ചിറ്റയം ഗോപകുമാർ സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി; എ.പി. ജയൻ ജില്ല കമ്മിറ്റിയിൽ
text_fieldsകോന്നി: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനെ സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിൽ വിഭാഗീയത രൂക്ഷമായിരിക്കെ, സമവായമെന്ന നിലയിൽ സംസ്ഥാന നേതൃത്വത്തിന്‍റെ ഇടപെടലിലാണ് ചിറ്റയം ജില്ല നേതൃത്വത്തിലേക്കെത്തിയത്.
അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ പാർട്ടി നടപടി നേരിട്ട മുൻ ജില്ല സെക്രട്ടറി എ.പി. ജയൻ ജില്ല കമ്മിറ്റിയിൽ തിരിച്ചെത്തി. കഴിഞ്ഞ സമ്മേളനത്തിൽ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എ.പി. ജയനെ അനധികൃത സ്വത്ത് സമ്പാദന പരാതി ഉയർന്നതോടെ ഒന്നരവർഷത്തിനുശേഷം സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു. പകരം മുല്ലക്കര രത്നാകരന് ചുമതല നൽകി. എന്നിട്ടും വിഭാഗീയപ്രവർത്തങ്ങൾക്ക് അറുതിയുണ്ടായില്ല. ഇതിനിടെ മുല്ലക്കരയുടെ അഭ്യർഥന മാനിച്ച് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി. പകരം കോട്ടയം ജില്ലയിൽനിന്നുള്ള സംസ്ഥാന നേതാവ് സി.കെ. ശശിധരനെ താൽക്കാലിക ജില്ല സെക്രട്ടറിയായി നിയമിച്ചിരിക്കുകയായിരുന്നു.
ഇതിനൊടുവിലാണ് മുതിർന്ന നേതാവും അടൂര്‍ എം.എൽ.എയുമായ ചിറ്റയം പത്തനംതിട്ട ജില്ല നേതൃത്വത്തിലേക്കെത്തുന്നത്. മത്സരം ഒഴിവാക്കാൻകൂടി ലക്ഷ്യമിട്ടാണ് ചിറ്റയം ഗോപകുമാറിന്‍റെ പേര് സെക്രട്ടറി സ്ഥാനത്തേക്ക് സംസ്ഥാനനേതൃത്വം നിർദേശിച്ചത്. മണിക്കൂറുകളോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലായിരുന്നു തീരുമാനം. സമ്മേളനം ഇത് ഐക്യകണ്ഠേന അംഗീകരിക്കുകയായിരുന്നു.
ഭാരിച്ച ഉത്തരവാദിത്തമാണ് ഇതെന്നും കൃത്യമായി നിറവേറ്റുമെന്നും ചിറ്റയം മാധ്യമങ്ങളോട് പറഞ്ഞു. ജില്ലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2011 മുതല്‍ അടൂർ എം.എല്‍.എയാണ് ചിറ്റയം ഗോപകുമാർ. സമ്മേളനത്തിൽ 45അംഗ ജില്ല കൗണ്‍സിലും രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

