ക്രിസ്മസ് ആഘോഷ വിലക്ക്: സ്കൂളുകളെ വർഗീയ പരീക്ഷണശാല ആക്കരുത് -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്നും ചില സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ ക്രിസ്മസ് ആഘോഷം വിലക്കിയെന്ന വാർത്ത ഗൗരവത്തിലാണ് സർക്കാർ കാണുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണിത്. മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യനെ വിഭജിക്കുന്ന ഉത്തരേന്ത്യൻ മോഡൽ ഇവിടെ അനുവദിക്കില്ല. ജാതി-മത ചിന്തകൾക്കപ്പുറം ഒന്നിച്ച് പഠിച്ച് വളരുന്ന വിദ്യാലയങ്ങളിൽ വേർതിരിവിന്റെ വിഷവിത്ത് പാകാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഓണവും ക്രിസ്മസും പെരുന്നാളും വിദ്യാലയങ്ങളിൽ ഒരുപോലെ ആഘോഷിക്കുന്നതാണ്. പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും കുട്ടികൾ പഠിക്കുന്നത് ഇത്തരം ഒത്തുചേരലിലൂടെയാണ്. രാഷ്ട്രീയ, വർഗീയ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ഇടമായി വിദ്യാലയങ്ങളെ മാറ്റാൻ ശ്രമിച്ചാൽ കർശന നടപടിയുണ്ടാകും. ഒരു വിഭാഗത്തിന്റെ ആഘോഷങ്ങൾ വിലക്കുന്നത് വിവേചനമാണ്. അത് വെച്ചുപൊറുപ്പിക്കില്ല. വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലെ അവധിക്കാല നിർബന്ധിത ക്ലാസുകൾ ഒഴിവാക്കണം. നീണ്ട അധ്യയന വർഷത്തെ പഠനഭാര ശേഷം കുട്ടികൾക്ക് ലഭിക്കുന്ന ആശ്വാസമാണ് ഈ ഇടവേള. അത് മാനസിക സമ്മർദങ്ങളില്ലാതെ കുടുംബത്തോടൊപ്പം ചെലവഴിച്ച് ആഘോഷിക്കാനാവണം. പഠനമികവിനൊപ്പം തന്നെ കുട്ടികളുടെ മാനസികാരോഗ്യവും ഗൗരവത്തിൽ കാണണം. കുട്ടികളുടെ അവകാശങ്ങൾ നിഷേധിച്ച്, അവധിക്കാലത്ത് നിർബന്ധിത ക്ലാസുകൾ അടിച്ചേൽപിക്കരുതെന്ന് എല്ലാ സ്കൂൾ അധികൃതരോടും അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

