടുള്ളത്. അങ്കണവാടി, ആരോഗ്യകേന്ദ്രം, ഓപ്പൺ എയർ തിയേറ്റർ, മാർക്കറ്റ്, കമ്മ്യൂണിറ്റി സെന്റർ കം ദുരന്ത നിവാരണ അഭയകേന്ദ്രം, മെറ്റീരിയൽ കളക്ഷൻ സൗകര്യം, ദുരന്തത്തിൽ നഷ്ടപ്പെട്ടവർക്കുള്ള സ്മാരകം തുടങ്ങിയ സൗകര്യങ്ങളുടെ പിന്തുണയുള്ള 410 വീടുകളാണ് നിർമിക്കുന്നത്.
സെവൻസ് ഫുട്‌ബോൾ ഗ്രൗണ്ട്. പൊതു ഇടങ്ങൾ, റോഡുകൾ, ചെക്ക് ഡാം പാലങ്ങൾ, കലുങ്കുകൾ, പൊതു ശൗചാലയങ്ങൾ, തെരുവുവിളക്കുകൾ തുടങ്ങിയ ദീർഘകാല സൗകര്യങ്ങൾ ഇവിടെയുണ്ട്. പാരിസ്ഥിതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് ടൗൺഷിപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ടൗൺഷിപ്പിലുള്ള റോഡുകൾക്കാകെ 11 കിലോമീറ്ററിലധികം നീളമുണ്ട്. 7.5 ലക്ഷം ലിറ്റർ ഭൂഗർഭ സംഭരണി, 2.5 ലക്ഷം ലിറ്റർ ഓവർഹെഡ് ടാങ്ക് എന്നിവയിലൂടെ ജലലഭ്യത ഉറപ്പാക്കുന്നു.
ഏഴു സെന്റ് സ്ഥലത്ത് 1000 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീടുകൾ നിർമിച്ചിരിക്കുന്നത്. സിറ്റൗട്ട്, ലിവിങ് ആൻഡ് ഡൈനിംഗ് ഏരിയ, രണ്ടു കിടപ്പുമുറികൾ, രണ്ട് ബാത്ത് റൂമുകൾ, അടുക്കള, വർക്ക് ഏരിയ, പഠനത്തിനുള്ള സ്ഥലം എന്നിവയുണ്ട്. അഞ്ചു മുതൽ 20 വർഷം വരെ വാറണ്ടിയുള്ള സാമഗ്രികളാണ് നിർമാണത്തിനുപയോഗിച്ചിരിക്കുന്നത്. എല്ലാ വീടുകൾക്കും അഞ്ചു വർഷത്തെ സിവിൽ, മൂന്നുവർഷത്തെ എം.ഇ.പി ഡിഫക്ട് ലയബിലിറ്റി വാറന്റിയുമുണ്ട്.
പദ്ധതി നടപ്പാക്കാൻ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ എസ്. സുഹാസിന്റെ നേതൃത്വത്തിൽ ഒരു പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂനിറ്റ് പ്രവർത്തിക്കുന്നു. നിർമാണത്തിന്റെ ഓരോ ഘട്ടത്തിനും ലൈസൻസുള്ള എഞ്ചിനീയർമാർ മേൽനോട്ടം വഹിക്കുന്നു. ഓരോ നിർമാണ സാമഗ്രികളും അംഗീകൃത ലാബുകളിൽ പരിശോധനയ്ക്ക് വിധേയമാക്കും.
വീടുകളുടെ നിർമാണച്ചെലവിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ചിലർ ഉന്നയിക്കുന്നത്. ഡി.എസ്.ആർ 2021 മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള സാങ്കേതിക എസ്റ്റിമേറ്റിൽ ഒരു വീടിന് 31.5 ലക്ഷം രൂപയാണ് (ജി.എസ്.ടി ഒഴികെ) ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന് ഒരു വീടിന് 22 ലക്ഷം രൂപ (ജി.എസ്.ടി ഒഴികെ) എന്ന നിരക്കിലാണ്. അതായത് സാങ്കേതിക എസ്റ്റിമേറ്റിൽനിന്ന് 30 ശതമാനം കുറവിലാണ് കരാർ നൽകിയത്.
പൂർത്തിയായ മാതൃകാ വീട് സന്ദർശിച്ച ഗുണഭോക്താക്കൾ ഒന്നടങ്കം നിർമാണ ഗുണനിലവാരം, രൂപകൽപ്പന, സൗകര്യങ്ങൾ എന്നിവയേക്കുറിച്ച് മികച്ച പ്രതികരണമാണ് പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

