ചെങ്ങോടുമല സമരസമിതി നേതാവിന് ഡി.വൈ.എഫ്.ഐ മർദനം
text_fieldsകൂട്ടാലിട: കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ നാലാം വാർഡ് കൺവീനർ അരീക്കര ദിലീഷിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ വീട്ടിൽ കയറി മർദിച്ചതായി പരാതി. ബുധനാഴ്ച രാത്രി 8.30തോടെയാണ് സംഭവം. അയൽവാസിയായ പുവ്വത്തുംചോലയിൽ അരുണിെൻറ വീട്ടിലിരിക്കുമ്പോഴാണ് മർദനമേറ്റത്. തടയാൻ ശ്രമിച്ച അരുണിനും മർദനമേറ്റു. ഇരുവരും പേരാമ്പ്ര താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ചെങ്ങോടുമല സമരവുമായി ബന്ധപ്പെടുത്തി കൂട്ടാലിടയിലെ സി.പി.എം നേതാവിനെതിരെ ചില ആരോപണങ്ങൾ നോട്ടീസിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ദിലീഷിെൻറ നേതൃത്വത്തിലാണെന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐക്കാർ മർദിച്ചതെന്നും എന്നാൽ നോട്ടീസുമായി ഒരു ബന്ധവുമില്ലെന്നും ദിലീഷ് പറഞ്ഞു.
ചെങ്ങോടുമല ഖനനവുമായി ബന്ധപ്പെട്ട് സർക്കാറിനെതിരെ നിരവധി സമരങ്ങൾ നാലാം വാർഡ് കമ്മിറ്റി നടത്തിയിരുന്നു. ഇതിെൻറ വൈരാഗ്യമാണ് ഡി.വൈ.എഫ്.ഐക്കെന്ന് നാലാം വാർഡ് ആക്ഷൻ കൗൺസിൽ ആരോപിച്ചു.
